Top Spec

The Top-Spec Automotive Web Portal in Malayalam

ഉശിരന്‍ പ്രകടനത്തിന് ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍

ഇതോടെ ഇന്ത്യയില്‍ ഹ്യുണ്ടായുടെ എന്‍ ലൈന്‍ ഡിവിഷന്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു

ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 9.84 ലക്ഷം മുതല്‍ 11.75 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എന്‍6 ഐഎംടി, എന്‍8 ഐഎംടി, എന്‍8 ഡിസിടി എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ പെര്‍ഫോമന്‍സ് വേര്‍ഷന്‍ ലഭിക്കുന്നത്. അടിസ്ഥാനപരമായി, ഹ്യുണ്ടായ് ഐ20 പ്രീമിയം ഹാച്ച്ബാക്കിന്റെ കൂടുതല്‍ സ്‌പോര്‍ട്ടി വേര്‍ഷനാണ് ഐ20 എന്‍ ലൈന്‍. ഇതോടെ ഇന്ത്യയില്‍ ഹ്യുണ്ടായുടെ എന്‍ ലൈന്‍ ഡിവിഷന്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1.0 ലിറ്റര്‍ ജിഡിഐ ടര്‍ബോയുടെ ഐഎംടി, ഡിസിടി വകഭേദങ്ങളില്‍ മാത്രമാണ് ഐ20 എന്‍ ലൈന്‍ ലഭിക്കുന്നത്. വളരെ സ്‌പോര്‍ട്ടിയും തീര്‍ച്ചയായും സെക്‌സിയുമാണ് ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍. ഹ്യുണ്ടായുടെ ‘സിഗ്‌നേച്ചര്‍’ ഡീലര്‍ഷിപ്പുകളിലൂടെ മാത്രമാണ് ഐ20 എന്‍ ലൈന്‍ വാങ്ങാന്‍ കഴിയുന്നത്.

എന്‍ ലൈന്‍ വേര്‍ഷന്റെ പുറമേയുള്ള അപ്ഡേറ്റുകള്‍ സൗന്ദര്യവര്‍ധക പരിഷ്‌കരണങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു. ഇതോടെ പ്രീമിയം ഹാച്ച്ബാക്ക് ഇപ്പോള്‍ റേസിയും സ്‌പോര്‍ട്ടിയുമാണ്. അതേസമയം പുനര്‍ക്രമീകരിച്ച സ്റ്റിയറിംഗ് ജ്യോമെട്രി, മുപ്പത് ശതമാനം കൂടുതല്‍ കര്‍ക്കശമാക്കിയ സസ്‌പെന്‍ഷന്‍ സംവിധാനം എന്നിവ നല്‍കി. മുന്‍വശത്ത് മാറ്റ് ബ്ലാക്ക് ഘടകങ്ങള്‍, എന്‍ ലൈന്‍ ലോഗോ എന്നിവ സഹിതം പുതിയ കാസ്‌കേഡിംഗ് ഗ്രില്‍ കാണാം. ഷാര്‍പ്പ് ലൈനുകള്‍, എഡ്ജുകള്‍ എന്നിവയോടെ മുന്നില്‍ നല്‍കിയ പുതിയതും കൂടുതല്‍ മസ്‌കുലറുമായ ബംപര്‍ സ്‌പോര്‍ട്ടി ലുക്ക് കാഴ്ച്ചവെയ്ക്കുന്നു. മുന്‍ ബംപറിലെ ഡിഫ്യൂസര്‍ കൂടാതെ കൂടുതല്‍ സ്‌പോര്‍ട്ടിയായ അലോയ് വീലുകളും സ്ലീക്ക് സൈഡ് സ്‌കര്‍ട്ടുകളും കാണാം.

അകത്തെ പരിഷ്‌കാരങ്ങള്‍ കാറിന്റെ സ്‌പോര്‍ട്ടി എക്സ്റ്റീരിയറുമായി പൊരുത്തപ്പെടുന്നതാണ്. സീറ്റുകളില്‍ കറുത്ത അപോള്‍സ്റ്ററിയോടെ ഓള്‍ ബ്ലാക്ക് കാബിന്‍ നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ മൃദുവായ പ്രതലങ്ങളിലും ചുവന്ന ഇരട്ട തുന്നല്‍ കാണാം. തുകല്‍ പൊതിഞ്ഞതും അതേ ചുവന്ന തുന്നല്‍ ഉള്ളതുമാണ് പുതിയ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം. സീറ്റുകളില്‍ എന്‍ ലൈന്‍ ബാഡ്ജിംഗ്, എന്‍ പ്രചോദിത ഗിയര്‍ നോബ്, അലുമിനിയം പെഡലുകള്‍ തുടങ്ങിയവ മറ്റ് സവിശേഷതകളാണ്. സ്റ്റാന്‍ഡേഡ് ഐ20 ടര്‍ബോയുടെ ടോപ് ആസ്റ്റ വേരിയന്റില്‍ നല്‍കിയതിന് സമാനമാണ് ഫീച്ചറുകള്‍. അതായത്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഹ്യുണ്ടായുടെ ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, പ്രീമിയം ‘ബോസ്’ സറൗണ്ട് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ക്രീച്ചര്‍ കംഫര്‍ട്ടുകള്‍ ലഭിക്കും.

അഴകളവുകളുടെ കാര്യത്തില്‍ റെഗുലര്‍ ഐ20 മോഡലിന് സമാനമാണ് ഐ20 എന്‍ ലൈന്‍. അതായത്, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3,995 എംഎം, 1,775 എംഎം, 1,505 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 2,580 മില്ലിമീറ്ററായും തുടരുന്നു.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, എമര്‍ജന്‍സി സ്റ്റോപ്പ് ലൈറ്റ്, ഐസോഫിക്‌സ്, സെന്‍സറുകള്‍ സഹിതം പിറകില്‍ പാര്‍ക്കിംഗ് കാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, നാല് ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ജിഡിഐ (ഗ്യാസോലിന്‍ ഡയറക്റ്റ് ഇന്‍ജക്ഷന്‍), ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി കരുത്തും 1,500 നും 4,000 നുമിടയില്‍ ആര്‍പിഎമ്മില്‍ 172 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 6 സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ഐഎംടി), 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡിസിടി വേര്‍ഷനില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് 9.9 സെക്കന്‍ഡ് മതി.