Top Spec

The Top-Spec Automotive Web Portal in Malayalam

ബിവൈഡി ഇ6 ഇലക്ട്രിക് എംപിവി ഇന്ത്യയില്‍

എക്‌സ് ഷോറൂം വില 29.15 ലക്ഷം രൂപ മുതല്‍

ഇന്ത്യന്‍ വിപണിയില്‍ ബിവൈഡി ഇ6 എന്ന ഓള്‍ ഇലക്ട്രിക് എംപിവി (മള്‍ട്ടി പര്‍പ്പസ് വാഹനം) അവതരിപ്പിച്ചു. ആഗോളതലത്തില്‍ ഇതിനകം വിജയം വരിച്ച ബിവൈഡി ഇ6 ഇന്ത്യയില്‍ പ്രധാനമായും ബി2ബി വിപണിയാണ് ലക്ഷ്യമാക്കുന്നത്. 7 കിലോവാട്ട് ചാര്‍ജര്‍ ഉള്‍പ്പെടെ 29.60 ലക്ഷം രൂപയും ചാര്‍ജറില്ലാതെ 29.15 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, മുംബൈ, അഹമ്മദാബാദ്, ഡെല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളില്‍ ബിവൈഡി ഇ6 വാങ്ങാന്‍ കഴിയും. വാഹനത്തിന് മൂന്ന് വര്‍ഷം/1,25,000 കിമീ, ബാറ്ററിക്ക് എട്ട് വര്‍ഷം/5,00,000 കിമീ, ട്രാക്ഷന്‍ മോട്ടോറിന് എട്ട് വര്‍ഷം/5,00,000 കിമീ എന്നിങ്ങനെ വാറന്റി ലഭിക്കും.

പുതു തലമുറ 71.7 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബ്ലേഡ് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ നഗരവീഥികളില്‍ 520 കിലോമീറ്ററും മറ്റിടങ്ങളില്‍ 415 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. പൂര്‍ണ ചാര്‍ജില്‍ രാജ്യത്ത് ഒരു ഇലക്ട്രിക് മള്‍ട്ടി പര്‍പ്പസ് വാഹനവും ഇത്ര ദൂരം സഞ്ചരിക്കില്ല. പരമാവധി 95 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 70 കിലോവാട്ട് ഔര്‍ ഇലക്ട്രിക് മോട്ടോര്‍. മണിക്കൂറില്‍ 130 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് വഴി 35 മിനിറ്റില്‍ 30 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും.

ബോഷിന്റെ ഏറ്റവും പുതിയ ഐപിബി ഇന്റലിജന്റ് ബ്രേക്ക് കണ്‍ട്രോള്‍ സിസ്റ്റം, ഭാരം കുറഞ്ഞതും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതുമായ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ഘടകങ്ങള്‍, ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാരനുമായി എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോമാറ്റിക് ഡോര്‍ ലോക്കിംഗ് സംവിധാനം, റിയര്‍വ്യൂ കാമറ, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പിറകില്‍ എല്‍ഇഡി കോമ്പിനേഷന്‍ ലാംപുകള്‍, തുകല്‍ സീറ്റുകള്‍, ബ്ലൂടൂത്ത് & വൈഫൈ കണക്റ്റിവിറ്റിയോടെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സിഎന്‍95 എയര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം എന്നിവ സവിശേഷതകളാണ്. മുന്നില്‍ മക്‌ഫേഴ്‌സണ്‍ സ്ട്രട്ട് സസ്‌പെന്‍ഷനും പിന്നില്‍ മള്‍ട്ടിലിങ്ക് സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നു.

ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ബിവൈഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വിഭാഗം മേധാവി ശ്രീരംഗ് ജോഷി പറഞ്ഞു. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ വലിയ പങ്ക് വഹിക്കുകയാണ് ലക്ഷ്യമെന്ന് ബിവൈഡി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ കെറ്റ്‌സു ഷാങ് വ്യക്തമാക്കി. 1995 ല്‍ ചൈനയില്‍ സ്ഥാപിതമായ ബിവൈഡി (ബില്‍ഡ് യുവര്‍ ഡ്രീംസ്) 2007 ലാണ് ചെന്നൈ കേന്ദ്രമായി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യയിലെ ഇലക്ട്രിക് ബസ് വിപണിയില്‍ വലിയ സാന്നിധ്യമറിയിച്ച കമ്പനിക്ക് രാജ്യത്ത് രണ്ട് ഫാക്റ്ററികള്‍ തുറക്കാനും സാധിച്ചു.