Top Spec

The Top-Spec Automotive Web Portal in Malayalam

മൈലേജ് കാട്ടി കൊതിപ്പിക്കാന്‍ പുതിയ സെലറിയോ

ഡെല്‍ഹി എക്‌സ് ഷോറൂം വില 4.99 ലക്ഷം മുതല്‍ 6.94 ലക്ഷം രൂപ വരെ

രണ്ടാം തലമുറ മാരുതി സുസുകി സെലറിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.99 ലക്ഷം മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് ഹാച്ച്ബാക്കിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവ അടിസ്ഥാനമാക്കിയ മാരുതി സുസുകിയുടെ അതേ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതു തലമുറ സെലറിയോ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന അവകാശവാദത്തോടെയാണ് പുതിയ സെലറിയോ വരുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ലിറ്ററിന് 26.68 കിമീ ഇന്ധനക്ഷമത ലഭിക്കും. ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യ സഹിതം പുതിയ 1.0 ലിറ്റര്‍, ഡുവല്‍ ജെറ്റ്, ഡുവല്‍ വിവിടി കെ10സി എന്‍ജിനാണ് ഇത്രയും മൈലേജ് ലഭിക്കാന്‍ സഹായിക്കുന്നത്. ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്ലിസ്റ്റനിംഗ് ഗ്രേ, കഫീന്‍ ബ്രൗണ്‍ എന്നിവ കൂടാതെ സോളിഡ് ഫയര്‍ റെഡ്, സ്പീഡി ബ്ലൂ എന്നീ രണ്ട് പുതിയ നിറങ്ങളിലും പുതിയ സെലറിയോ ലഭ്യമാണ്. ടാറ്റ ടിയാഗോ, ഹ്യുണ്ടായ് സാന്‍ട്രോ, ഡാറ്റ്‌സണ്‍ ഗോ എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും മാരുതി സുസുകി സെലറിയോയുടെ എതിരാളികള്‍.

പുതിയ ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവ ലഭിച്ചതാണ് പുതു തലമുറ മാരുതി സുസുകി സെലറിയോ. 3ഡി ഓര്‍ഗാനിക് സ്‌കള്‍പ്റ്റഡ് ഡിസൈന്‍ എന്നാണ് മാരുതി സുസുകി ഇതിനെ വിളിക്കുന്നത്. ഉയര്‍ന്ന ഹുഡ്, സിംഗിള്‍ ക്രോം സ്ലാറ്റ് സഹിതം പുതിയ ഗ്രില്‍ എന്നിവ ലഭിച്ചതോടെ അല്‍പ്പം ഉയരം കൂടിയ പുതിയ ടോള്‍ ബോയ് ലുക്കിലാണ് പുതിയ സെലറിയോ വരുന്നത്. പുതിയ സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാംപുകള്‍ കൂടാതെ കറുത്ത ക്ലാഡിംഗ്, പുതിയ ഫോഗ്‌ലാംപുകള്‍ എന്നിവ സഹിതം മുന്നില്‍ അഗ്രസീവ് ബംപര്‍ കാണാം. പുതുതായി ബോഡിയുടെ അതേ നിറമുള്ള ഒആര്‍വിഎമ്മുകള്‍ ലഭിച്ചു. ടേണ്‍ സിഗ്‌നല്‍ ലൈറ്റുകള്‍ പുറം കണ്ണാടികളില്‍ തന്നെ നല്‍കി. ഫ്‌ളയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, പുതിയ 15 ഇഞ്ച് ‘അര്‍ബേന്‍’ ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് കാഴ്ച്ചാ വിശേഷങ്ങള്‍. പുതിയ ഡ്രോപ്‌ലെറ്റ് സ്‌റ്റൈല്‍ ടെയ്ല്‍ലൈറ്റുകള്‍, പിറകിലെ വിന്‍ഡ്ഷീല്‍ഡിന് വൈപ്പര്‍, റിഫ്‌ളക്ടറുകള്‍ സഹിതം പുതുതായി ബോഡിയുടെ അതേ നിറമുള്ള ബംപര്‍ എന്നിവ പിറകില്‍ കാണാം.

പുതിയ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ് എന്നിവയോടെയാണ് പുതു തലമുറ സെലറിയോ വരുന്നത്. ഓഡിയോ, ടെലിഫോണി കണ്‍ട്രോളുകള്‍ ഉള്‍പ്പെടുത്തി പുതിയ ത്രീ സ്പോക്ക് ടില്‍റ്റ് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വളയം നല്‍കി. അനലോഗ് സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ റെവ് കൗണ്ടര്‍ എന്നിവയോടെ വലിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണാന്‍ കഴിയും. സില്‍വര്‍ ആക്സന്റുകളോടെ പുതിയ എസി വെന്റുകള്‍, മാനുവല്‍ എയര്‍ കണ്ടീഷണിംഗ് സിസ്റ്റം, രണ്ട് 12 വോള്‍ട്ട് ചാര്‍ജിംഗ് പോര്‍ട്ടുകള്‍, യുഎസ്ബി, ഓക്‌സ് ഇന്‍, സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷനോടുകൂടി 7 ഇഞ്ച് ‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിച്ചു. സ്മാര്‍ട്ട് കീ സഹിതം എന്‍ജിന്‍ പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, കീലെസ് എന്‍ട്രി, പോളന്‍ ടൈപ്പ് എസി ഫില്‍ട്ടര്‍, പിന്‍ നിരയില്‍ 60:40 സ്പ്ലിറ്റ് സീറ്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ മറ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

പുതിയ സെലറിയോയുടെ നീളം 3695 എംഎം, വീതി 1655 എംഎം, ഉയരം 1555 എംഎം എന്നിങ്ങനെയാണ്. 2435 മില്ലിമീറ്ററാണ് വീല്‍ബേസ്. വിപണി വിടുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ബൂട്ട് ശേഷി 40 ശതമാനം വര്‍ധിപ്പിച്ചതായി മാരുതി സുസുകി അവകാശപ്പെട്ടു. പന്ത്രണ്ടിലധികം സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ സെലറിയോ വരുന്നതെന്ന് കമ്പനി വ്യക്തമാക്കി. എജിഎസ്/എഎംടി വേരിയന്റുകളില്‍ നല്‍കിയ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ഫംഗ്ഷന്‍ സെഗ്മെന്റില്‍ ഇതാദ്യമാണ്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, മുന്‍ നിരയില്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട് എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ചിലതാണ്.

പുതിയ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ഡുവല്‍ ജെറ്റ്, ഡുവല്‍ വിവിടി, കെ10സി പെട്രോള്‍ എന്‍ജിനാണ് പുതിയ സെലറിയോ ഉപയോഗിക്കുന്നത്. പരമാവധി 66 ബിഎച്ച്പി കരുത്തും 89 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 5 സ്പീഡ് മാനുവല്‍, ഓപ്ഷണലായി എഎംടി അഥവാ എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ഒരു ലിറ്ററിന് 26.68 കിമീ എന്ന ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത് വിഎക്‌സ്‌ഐ എജിഎസ് വേരിയന്റാണ്. ഏറ്റവും കുറഞ്ഞ ഇന്ധനക്ഷമത നല്‍കുന്നത് സെഡ്എക്‌സ്‌ഐ പ്ലസ് മാനുവല്‍ വേരിയന്റ്. 24.97 കിലോമീറ്റര്‍.

സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, മറ്റെങ്ങും ലഭിക്കാത്ത ഇന്ധനക്ഷമത, സുഖയാത്ര ഉറപ്പാക്കുന്ന നിരവധി ഫീച്ചറുകള്‍ എന്നിവയിലൂടെ ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നതായിരിക്കും ഓള്‍ ന്യൂ സെലറിയോ എന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ കെനിച്ചി അയുകാവ പറഞ്ഞു. ഇരട്ട പെഡല്‍ സാങ്കേതികവിദ്യ (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ഇന്ത്യയില്‍ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ ഒന്നാം തലമുറ സെലറിയോ വലിയ പങ്കാണ് വഹിച്ചത്. നൂതന ഫീച്ചറുകള്‍, പുതിയ സ്‌റ്റൈലിഷ് ഡിസൈന്‍, പുതു തലമുറ പവര്‍ട്രെയ്ന്‍ എന്നിവ ലഭിച്ച പുതിയ സെലറിയോ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുകയും ഇന്ത്യന്‍ വിപണിയില്‍ പുതിയ ആവേശം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എല്‍എക്‌സ്‌ഐ എംടി 4.99 ലക്ഷം രൂപ

വിഎക്‌സ്‌ഐ എംടി 5.63 ലക്ഷം രൂപ

വിഎക്‌സ്‌ഐ എജിഎസ് 6.13 ലക്ഷം രൂപ

സെഡ്എക്‌സ്‌ഐ എംടി 5.94 ലക്ഷം രൂപ

സെഡ്എക്‌സ്‌ഐ എജിഎസ് 6.44 ലക്ഷം രൂപ

സെഡ്എക്‌സ്‌ഐ പ്ലസ് എംടി 6.44 ലക്ഷം രൂപ

സെഡ്എക്‌സ്‌ഐ പ്ലസ് എജിഎസ് 6.94 ലക്ഷം രൂപ