Top Spec

The Top-Spec Automotive Web Portal in Malayalam

സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ്; ഡുകാറ്റിയുടെ വിശേഷാല്‍ പ്രതി

ഇന്ത്യ എക്സ് ഷോറൂം വില 10.99 ലക്ഷം രൂപ

ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന് 10.99 ലക്ഷം രൂപയാണ് ഇന്ത്യ എക്സ് ഷോറൂം വില. ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് മോഡലിന്റെ ഈ സ്‌പെഷല്‍ വേരിയന്റ് ആഗോളതലത്തില്‍ 800 യൂണിറ്റ് മാത്രമാണ് നിര്‍മിക്കുന്നത്.

ഡുകാറ്റി സ്‌ക്രാംബ്ലര്‍, അമേരിക്കന്‍ വസ്ത്ര ബ്രാന്‍ഡായ ഫാസ്റ്റ്ഹൗസ് എന്നിവ തമ്മിലുള്ള സഹകരണത്തിലൂടെ പിറവിയെടുത്തതാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിള്‍. സ്റ്റാന്‍ഡേഡ് ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് അടിസ്ഥാനമാക്കിയാണ് ഫാസ്റ്റ്ഹൗസ് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. അതേസമയം, മിന്റ് 400 ബൈക്കുകളിലെ ഗ്രാഫിക്സ് പ്രയോജനപ്പെടുത്തി പ്രത്യേക ലിവറി നല്‍കിയത് ഈ പതിപ്പിനെ സ്റ്റാന്‍ഡേഡ് മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കും.

കറുപ്പും ചാരനിറവും ഉള്‍പ്പെടുന്ന പെയിന്റ്‌ജോബ്, ഫാസ്റ്റ്ഹൗസ്, ഡുകാറ്റി സ്‌ക്രാംബ്ലര്‍ ലോഗോകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌റ്റൈലിംഗ് സൂചകങ്ങള്‍. ഫ്രെയിമിന് ‘ഡുകാറ്റി റെഡ്’ ഫിനിഷ് ലഭിച്ചു. ആകെ നിര്‍മിക്കുന്ന 800 ബൈക്കുകളില്‍ ഓരോന്നിന്റെയും നമ്പര്‍ രേഖപ്പെടുത്തിയ അലുമിനിയം പ്ലേറ്റ് കൂടി നല്‍കിയിരിക്കുന്നു.

സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ മാത്രം നല്‍കിയാണ് ഫാസ്റ്റ്ഹൗസ് എഡിഷന്‍ വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റാന്‍ഡേഡ് ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് മോട്ടോര്‍സൈക്കിളിന് സമാനമാണ് മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍. അതായത്, 803 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കുന്നു. ക്രമീകരിക്കാവുന്ന കയാബ സസ്‌പെന്‍ഷന്‍, നീക്കം ചെയ്യാവുന്ന റബ്ബര്‍ പാഡുകള്‍ സഹിതം ഓഫ് റോഡ് പ്രചോദിത ഫൂട്ട് പെഗുകള്‍, കറുത്ത സ്പോക്ക്ഡ് വീലുകള്‍ (മുന്നില്‍ 19 ഇഞ്ച് /പിന്നില്‍ 17 ഇഞ്ച്) എന്നിവ ഉള്‍പ്പെടെ സ്റ്റാന്‍ഡേഡ് ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് മോട്ടോര്‍സൈക്കിളിന് സമാനമാണ് ഹാര്‍ഡ്‌വെയര്‍.