Top Spec

The Top-Spec Automotive Web Portal in Malayalam

ലൂയിസ് ഹാമില്‍ട്ടണ്‍ എഫ്1 ചരിത്രത്തിലെ സെഞ്ചൂറിയന്‍

നൂറ് ഗ്രാന്‍ പ്രീ വിജയങ്ങള്‍ നേടുന്ന ആദ്യ ഡ്രൈവറായി 36 കാരനായ ലൂയിസ് ഹാമില്‍ട്ടണ്‍

ഫോര്‍മുല 1 കാറോട്ട മല്‍സരങ്ങളുടെ ചരിത്രത്തില്‍ നൂറ് ഗ്രാന്‍ പ്രീ വിജയങ്ങള്‍ നേടുന്ന ആദ്യ ഡ്രൈവറായി 36 കാരനായ ലൂയിസ് ഹാമില്‍ട്ടണ്‍. സെപ്റ്റംബര്‍ 26 ന് നടന്ന റഷ്യന്‍ ഗ്രാന്‍ പ്രീയില്‍ വിജയിച്ചതോടെയാണ് മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഇതിഹാസ താരം തന്റെ കരിയറിലെ റെക്കോഡ് നേട്ടം കരസ്ഥമാക്കിയത്. 91 വിജയങ്ങള്‍ നേടിയ സാക്ഷാല്‍ മൈക്കല്‍ ഷൂമാക്കറിന്റെ റെക്കോഡ് ഹാമില്‍ട്ടണ്‍ നേരത്തെ മറികടന്നിരുന്നു. ഏഴ് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ മറ്റൊരു റെക്കോഡ് മൈക്കല്‍ ഷൂമാക്കറുമായി പങ്കുവെയ്ക്കുകയാണ് ഹാമില്‍ട്ടണ്‍. ഈ സീസണില്‍ ചാമ്പ്യനായാല്‍ റെക്കോഡ് സ്വന്തം പേരിലാക്കാം. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ കൂടാതെ ഏറ്റവും കൂടുതല്‍ പോള്‍ പൊസിഷന്‍ (101), ഏറ്റവും കൂടുതല്‍ പോഡിയം ഫിനിഷ് (176) തുടങ്ങിയ റെക്കോഡുകളും ഹാമില്‍ട്ടണിന്റെ പേരിലാണ്. ഈ സീസണിലെ അഞ്ചാമത്തെ വിജയമാണ് റഷ്യയില്‍ ഹാമില്‍ട്ടണ്‍ നേടിയത്.

സോച്ചിയില്‍ മഴ പെയ്തുതുടങ്ങിയതോടെ മല്‍സരത്തിന്റെ അവസാന ലാപ്പുകള്‍ തികച്ചും നാടകീയമായി. ഒന്നാമതായി ഓടിയിരുന്ന മക്‌ലാറന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസിന് ലീഡ് നഷ്ടമായതാണ് ഇതില്‍ പ്രധാനം. ഹാമില്‍ട്ടണേക്കാള്‍ 53.271 സെക്കന്‍ഡ് അധികം സമയമെടുത്ത് റേസ് പൂര്‍ത്തിയാക്കിയ റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രിഡില്‍ അവസാന സ്ഥാനത്തുനിന്ന് ഓടിത്തുടങ്ങിയാണ് വെര്‍സ്റ്റാപ്പന്‍ ഈ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചത്. ഇരുവര്‍ക്കുമൊപ്പം ഫെറാറിയുടെ കാര്‍ലോസ് സെയ്ന്‍സ് ജൂനിയര്‍ പോഡിയത്തില്‍ കയറിനിന്നു. പോള്‍ സിറ്ററും റേസില്‍ വളരെയേറെ നേരം ഒന്നാമതായി കുതിക്കുകയും ചെയ്ത ലാന്‍ഡോ നോറിസ് ഒടുവില്‍ ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. വിജയിച്ചെങ്കില്‍ നോറിസിന്റെ ആദ്യ എഫ്1 ജയം സോച്ചിയില്‍ കുറിക്കുമായിരുന്നു.

മഴയില്‍ കുതിര്‍ന്ന അവസാന ലാപ്പുകളില്‍ ഒന്നാമതായി ഓടിയിരുന്ന ലാന്‍ഡോ നോറിസ് സ്ലിക്ക് ടയറുകളില്‍ തുടരാന്‍ തീരുമാനിച്ചപ്പോള്‍ ഗ്രിഡില്‍ ഏഴാം സ്ഥാനത്തുനിന്ന് തുടങ്ങി ഈ സമയത്ത് രണ്ടാമതായി മുന്നേറിയിരുന്ന ഹാമില്‍ട്ടണ്‍ സ്ലിക്ക് ഒഴിവാക്കി വെറ്റ് ടയറുകളിലേക്ക് മാറി. മഴ കനത്തതോടെ, ലീഡ് മുറുകെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ട്രാക്കില്‍ നിന്ന് തെന്നിമാറിയ നോറിസിന് തന്റെ അബദ്ധം മനസിലായി. ഈ അവസാന ഘട്ടത്തില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. പിന്നീട് വെറ്റ് ടയറുകളിലേക്ക് മാറാന്‍ വന്നപ്പോള്‍ പിറ്റ്‌ലെയ്ന്‍-എന്‍ട്രി ലൈന്‍ മുറിച്ചുകടന്നതിന് മല്‍സരശേഷം നോറിസ് അന്വേഷണം നേരിടുകയാണ്. റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പന്‍ അവിശ്വസനീയ ഡ്രൈവാണ് നടത്തിയത്. എന്‍ജിന്‍ പെനാല്‍റ്റി നേരിട്ട വെര്‍സ്റ്റാപ്പന്‍ ഗ്രിഡില്‍ ഏറ്റവും ഒടുവില്‍ നിന്ന് റേസ് ആരംഭിച്ചാണ് രണ്ടാം സ്ഥാനം പിടിച്ചെടുത്തത്.

നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം മക്‌ലാറന്‍ ഡ്രൈവറായ ഡാനിയല്‍ റിക്കിയാര്‍ഡോ, മെഴ്‌സിഡസ് താരം വാല്‍ട്ടെറി ബൊട്ടാസ് എന്നിവര്‍ ഫിനിഷ് ചെയ്തു. എന്‍ജിന്‍ പെനാല്‍റ്റി നേരിട്ട ബൊട്ടാസും ഗ്രിഡില്‍ അവസാന സ്ഥാനത്തുനിന്നാണ് തുടങ്ങിയത്. നോറിസിന് മുന്നില്‍ ആറാം സ്ഥാനത്ത് എത്തിയ ഫെര്‍ണാണ്ടോ അലോണ്‍സോ തന്റെ ആല്‍പ്പീന്‍ ടീമിനായി നിര്‍ണായക പോയന്റുകള്‍ സ്വന്തമാക്കി. പി8, പി9, പി10 സ്ഥാനങ്ങളിലെത്തി പോയന്റുകള്‍ നേടിയത് യഥാക്രമം കിമി റൈക്കണന്‍, സെര്‍ജിയോ പെരസ്, ജോര്‍ജ് റസ്സല്‍ എന്നിവരാണ്. തങ്ങളുടെ മുന്നൂറാം ഗ്രാന്‍ പ്രീ റേസിനാണ് സോച്ചിയില്‍ ആല്‍ഫ ടോറി ഇറങ്ങിയത്.

റഷ്യന്‍ ജിപി വിജയത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡ്രൈവര്‍മാരുടെ പോയന്റ് പട്ടികയില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എന്നാല്‍ 2021 സീസണില്‍ പതിനഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വെര്‍സ്റ്റാപ്പനേക്കാള്‍ രണ്ട് പോയന്റ് മാത്രം മുന്നിലാണ് ഹാമില്‍ട്ടണ്‍. ലൂയിസ് ഹാമില്‍ട്ടണ്‍ 246.5 പോയന്റും മാക്‌സ് വെര്‍സ്റ്റാപ്പന്‍ 244.5 പോയന്റുമാണ് ഇതുവരെ നേടിയിരിക്കുന്നത്. ടീമുകളുടെ പോയന്റ് പട്ടികയില്‍ 397.5 പോയന്റുമായി മെഴ്‌സിഡസ് ഒന്നാമതും 364.5 പോയന്റുമായി റെഡ് ബുള്‍ രണ്ടാം സ്ഥാനത്തുമാണ്.

സോച്ചിയില്‍ പോള്‍ പൊസിഷനില്‍ മക്‌ലാറന്‍ ഡ്രൈവറായ ലാന്‍ഡോ നോറിസ് ആയിരുന്നു. ഇതോടെ എഫ്1 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ പോള്‍ സിറ്ററായി നോറിസ് മാറി. 2021 റഷ്യന്‍ ജിപി സമയത്ത് 21 വയസ്സും 316 ദിവസവുമായിരുന്നു ലാന്‍ഡോ നോറിസിന്റെ പ്രായം. 21 വയസ്സും 72 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ പോള്‍ പൊസിഷന്‍ നേടിയ സെബാസ്റ്റ്യന്‍ വെറ്റലിനാണ് ഇക്കാര്യത്തില്‍ റെക്കോഡ്. ഈ സീസണില്‍ പോള്‍ പൊസിഷന്‍ നേടുന്ന അഞ്ചാമത്തെ ഡ്രൈവറാണ് ലാന്‍ഡോ നോറിസ്. 2021 സീസണില്‍ എട്ട് തവണ വെര്‍സ്റ്റാപ്പനും മൂന്ന് തവണ ഹാമില്‍ട്ടണും പോള്‍ സിറ്ററായിരുന്നു. എട്ട് വര്‍ഷത്തിനും പത്ത് മാസത്തിനും ഒരു ദിവസത്തിനും ശേഷമാണ് മക്‌ലാറന്‍ പോള്‍ പൊസിഷന്‍ നേടുന്നത്. ഇതിനുമുമ്പ് 2012 നവംബര്‍ 24 ന് ബ്രസീലിലാണ് മക്‌ലാറന്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്. അന്ന് ടീമിന് തങ്ങളുടെ 155 ാം പോള്‍ പൊസിഷന്‍ നേടിക്കൊടുത്തത് ലൂയിസ് ഹാമില്‍ട്ടണ്‍ ആയിരുന്നു. മക്‌ലാറനായി ലൂയിസ് ഹാമില്‍ട്ടണ്‍ ഒടുവില്‍ മല്‍സരിച്ചതും അന്നുതന്നെ. 2021 റഷ്യന്‍ ഗ്രാന്‍ പ്രീയില്‍ മക്‌ലാറന്റെ 156 ാം പോള്‍ പൊസിഷനും തന്റെ കരിയറിലെ ആദ്യത്തേതും ലാന്‍ഡോ നോറിസ് നേടി.

സോച്ചിയില്‍ നടന്ന എഫ്2 ഫീച്ചര്‍ റേസില്‍ ഇന്ത്യന്‍ ഡ്രൈവറായ ജെഹാന്‍ ദാരുവാല മൂന്നാം സ്ഥാനം നേടി പോഡിയത്തില്‍ കയറിനിന്നു. റെഡ് ബുള്‍ ജൂനിയര്‍ ടീം അംഗമായ ഇരുപത്തിരണ്ടുകാരന്‍ മല്‍സരിക്കുന്നത് കാര്‍ലിന്‍ ടീമിനുവേണ്ടിയാണ്. അതേസമയം, ഈ വര്‍ഷം ഒരു പുതിയ എഫ്3 ചാമ്പ്യന്‍ ഉദിച്ചുയര്‍ന്നു. പ്രേമ റേസിംഗ് ടീമിന്റെ നോര്‍വീജിയന്‍ ഡ്രൈവറായ ഡെന്നിസ് ഹോഗറാണ് 2021 സീസണില്‍ കിരീടം നേടിയത്. റെഡ് ബുള്‍ ജൂനിയര്‍ ടീം അംഗമാണ് ഈ പതിനെട്ടുകാരന്‍.