Top Spec

The Top-Spec Automotive Web Portal in Malayalam

റെപ്സോള്‍ ഹോണ്ട ടീം എഡിഷനില്‍ ഹോണ്ട ഗ്രാസിയ 125

ഗുരുഗ്രാം എക്‌സ് ഷോറൂം വില 87,138 രൂപ

ഹോണ്ട ഗ്രാസിയ 125 സ്‌കൂട്ടറിന്റെ റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 87,138 രൂപയാണ് ഗുരുഗ്രാം എക്‌സ് ഷോറൂം വില. സ്പെഷല്‍ എഡിഷന്‍ സ്‌കൂട്ടറിന്റെ ഡിസൈന്‍, ഗ്രാഫിക്സ്, ബ്രൈറ്റ് ഓറഞ്ച് വീല്‍ റിമ്മുകള്‍ എന്നിവ റെപ്സോള്‍ ഹോണ്ട റേസിംഗ് ടീമിന്റെ റേസിംഗ് മെഷീനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നല്‍കിയതാണ്.

ഇന്ത്യയിലെ റേസിംഗ് പ്രേമികള്‍ക്കായി ഹോണ്ട ഗ്രാസിയ 125 റെപ്‌സോള്‍ ഹോണ്ട ടീം എഡിഷന്‍ അനാവരണം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) എംഡി, പ്രസിഡന്റ്, സിഇഒ അറ്റ്‌സുഷി ഒഗാത്ത പ്രസ്താവിച്ചു. ഹോണ്ട ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ അനാവരണം ചെയ്യുന്നതിലൂടെ റേസിംഗ് ആവേശം പടരുകയാണെന്നും മോട്ടോജിപി ആരാധകരുടെ താല്‍പ്പര്യം പിടിച്ചുപറ്റാന്‍ സ്‌കൂട്ടറിന് കഴിയുമെന്നും എച്ച്എംഎസ്‌ഐ വില്‍പ്പന, വിപണന വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. കൂടുതല്‍ സ്പോര്‍ട്ടി ലുക്ക്, സ്മാര്‍ട്ട് ഗ്രാഫിക്‌സ് സഹിതം സവിശേഷമായ ഓറഞ്ച്, റെഡ്, വൈറ്റ് കളര്‍ സ്‌കീം, സ്പോര്‍ട്ടി എന്‍ജിന്‍ എന്നിവ റേസിംഗ് പ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ച പാക്കേജാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകടനവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ (പിജിഎം-എഫ്ഐ) എന്‍ജിന്‍ കൂടാതെ ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) എന്നിവ സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകളാണ്. എല്‍ഇഡി ഡിസി ഹെഡ്‌ലാംപ്, മള്‍ട്ടി ഫംഗ്ഷന്‍ സ്വിച്ച്, ഇന്റഗ്രേറ്റഡ് പാസിംഗ് സ്വിച്ച്, എന്‍ജിന്‍ കട്ട് ഓഫ് സഹിതം സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇന്റലിജന്റ് ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, പിന്നില്‍ 3 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ സസ്പെന്‍ഷന്‍, മുന്നില്‍ ടെലിസ്‌കോപിക് സസ്പെന്‍ഷന്‍ എന്നിവയും നല്‍കി.