Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ പഞ്ച് ഒക്‌റ്റോബര്‍ നാലിന് അനാവരണം ചെയ്യും

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്‌സ് കണ്‍സെപ്റ്റാണ് ടാറ്റ പഞ്ച് എന്ന പേരില്‍ വിപണിയിലെത്തുന്നത്

ഏറെ കാത്തിരിപ്പിനൊടുവില്‍ ഈ മാസം നാലിന് ടാറ്റ പഞ്ച് അനാവരണം ചെയ്യും. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്‌സ് കണ്‍സെപ്റ്റാണ് ടാറ്റ പഞ്ച് എന്ന പേരില്‍ വിപണിയിലെത്തുന്നത്. മൈക്രോ എസ്‌യുവിയുമായി ബന്ധപ്പെട്ട് ഹോണ്‍ബില്‍, എച്ച്ബിഎക്‌സ് തുടങ്ങി നിരവധി പേരുകള്‍ പ്രചരിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഈ കുഞ്ഞന്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഒടുവില്‍ ‘പഞ്ച്’ എന്ന് നാമകരണം ചെയ്യുകയായിരുന്നു. മസ്‌കുലര്‍, അത്‌ലറ്റിക് സ്‌റ്റൈലിംഗ് ഘടകങ്ങള്‍ നല്‍കിയതായി കമ്പനി അവകാശപ്പെടുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ ആല്‍ഫ ആര്‍ക്ക് (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍) അടിസ്ഥാനമാക്കിയാണ് മൈക്രോ എസ്‌യുവി നിര്‍മിക്കുന്നത്. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി കരുത്തും 3,300 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എഎംടി വേര്‍ഷനില്‍ ‘ട്രാക്ഷന്‍ പ്രോ’ മോഡ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ വിവരം. 187 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 366 ലിറ്റര്‍ ബൂട്ട് ശേഷി എന്നിവ ശ്രദ്ധേയമെന്ന് പറയാം.

ടാറ്റ മോട്ടോഴ്‌സിന്റെ ‘ഇംപാക്റ്റ് 2.0’ ഡിസൈന്‍ ഭാഷ പുതിയ വാഹനത്തിലും കാണാന്‍ കഴിയും. കണ്‍പുരികമെന്ന് തോന്നിപ്പിക്കുന്ന എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ മുകളിലും വലിയ ഹെഡ്‌ലാംപുകള്‍ താഴെയുമായി നല്‍കി. എസ്‌യുവി സ്വഭാവം എടുത്തുകാണിക്കുന്നതാണ് ചുറ്റിലും നല്‍കിയ കറുത്ത ക്ലാഡിംഗ്. മോണോടോണ്‍, ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ടാറ്റ പഞ്ച് ലഭിക്കും.

അതിശയകരമായ രൂപകല്‍പ്പന, സാങ്കേതികവിദ്യ, ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവയുടെ മികച്ച സമന്വയമാണ് ടാറ്റ പഞ്ച് എന്ന് നാമകരണ വേളയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പ്രസ്താവിച്ചിരുന്നു. എസ്‌യുവി സവിശേഷതകളോടെ കോംപാക്റ്റ് സിറ്റി കാര്‍ തെരയുന്ന ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതായിരിക്കും ടാറ്റ പഞ്ച് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.