Top Spec

The Top-Spec Automotive Web Portal in Malayalam

പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയ്‌നുമായി പുതിയ വോള്‍വോ എക്‌സ്‌സി90

എക്‌സ് ഷോറൂം വില 89.90 ലക്ഷം രൂപ

2021 വോള്‍വോ എക്‌സ്‌സി90 മൈല്‍ഡ് ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്വീഡിഷ് കാര്‍ നിര്‍മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ പുതിയ പതിപ്പിന് 89.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ പവര്‍ട്രെയ്ന്‍ കൂടാതെ നിരവധി പുതിയ ഫീച്ചറുകള്‍ സഹിതമാണ് 2021 വോള്‍വോ എക്‌സ്‌സി90 വരുന്നത്.

നീളമേറിയ ബോണറ്റിന് കീഴില്‍, ഇപ്പോള്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെ 48 വോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍ കൂടി പ്രവര്‍ത്തിക്കും. ആകെ പരമാവധി 296 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഡ്യൂട്ടി കൈകാര്യം ചെയ്യുന്ന 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നത്.

മെക്കാനിക്കല്‍ പരിഷ്‌കാരങ്ങള്‍ കൂടാതെ, പുതിയകാല ഫീച്ചറുകള്‍ കൂടി ഇപ്പോള്‍ നല്‍കിയിരിക്കുന്നു. എയര്‍ പ്യൂരിഫയര്‍, മുന്‍ നിരയില്‍ മസാജ് ഫംഗ്ഷനോടുകൂടിയ ഹീറ്റഡ് സീറ്റുകള്‍, 19 സ്പീക്കറുകള്‍ സഹിതം ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് സ്റ്റീരിയോ സിസ്റ്റം, ക്രിസ്റ്റല്‍ ഗിയര്‍ നോബ്, ലംബമായി സ്ഥാപിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. മറൂണ്‍ ബ്രൗണ്‍ ആന്‍ഡ് ആംബര്‍ അപ്ഹോള്‍സ്റ്ററിയില്‍ 7 സീറ്റര്‍ ലക്ഷ്വറി എസ്‌യുവി ലഭിക്കും.

അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും കൊളീഷന്‍ മിറ്റിഗേഷന്‍ സപ്പോര്‍ട്ട്, ക്രോസ് ട്രാഫിക് അലര്‍ട്ട് സഹിതം ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയതിനാല്‍ യാത്രികര്‍ക്ക് ഉയര്‍ന്ന സുരക്ഷ ലഭ്യമായിരിക്കും.

ഓണിക്‌സ് ബ്ലാക്ക്, ഡെനിം ബ്ലൂ, പൈന്‍ ഗ്രേ, വൈറ്റ് പേള്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പുതിയ വോള്‍വോ എക്‌സ്‌സി90 ലഭിക്കും. ഇന്ത്യയില്‍ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ്, ബിഎംഡബ്ല്യു എക്‌സ്7, റേഞ്ച് റോവര്‍ വെലാര്‍ എന്നിവയാണ് എതിരാളികള്‍.