Top Spec

The Top-Spec Automotive Web Portal in Malayalam

സുഖിച്ച് യാത്ര ചെയ്യാന്‍ സിട്രോണ്‍ സി5 എയര്‍ക്രോസ്

ഇന്ത്യന്‍ വാഹന ലോകത്തും എത്തിയിരിക്കുകയാണ് ചിരിച്ച മുഖവുമായി തികച്ചും എസ്‌യുവി എന്ന് വിളിക്കാവുന്ന ഒരു വാഹനം അങ്ങ് ഫ്രാന്‍സില്‍ നിന്നും

ദിപിന്‍ സുരേന്ദ്രന്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഫ്രഞ്ച് സുന്ദരികള്‍ എപ്പോഴും ഒരുപടി മുന്നില്‍ നിന്നിട്ടേ ഉള്ളൂ. ഇവിടെ ഇന്ത്യന്‍ വാഹന ലോകത്തും എത്തിയിരിക്കുകയാണ് ചിരിച്ച മുഖവുമായി തികച്ചും എസ്‌യുവി എന്ന് വിളിക്കാവുന്ന ഒരു വാഹനം അങ്ങ് ഫ്രാന്‍സില്‍ നിന്നും. മറ്റാരുമല്ല, കഴിഞ്ഞ ഫെബ്രുവരി മുതല്‍ നമ്മള്‍ കണ്ടുതുടങ്ങിയ സിട്രോണ്‍ സി5 എയര്‍ക്രോസ്.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ലോഗോയില്‍ നിന്ന് വശങ്ങളിലേക്ക് നീണ്ട് അങ്ങ് ഡേടൈം റണ്ണിംഗ് ലൈറ്റുകളില്‍ അവസാനിക്കുന്ന ക്രോം ലൈനുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് തൊട്ടുതാഴെ ഇരുട്ടില്‍ എന്തിനെയും കാണാന്‍ സാധിക്കുന്ന തീക്ഷ്ണ വെളിച്ചം പരത്തുന്ന എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നു. ഹെഡ്‌ലൈറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റേഡിയേറ്റര്‍ ഗ്രില്ലും തൊട്ടു താഴെ കാണുന്ന എയര്‍ ഡാമും സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന ഘടകങ്ങള്‍ തന്നെയാണ്. സ്വയം തിരിയുന്ന ഫോഗ് ലാംപുകള്‍ കൂടുതല്‍ വെളിച്ചം നല്‍കി വളവുകളില്‍ ഡ്രൈവറുടെ കാഴ്ച്ച വര്‍ധിപ്പിക്കും. ബോണറ്റില്‍ പവര്‍ ലൈനുകള്‍ കാണാന്‍ കഴിയുന്ന മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കുഴിഞ്ഞ ഡിസൈന്‍ മറ്റൊരു ആകര്‍ഷക ഘടകമാണ്. വശങ്ങളിലേക്ക് നോക്കിയാല്‍, എന്തിനെയും കീഴടക്കാന്‍ പോന്ന ഒരു സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ചേര്‍ന്നതു തന്നെയാണ് വീല്‍ ആര്‍ച്ചുകളിലും മറ്റും നല്‍കിയിരിക്കുന്ന കറുത്ത ക്‌ളാഡിംഗ്. ഇവിടെ ഒരു ക്രോമിയം ഇന്‍സെര്‍ട്ട് കൂടി കാണാം. സാധാരണ ഇപ്പോള്‍ വിപണിയില്‍ കാണുന്ന വാഹനങ്ങള്‍ പോലെ ഒരുപാട് ക്യാരക്ടര്‍ ലൈനുകള്‍ നല്‍കി ഓവര്‍ ആക്കിയിട്ടില്ല എന്ന് പറയാന്‍ സാധിക്കും. എ പില്ലറിന്റെ മുകളില്‍ നിന്നും തുടങ്ങി സി പില്ലറും കടന്നു തിരിച്ചു താഴെ സൈഡ് മിററിന്റെ പടിക്കല്‍ അവസാനിക്കുന്ന ‘സി’ ആകൃതിയുള്ള ക്രോമിയം ലൈന്‍ ഭംഗി വര്‍ധിപ്പിക്കുന്നു.

ത്രീഡി രൂപകല്‍പ്പനയോടെ നാല് അറകളിലായി നല്‍കിയ എല്‍ഇഡി റിയര്‍ ലൈറ്റുകള്‍ വളരെ അകലെ നിന്നുപോലും വ്യക്തതയോടെ കാണാന്‍ കഴിയും. ഒപ്പം റിയര്‍ ഫോഗ് ലാംപും തൊട്ടു താഴെ ഇരുവശങ്ങളിലുമായി റിഫ്‌ളക്ടറുകളും നല്‍കി. പിറകില്‍ വാഷര്‍ സഹിതം വൈപ്പര്‍, മുകളിലായി സ്റ്റോപ്പ് ലാംപ് എന്നിവ കാണാന്‍ സാധിക്കും. നമ്പര്‍പ്ലേറ്റിന് മുകളിലായി ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നവിധം വലുപ്പത്തില്‍ സിട്രോണ്‍ ലോഗോ കാണാം. ഡിഫ്യൂസറിന്റെ ഇരുവശങ്ങളിലും എക്‌സോസ്റ്റുകള്‍ നല്‍കി. 18 ഇഞ്ച് ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിച്ചു. മുകളിലെ റൂഫ് റെയിലുകളും സ്പോയ്‌ലറും കാഴ്ച്ചയില്‍ വാഹനത്തിന്റെ പ്രൗഢി കൂട്ടുന്നു.

എല്ലാ വണ്ടിഭ്രാന്തന്‍മാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തില്‍ ഇന്റീരിയര്‍ സജ്ജീകരിച്ചു. ‘മെട്രോപൊളിറ്റന്‍ ഗ്രേ’ ആംബിയന്‍സ് എന്നാണ് ഇവന്റെ ഉള്‍വശത്തിന് സിട്രോണ്‍ നല്‍കിയിരിക്കുന്ന ഓമനപ്പേര്. കറുപ്പും ചാര നിറവും കൂട്ടിക്കലര്‍ത്തി ഇന്റീരിയര്‍ മനോഹരമാക്കിയിരിക്കുന്നു. മുന്തിയ ഇനം തുകല്‍ കൂടാതെ ഗ്രാഫൈറ്റ് തുണികളും ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് സീറ്റുകള്‍. പാര്‍ക്ക് അസിസ്റ്റ്, കോഫീ ബ്രേക്ക് അലര്‍ട്ട് തുടങ്ങി നിരവധി ഫീച്ചറുകളാല്‍ സമ്പന്നമാണ് സിട്രോണ്‍ സി5 എയര്‍ക്രോസ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ളതാണ് 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ചതുര വടിവിലാണ് നല്‍കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും വളരെ വ്യക്തതയോടെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധ പതറാതെ കാണാന്‍ കഴിയും.

ഒരു എസ്‌യുവി നമുക്ക് എത്രത്തോളം യാത്രാസുഖം തരും ? പരവതാനിയില്‍ ആകാശത്തുകൂടെ പറക്കുന്ന അലാവുദീന്റെ കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. അങ്ങനെ ഒരു യാത്ര നമ്മളെല്ലാം ആഗ്രഹിച്ചുകാണും. നിരത്തുകളിലൂടെ അല്ലാത്തതിനാല്‍ തികച്ചും സുഖയാത്ര തന്നെയാവും അലാവുദീന്റേത്. എന്നാല്‍ ഇവിടെ റോഡില്‍ അതേ യാത്രാസുഖം നല്‍കുകയാണ് സിട്രോണ്‍ സി5 എയര്‍ക്രോസ്. സസ്‌പെന്‍ഷന്‍ പോലെത്തന്നെ സീറ്റുകളും ഒപ്പം അതിന്റെ പൊസിഷനുകളും യാത്ര സുഖകരമാക്കുന്നു. പിന്‍ നിരയിലേക്ക് വന്നാല്‍ മൂന്ന് പേര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയുന്ന വിധമാണ് സീറ്റുകളുടെ ക്രമീകരണം. മൂന്ന് പേര്‍ക്കും ഹെഡ് റെസ്റ്റ് ലഭ്യമാണ്. 580 ലിറ്ററാണ് ബൂട്ട് ശേഷി. എന്നാല്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ 1630 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ദീര്‍ഘദൂര യാത്ര ചെയ്യുന്നവരെ ഇത് തീര്‍ച്ചയായും സന്തോഷിപ്പിക്കും. ആകാശക്കാഴ്ച്ചകള്‍ ആവോളം കണ്ടുകൊണ്ടു യാത്ര ചെയ്യുന്നതിനായി പനോരമിക് സണ്‍റൂഫ് നല്‍കിയിരിക്കുന്നു. സ്റ്റിയറിംഗ് സംബന്ധിച്ചാണെങ്കില്‍, ബോട്ടം, ടോപ്പ് എന്നിവ അല്‍പ്പം ഫ്‌ളാറ്റായി നല്‍കി. ഇന്‍ഫൊടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ സ്റ്റിയറിംഗില്‍ കാണാം.

2.0 ലിറ്റര്‍ (1997 സിസി) ഡിഡബ്ല്യു10എഫ്‌സി ഡീസല്‍ എന്‍ജിനാണ് സിട്രോണ്‍ സി5 എയര്‍ക്രോസിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 3750 ആര്‍പിഎമ്മില്‍ 177 പിഎസ് കരുത്തും 2000 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. നോര്‍മല്‍ മോഡില്‍ പോകവേ സ്‌പോര്‍ട്‌സ് മോഡിലേക്ക് മാറി പാഡില്‍ ഷിഫ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ആക്സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ശാന്തമായി മുന്നേറിയിരുന്ന സി5 എയര്‍ക്രോസ് ഉടനടി ശരവേഗത്തില്‍ കൃത്യതയോടെ പാഞ്ഞു. സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ സുരക്ഷാ ഫീച്ചറുകളും നിരവധിയാണ്. എത്രയൊക്കെ ആഡംബരങ്ങള്‍ നിറച്ച വാഹനമാണ് ഉപയോഗിക്കുന്നതെങ്കിലും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അറിയേണ്ട ഒന്നുണ്ടല്ലോ, എന്തുകിട്ടും എന്നത് ? ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 18.6 കിലോമീറ്റര്‍ സഞ്ചരിക്കാം.