Top Spec

The Top-Spec Automotive Web Portal in Malayalam

യമഹയുടെ പുതിയ ചുണക്കുട്ടന്‍ എഫ്‌സീ എക്‌സ്

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മറ്റ് 150 സിസി മോഡലുകളില്‍ നിന്ന് തീര്‍ച്ചയായും വ്യത്യസ്തമാണ് യമഹ എഫ്‌സീ എക്‌സ്

ഇന്ത്യയില്‍ യമഹ അവതരിപ്പിച്ച പുതിയ നിയോ റെട്രോ പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് എഫ്‌സീ എക്‌സ്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം നിര്‍മിച്ചതാണ് അര്‍ബന്‍ സ്‌ക്രാംബ്ലര്‍ സ്‌റ്റൈല്‍ ലഭിച്ച ഈ മോഡല്‍. ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യം ജാപ്പനീസ് കമ്പനി ചെവിക്കൊണ്ടു എന്ന് പറയാം. യമഹ എക്‌സ്എസ്ആര്‍155 മോട്ടോര്‍സൈക്കിളിനായി ആവശ്യമുന്നയിക്കുന്ന യുവാക്കള്‍ക്ക് മുന്നിലാണ് യമഹ എഫ്‌സീ എക്‌സ് അവതരിപ്പിച്ചത്. സാധാരണ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും മേലെയാണ് നിയോ റെട്രോ രൂപകല്‍പ്പനയും റഗഡ് ലുക്കും ലഭിച്ച യമഹയുടെ പുതിയ മോഡല്‍. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മറ്റ് 150 സിസി മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് തീര്‍ച്ചയായും വ്യത്യസ്തമാണ് യമഹ എഫ്‌സീ എക്‌സ്.

ചില വിദേശ വിപണികളില്‍ വില്‍ക്കുന്ന യമഹ എക്‌സ്എസ്ആര്‍155 മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ ഏറെക്കുറേ ഡിസൈന്‍ ചെയ്തിരിക്കുന്നത്. യമഹ വൈസീഎഫ് ആര്‍15 അടിസ്ഥാനമാക്കിയാണ് എക്‌സ്എസ്ആര്‍155 നിര്‍മിച്ചതെങ്കില്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് എഫ്‌സീ എക്‌സ് മോട്ടോര്‍സൈക്കിളിനായി യമഹയുടെ വിജയം വരിച്ച 150 സിസി എഫ്‌സീ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താന്‍ ജാപ്പനീസ് നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ താങ്ങാവുന്ന വിലയില്‍ യമഹ എഫ്‌സീ എക്‌സ് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞു. അതേസമയം, എഫ്‌സീ എക്‌സ് മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍, ബോഡിവര്‍ക്ക് എന്നിവ വ്യത്യസ്തമാണ്. സെഗ്‌മെന്റില്‍ താങ്ങാവുന്ന മോട്ടോര്‍സൈക്കിളൊന്നുമല്ല യമഹ എഫ്‌സീ എക്‌സ്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സഹിതം എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, ബോഡി വര്‍ക്കില്‍ മെറ്റല്‍ ഘടകങ്ങള്‍ എന്നിവ പ്രീമിയം ഘടകങ്ങളാണ്. സ്റ്റാന്‍ഡേഡായി എന്‍ജിന്‍ ബാഷ് പ്ലേറ്റ്, വ്യത്യസ്ത തരം ഭൂപ്രദേശങ്ങളില്‍ മികച്ച ഗ്രിപ്പിനായി ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍ എന്നിവയും ലഭിച്ചു.

യമഹയുടെ ‘വൈ കണക്റ്റ്’ മൊബൈല്‍ ആപ്പ് മുഖേന ബ്ലൂടൂത്ത് വഴി മോട്ടോര്‍സൈക്കിളുമായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും. മിസ്ഡ് കോള്‍ അലര്‍ട്ടുകള്‍, എസ്എംഎസ് അലര്‍ട്ടുകള്‍ എന്നിവ ലഭിക്കുമെങ്കിലും ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ നല്‍കിയില്ല. പാര്‍ക്ക് ചെയ്ത സ്ഥലം അറിയുന്നതിന് പാര്‍ക്കിംഗ് ലൊക്കേറ്റര്‍, ഇന്ധന ഉപയോഗ കണക്കുകള്‍, ബാറ്ററി ചാര്‍ജ്, തകരാറുകള്‍ സംബന്ധിച്ച അലര്‍ട്ടുകള്‍, സര്‍വീസ് ആന്‍ഡ് ഓയില്‍ ചേഞ്ച് റിമൈന്‍ഡറുകള്‍ എന്നിവയാണ് ആപ്പ് നല്‍കുന്ന മറ്റ് ഫീച്ചറുകള്‍. എന്‍ജിന്‍ ആര്‍പിഎം, ത്രോട്ടില്‍ ഓപ്പണിംഗ് ഡിഗ്രി, ആക്‌സെലറേഷന്‍, പരിസ്ഥിതി സൗഹൃദ റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, റൈഡറുടെ സ്മാര്‍ട്ട്ഫോണിലെ മറ്റ് വിവരങ്ങള്‍ എന്നിവ കാണിക്കുന്ന ഡാഷ്ബോര്‍ഡും ആപ്പിന്റെ ഭാഗമാണ്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ് ടു എംപ്റ്റി തുടങ്ങി ചില അവശ്യ വിവരങ്ങള്‍ നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ കാണാന്‍ കഴിഞ്ഞില്ല.

യമഹയുടെ 150 സിസി എഫ്‌സീ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് എഫ്‌സീ എക്‌സ് നിര്‍മിച്ചിരിക്കുന്നത്. അതായത്, യമഹ എഫ്‌സീ മോഡലുകള്‍ ഉപയോഗിക്കുന്ന അതേ 149 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകുന്നു. സ്‌പെസിഫിക്കേഷനുകളിലും മാറ്റമില്ല. 7,250 ആര്‍പിഎമ്മില്‍ 12.4 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. പെര്‍ഫോമന്‍സ് നമുക്ക് പരിചിതമാണ്. സുഗമമായി നിര്‍ബാധം മുന്നിലേക്ക് കുതിക്കാന്‍ എന്‍ജിന്‍ സഹായിക്കുന്നു. വളവുകളും തിരിവുകളും ആത്മവിശ്വാസത്തോടെ തരണം ചെയ്യാന്‍ കഴിയുംവിധം മികച്ചതാണ് ഷാസി. ടോപ് എന്‍ഡ് പെര്‍ഫോമന്‍സ് പരിമിതമാണെന്ന് പറയേണ്ടിവരും. മണിക്കൂറില്‍ 70 കിമീ മുതല്‍ 80 കിമീ വരെ വേഗതയില്‍ റൈഡ് നിലവാരം മികച്ചതാണ്. നിവര്‍ന്ന റൈഡിംഗ് പൊസിഷന്‍, മുന്നിലേക്കായി സ്ഥാപിച്ച ഫുട്ട്പെഗുകള്‍ എന്നിവ നല്‍കിയതോടെ മൊത്തത്തില്‍ സുഖപ്രദമായ റൈഡിംഗ് അനുഭവപ്പെടും. ദീര്‍ഘദൂര യാത്രകള്‍ക്ക് അത്ര യോജിച്ചതല്ല. 139 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്. യമഹ എഫ്‌സീ എഫ്‌ഐ മോട്ടോര്‍സൈക്കിളിനേക്കാള്‍ നാല് കിലോഗ്രാം കൂടുതല്‍. ബോഡിവര്‍ക്കിലെ ലോഹ ഭാഗങ്ങളാണ് ഇതിന് കാരണം.