സീസണില്‍ രണ്ട് ഗ്രാന്‍ പ്രീകള്‍ കൂടിയുണ്ടെങ്കിലും ക്വാര്‍ട്ടരാരോയെ മറികടക്കാന്‍ ഇനിയാര്‍ക്കും കഴിയില്ല
യമഹ ഫാക്റ്ററി റേസിംഗ് ടീം റൈഡര്‍ ഫാബിയോ ക്വാര്‍ട്ടരാരോ ഈ സീസണിലെ മോട്ടോജിപി ലോക ചാംപ്യന്‍! ഇറ്റലിയിലെ ഇമിലിയ റൊമാഞ്ഞ ഗ്രാന്‍ പ്രീയില്‍ റേസിനിടെ ഫ്രാന്‍സെസ്‌കോ ബാഗ്‌നയ വീണതോടെയാണ് 2021 സീസണിലെ ലോക ചാംപ്യന്‍ നിശ്ചയിക്കപ്പെട്ടത്. സീസണില്‍ ഇനി രണ്ട് ഗ്രാന്‍ പ്രീകള്‍ കൂടിയുണ്ടെങ്കിലും ഫ്രഞ്ച് റേസറായ ക്വാര്‍ട്ടരാരോയെ മറികടക്കാന്‍ ഇനിയാര്‍ക്കും കഴിയില്ല.
ലോക ചാംപ്യന്‍ നിശ്ചയിക്കപ്പെട്ട മല്‍സരത്തില്‍ പക്ഷേ വിജയിച്ചത് ഹോണ്ടയുടെ മാര്‍ക്ക് മാര്‍ക്വേസാണ്. ഫാബിയോ ക്വാര്‍ട്ടരാരോ നാലാമതായാണ് ഫിനിഷ് ചെയ്തത്. റൈഡര്‍മാരുടെ പട്ടികയില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതോടെയാണ് ഫാബിയോ ക്വാര്‍ട്ടരാരോ ഇതാദ്യമായി വിജയകിരീടമണിഞ്ഞത്. സീസണില്‍ കിരീട പോരാട്ടം സജീവമായി നിലനിര്‍ത്തുന്നതിന് ബാഗ്നയ ഈ റേസില്‍ ക്വാര്‍ട്ടരാരോയേക്കാള്‍ മൂന്ന് പോയന്റ് കൂടുതല്‍ നേടേണ്ടതുണ്ടായിരുന്നു.
ഇമിലിയ റൊമാഞ്ഞ ജിപിയില്‍ ഗ്രിഡില്‍ 15 ാം സ്ഥാനത്തുനിന്നാണ് ഫാബിയോ ക്വാര്‍ട്ടരാരോ തുടങ്ങിയത്. ആകെയുണ്ടായിരുന്ന 27 ലാപ്പുകള്‍ കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്ത് റേസ് പൂര്‍ത്തിയാക്കി. അതേസമയം പോള്‍ പൊസിഷനില്‍ നിന്ന് ആരംഭിച്ച ഡുകാറ്റിയുടെ ഫ്രാന്‍സെസ്‌കോ ബാഗ്‌നയ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് 22 ാം ലാപ്പില്‍ വീണുപോയത്. ഇതോടെ 22 ാം വയസ്സില്‍ ഫാബിയോ ക്വാര്‍ട്ടരാരോ ലോക ചാംപ്യനായി.

ഈ സീസണിലെ മൂന്നാം വിജയമാണ് മാര്‍ക്വേസ് നേടിയത്. രണ്ടാം സ്ഥാനം ഹോണ്ടയുടെ തന്നെ പോള്‍ എസ്പാര്‍ഗാരോ കരസ്ഥമാക്കി. ഇതോടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഹോണ്ടയുടെ പേരിലായി. ഡുകാറ്റിയുടെ എനിയ ബാസ്റ്റ്യനിനിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ലോക ചാംപ്യനായി കിരീടധാരണം നടത്തുന്നതിന് ഫാബിയോ ക്വാര്‍ട്ടരാരോയ്ക്ക് നാലാം സ്ഥാനം മതിയായിരുന്നു. പ്രീമിയര്‍ ക്ലാസ് കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് റൈഡര്‍ കൂടിയാണ് ക്വാര്‍ട്ടരാരോ. 2015 നു ശേഷം യമഹ ഇതാദ്യമായാണ് ലോക ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. മിസാനോയില്‍ തന്റെ കരിയറിലെ അവസാന റേസില്‍ പങ്കെടുത്ത വലന്റീനോ റോസിക്ക് യാത്രയയപ്പും നല്‍കി.
ഓസ്ട്രിയന്‍ ജിപിക്കുശേഷം നടന്ന ബ്രിട്ടീഷ് ജിപിയില്‍ ഫാബിയോ ക്വാര്‍ട്ടരാരോ, അരഗോണ്‍ ജിപിയില്‍ ഫ്രാന്‍സെസ്‌കോ ബാഗ്‌നയ, സാന്‍ മറീനോ ആന്‍ഡ് റിമിനിസ് കോസ്റ്റ് ജിപിയില്‍ ഫ്രാന്‍സെസ്‌കോ ബാഗ്‌നയ, അമേരിക്കാസ് ജിപിയില്‍ മാര്‍ക്ക് മാര്‍ക്വേസ് എന്നിവരാണ് വിജയിച്ചത്. ഇനി നവംബര്‍ ഏഴിന് അല്‍ഗാര്‍വ് ഗ്രാന്‍ പ്രീയും നവംബര്‍ 14 ന് വലെന്‍സിയന്‍ ഗ്രാന്‍ പ്രീയും നടക്കും. ഇതോടെ 2021 സീസണ്‍ സമാപിക്കും.
.