Top Spec

The Top-Spec Automotive Web Portal in Malayalam

5.49 ലക്ഷം മുതല്‍ 5 സ്റ്റാര്‍ സുരക്ഷയോടെ ടാറ്റ പഞ്ച്

ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ പഞ്ചനക്ഷത്ര റേറ്റിംഗ് നേടാന്‍ ഇതിനകം ടാറ്റ പഞ്ചിന് കഴിഞ്ഞു

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈ വര്‍ഷം ഡിസംബര്‍ 31 വരെ മാത്രമായിരിക്കും ഈ വിലകളില്‍ ടാറ്റ പഞ്ച് വാങ്ങാന്‍ കഴിയുന്നത്. ഡീലര്‍ഷിപ്പുകളിലും വെബ്‌സൈറ്റിലും ഈ മാസമാദ്യം ബുക്കിംഗ് ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ബുക്കിംഗ് തുക. ഒരേയൊരു പവര്‍ട്രെയ്‌നിലും നാല് വേരിയന്റുകളിലും ഏഴ് കളര്‍ ഓപ്ഷനുകളിലും ടാറ്റ പഞ്ച് ലഭ്യമായിരിക്കും.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലൈറ്റുകള്‍, റൂഫ് റെയ്‌ലുകള്‍, 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, സി പില്ലറില്‍ നല്‍കിയ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, 90 ഡിഗ്രിയില്‍ തുറക്കാവുന്ന ഡോറുകള്‍ എന്നിവ ലഭിച്ചതാണ് ടാറ്റ പഞ്ച്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്രൈവ് മോഡുകള്‍ (സിറ്റി, ഇക്കോ), സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഐറ കണക്റ്റഡ് ടെക്‌നോളജി, കൂള്‍ഡ് ഗ്ലവ് ബോക്‌സ് എന്നിവയാണ് അകത്തെ വിശേഷങ്ങള്‍.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ്, റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ടാറ്റ പഞ്ചിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 84 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ കാമറ, സ്പീഡ് അലര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ബ്രേക്ക് സ്വേ കണ്‍ട്രോള്‍, ടയര്‍ പങ്ക്ചര്‍ റിപ്പയര്‍ കിറ്റ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.

ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ പഞ്ചനക്ഷത്ര റേറ്റിംഗ് നേടാന്‍ ഇതിനകം ടാറ്റ പഞ്ചിന് കഴിഞ്ഞു. നെക്‌സോണ്‍, അള്‍ട്രോസ് എന്നിവയ്ക്കുശേഷം 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിക്കുന്ന ടാറ്റ മോട്ടോഴ്‌സിന്റെ മൂന്നാമത്തെ മോഡലാണ് പഞ്ച്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടാറ്റ പഞ്ച് എന്ന് കമ്പനി അവകാശപ്പെടുന്നു. മുതിര്‍ന്നവരുടെ സുരക്ഷാ കാര്യത്തില്‍, പതിനേഴില്‍ 16.45 പോയന്റുകളാണ് ടാറ്റ പഞ്ച് നേടിയത്. അതേസമയം കുട്ടികളുടെ സംരക്ഷണത്തില്‍ 49 ല്‍ 40.89 പോയന്റ് നേടാനും കഴിഞ്ഞു. കാറിന്റെ ബോഡി ഷെല്‍ സുദൃഢമാണെന്നും റേറ്റിംഗ് ലഭിച്ചു.

പ്യുവര്‍ എംടി 5.49 ലക്ഷം രൂപ

അഡ്വഞ്ചര്‍ എംടി 6.39 ലക്ഷം രൂപ

അഡ്വഞ്ചര്‍ എഎംടി 6.99 ലക്ഷം രൂപ

അക്കംപ്ലിഷ്ഡ് എംടി 7.29 ലക്ഷം രൂപ

അക്കംപ്ലിഷ്ഡ് എഎംടി 7.89 ലക്ഷം രൂപ

ക്രിയേറ്റീവ് എംടി 8.49 ലക്ഷം രൂപ

ക്രിയേറ്റീവ് എഎംടി 9.09 ലക്ഷം രൂപ