ടെസ്റ്റ് ഡ്രൈവ് റിവ്യൂ: ഇന്ത്യന്‍ വിപണിയിലെ വല്യേട്ടന്‍മാരായ എസ്‌യുവികളെ പോലും വെല്ലുവിളിക്കാന്‍ തക്കവിധം പഞ്ചിനെ പ്രാപ്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്
ഒരു ഹാച്ച്ബാക്കിനുമപ്പുറം എസ്‌യുവി ഡിഎന്‍എ ലഭിച്ച ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഉല്‍പ്പന്നമാണ് പഞ്ച്. സബ്‌കോംപാക്റ്റ് എസ്‌യുവി എന്നാണ് ഔദ്യോഗികമായി വിളിക്കുന്നതെങ്കിലും നീളവും മറ്റും കണക്കിലെടുക്കുമ്പോള്‍ മൈക്രോ എസ്‌യുവി എന്ന ഗണത്തില്‍ ടാറ്റ പഞ്ചിനെ ഉള്‍പ്പെടുത്തേണ്ടിവരും. 3827 മില്ലിമീറ്റര്‍ മാത്രമാണ് ടാറ്റ പഞ്ചിന് നീളം. അതുകൊണ്ടുതന്നെ ടാറ്റ നിരയില്‍ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ (3993 എംഎം) താഴെ പുതിയ മോഡല്‍ സ്ഥാനം പിടിക്കും. ടാറ്റ അള്‍ട്രോസ് അടിസ്ഥാനമാക്കിയ അതേ ആല്‍ഫ ആര്‍ക്കിടെക്ചറിലാണ് പഞ്ച് നിര്‍മിച്ചിരിക്കുന്നത്. അതായത് ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ആല്‍ഫ ആര്‍ക്ക് അടിസ്ഥാനമാക്കുന്ന രണ്ടാമത്തെ മോഡലാണ് പഞ്ച്. ഒരു പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് പവര്‍ട്രെയ്ന്‍ ഓപ്ഷന്‍. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമായിരിക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ ‘ഇംപാക്റ്റ് 2.0’ ഡിസൈന്‍ ഭാഷയിലാണ് ടാറ്റ പഞ്ചിനെ അണിയിച്ചൊരുക്കിയത്. ഇരുവശങ്ങളിലും ഉയര്‍ന്നതും മധ്യഭാഗത്ത് കുഴിഞ്ഞ് നിരപ്പായതുമാണ് ബോണറ്റ്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ മുകളിലും പ്രൊജക്റ്റര്‍ ഹെഡ്‌ലാംപ് ക്ലസ്റ്റര്‍ താഴെയുമായി സ്പ്ലിറ്റ് ഹെഡ്‌ലാംപ് ലേഔട്ട് ടാറ്റ പഞ്ചിനും ലഭിച്ചു. ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി മോഡലുകളുമായി കുടുംബ ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ ഡിസൈന്‍. പിറകിലെ ഹോണിനായി ഗ്ലോസ് ബ്ലാക്ക് ഗ്രില്‍ പാനലില്‍ ‘ട്രൈ ആരോ’ ആകൃതിയില്‍ തുറന്നുനല്‍കി. മുന്നിലെ ബംപറിന്റെ താഴത്തെ പകുതിയില്‍ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നു. ഇവിടെ വലിയ എയര്‍ ഡാം നല്‍കി. ട്രൈ ആരോ ഡിസൈന്‍ ഘടകങ്ങളും ഇവിടെ കാണാം. പുതിയ ടാറ്റ കാറുകളിലെ തനത് സ്‌റ്റൈലിംഗ് പ്രകടനമായി ഈ ട്രൈ ആരോ ഡിസൈന്‍ മാറിയിരിക്കുന്നു. വശങ്ങളില്‍, 16 ഇഞ്ച് ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ആകര്‍ഷകമാണ്. വശങ്ങളിലെ കട്ടിയേറിയ കറുത്ത ക്ലാഡിംഗ്, കറുത്ത പില്ലറുകള്‍, കറുത്ത റൂഫ് എന്നിവയെല്ലാം ഈ കുഞ്ഞന്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഡുവല്‍ ടോണ്‍ ഫിനിഷ് നല്‍കുന്നതാണ്. അള്‍ട്രോസില്‍ കണ്ടതുപോലെ, പിന്‍ ഡോറുകളുടെ ഹാന്‍ഡിലുകള്‍ സി പില്ലറില്‍ നല്‍കാനാണ് ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചത്. പിറകിലെ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ വശങ്ങളിലേക്ക് നീണ്ടിരിക്കുന്നു. ടെയ്ല്‍ ലാംപുകളിലും അമ്പടയാളം കാണാം. ഉയര്‍ന്ന റൂഫ്, നിവര്‍ന്ന പില്ലറുകള്‍ എന്നിവയും ടാറ്റ പഞ്ചിന് എസ്‌യുവി ലുക്ക് നല്‍കുന്നു.

ടാറ്റ പഞ്ച് എസ്‌യുവിയുടെ അളവുകള്‍ പരിശോധിച്ചാല്‍, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3827 എംഎം, 1945 എംഎം, 1615 എംഎം എന്നിങ്ങനെയാണ്. 2,445 മില്ലിമീറ്ററാണ് വീല്‍ബേസ്. നെക്‌സോണിന്റെ അതേ ഉയരമാണ് പഞ്ചിന് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഇരുവരും സമശീര്‍ഷരാണ്. 366 ലിറ്ററാണ് ബൂട്ട് ശേഷി. പിന്‍സീറ്റ് മടക്കിയാല്‍ കൂടുതല്‍ കാര്‍ഗോ കൊണ്ടുപോകാന്‍ കഴിയും.
ഒരു പരിധി വരെ സമൃദ്ധമാണ് ഇന്റീരിയര്‍. ഡാഷ്ബോര്‍ഡ് ഡിസൈന്‍ ലളിതമാണ്. ചതുരാകൃതിയിലുള്ള എസി വെന്റുകള്‍ക്ക് സില്‍വര്‍/ബ്ലൂ ബെസെലുകള്‍ നല്‍കിയത് ആകര്‍ഷകമായി തോന്നി. കോണ്‍ട്രാസ്റ്റ് വൈറ്റ് പാനലുകള്‍, ടെക്‌സ്‌ചേര്‍ഡ് പ്ലാസ്റ്റിക് തുടങ്ങിയവ ആകര്‍ഷകവും ഉന്നത നിലവാരമുള്ളതുമാണ്. ഫ്‌ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകള്‍, സ്റ്റിയറിംഗ്, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കില്‍ കണ്ടതുതന്നെ. ഉയര്‍ന്ന സീറ്റിംഗ് നല്‍കിയതും അഭിനന്ദനീയം തന്നെ.

മുന്നിലെ സീറ്റുകള്‍ നല്ലതാണെങ്കിലും കുഷ്യനിംഗ് അല്‍പ്പം ദൃഢമാണ്. തുടകള്‍ക്ക് നല്ല പിന്തുണ ലഭിച്ചു. എന്നാല്‍ ഉയരമുള്ള ഡ്രൈവര്‍മാര്‍ക്ക് തൈ സപ്പോര്‍ട്ട് പോരായിരിക്കും. സീറ്റുകള്‍ ഉയര്‍ത്തിയാണ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, ആവശ്യാനുസരണം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യാം. അള്‍ട്രോസില്‍ നല്‍കിയതുപോലെ 90 ഡിഗ്രി വരെ തുറക്കാവുന്ന ഡോറുകള്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഏറെ അനുഗ്രഹമായിരിക്കും. ഇതോടെ വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും എളുപ്പമാകും. റിവേഴ്‌സ് കാമറയും അഡാപ്റ്റീവ് ഗൈഡ്‌ലൈനുകളും ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് എളുപ്പമാക്കും.

മേല്‍പ്പറഞ്ഞ വലുപ്പം മാത്രമായിട്ടും മുന്‍, പിന്‍ നിരകളില്‍ ധാരാളം ഹെഡ്‌റൂം, ഷോള്‍ഡര്‍ റൂം, ലെഗ്‌റൂം സൃഷ്ടിക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിരിക്കുന്നു. പിന്‍ നിരയില്‍ ക്രമീകരിക്കാവുന്ന ഹെഡ് റിസ്‌ട്രെയ്ന്റുകളും സെന്റര്‍ ആംറെസ്റ്റും നല്‍കിയതും ശ്രദ്ധേയമാണ്. ഫ്‌ളാറ്റ് ഫ്‌ളോര്‍ നല്‍കിയതിനാല്‍ പിന്‍ നിരയുടെ നടുവില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മൂന്നാമതൊരാള്‍ക്കും ഇരിക്കാം. എന്നാല്‍ കാറിന് വീതി കുറവായതിനാല്‍ ഞെരുങ്ങി യാത്ര ചെയ്യേണ്ടിവരും. പിന്‍ നിരയില്‍ എസി വെന്റുകള്‍ നല്‍കിയില്ലെന്നത് പോരായ്മയായി തോന്നി. കപ്പ്‌ഹോള്‍ഡറുകള്‍ ഉള്‍പ്പെടെ സ്റ്റോറേജ് ഇടങ്ങള്‍ നിരവധിയാണ്. ഗ്ലവ്‌ബോക്‌സ് വളരെ വലുതാണ്. എല്ലാ ഡോര്‍ പാനലുകളിലും വലിയ കുപ്പികള്‍ വെയ്ക്കാന്‍ കഴിയും.
ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ളതാണ് ഏഴ് ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. ആറ് സ്പീക്കറുകളോടുകൂടിയ ഹാര്‍മന്‍ ഓഡിയോ സിസ്റ്റം, ഓപ്ഷണല്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ (ഐറ) എന്നിവയും ലഭിച്ചു. എല്‍ഇഡി ഡിആര്‍എല്ലുകള്‍ സഹിതം ഓട്ടോമാറ്റിക് പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രിക് ഫോള്‍ഡിംഗ് മിററുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലവ്‌ബോക്‌സ്, പിറകില്‍ വൈപ്പര്‍ & വാഷര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, കോര്‍ണറിംഗ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലാംപുകള്‍, സെക്യൂരിറ്റി അലാം എന്നിവ ടോപ് സ്‌പെക് ടാറ്റ പഞ്ചിന്റെ ഫീച്ചറുകളാണ്.

ടിയാഗോ, ടിഗോര്‍, അള്‍ട്രോസ് മോഡലുകള്‍ ഉപയോഗിക്കുന്ന അതേ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ്, റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ടാറ്റ പഞ്ചിന് കരുത്തേകുന്നത്. എന്നാല്‍ ഇത്തവണ എന്‍ജിന്‍ പരിഷ്‌കരിച്ചു. ഡ്രൈവബിലിറ്റി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാം എയര്‍ സ്വീകരിക്കുന്നതിന് ഇന്‍ടേക്ക് പുതുക്കിപ്പണിതു. ഈ പുതിയ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 86 എച്ച്പി കരുത്തും 3,300 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കുമാണ് പരമാവധി സൃഷ്ടിക്കുന്നത്. എന്‍ജിന്‍ മെച്ചപ്പെടുത്തലുകളും ബിഎസ് 6 പാലിക്കുന്നതും കാരണം പവര്‍ ഡെലിവറി ഇപ്പോള്‍ സുഗമമാണ്. ഒന്നും രണ്ടും ഗിയര്‍ ഷിഫ്റ്റുകള്‍ തികച്ചും ഡ്രൈവര്‍ സൗഹൃദമാണ്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അനായാസം പ്രവര്‍ത്തിപ്പിക്കാം. ക്ലച്ച് ഭാരം കുറഞ്ഞതും പ്രവര്‍ത്തിക്കാന്‍ എളുപ്പവുമാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ഫീച്ചര്‍ സഹിതമാണ് മാന്വല്‍ വേര്‍ഷന്‍ വരുന്നത്. ഇന്ധനം ലാഭിക്കുന്നതിന് ഐഡ്‌ലിംഗ് സമയങ്ങളില്‍ എന്‍ജിന്‍ സ്വിച്ച് ഓഫ് ചെയ്യപ്പെടും. സ്റ്റോപ്പ്-ഗോ ട്രാഫിക് സാഹചര്യങ്ങളില്‍ 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ഉപകാരപ്രദമാണ്. എഎംടി ഗിയര്‍ബോക്‌സ് കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. ഹില്‍ ഹോള്‍ഡ് ഫീച്ചര്‍ ഇല്ലാത്തതിനാല്‍ കയറ്റം കയറുമ്പോള്‍ ഹാന്‍ഡ്‌ബ്രേക്കിന്റെ കാര്യം ഓര്‍മയില്‍ സൂക്ഷിക്കണം. രണ്ട് ട്രാന്‍സ്മിഷനുകള്‍ക്കും സിറ്റി, ഇക്കോ എന്നീ ഡ്രൈവിംഗ് മോഡുകള്‍ ലഭ്യമാണ്.

ടാറ്റ പഞ്ചിന്റെ ഹാന്‍ഡ്‌ലിംഗ് മികച്ചതാണ്. സസ്‌പെന്‍ഷന്‍ അല്‍പ്പം ദൃഢമായി തോന്നി. ഉയര്‍ന്ന വേഗതയിലും മികച്ച സ്റ്റബിലിറ്റി ലഭിക്കുന്നു. ഭാരം കുറഞ്ഞതും കൃത്യതയുള്ളതുമാണ് സ്റ്റിയറിംഗ്. ബ്രേക്കിംഗ് പ്രകടനം വളരെ ആത്മവിശ്വാസം നല്‍കുന്നു. എഎംടി പതിപ്പിന് ‘ട്രാക്ഷന്‍ പ്രോ’ മോഡ് സവിശേഷതയാണ്. 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് (അണ്‍ലേഡന്‍), 370 എംഎം വാട്ടര്‍ വേഡിംഗ് ശേഷി, ഓഫ് റോഡിംഗ് ആംഗിളുകള്‍ എന്നിവ നല്‍കി ഇന്ത്യന്‍ വിപണിയിലെ വല്യേട്ടന്‍മാരായ എസ്‌യുവികളെ പോലും വെല്ലുവിളിക്കാന്‍ തക്കവിധം ഈ ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനത്തെ പ്രാപ്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

ഒരു യഥാര്‍ത്ഥ എസ്‌യുവിയില്‍ കാണാവുന്ന പല ഘടകങ്ങളും ടാറ്റ പഞ്ചിന് ലഭിച്ചു. ഉയര്‍ന്ന സീറ്റിംഗ്, മതിയായ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ കൂടാതെ സ്‌റ്റൈലിഷ് എക്സ്റ്റീരിയര്‍, മതിയായ സ്ഥലസൗകര്യവും പ്രായോഗികതയും നിറഞ്ഞ ഉള്‍വശം എന്നിവ നല്‍കിയാണ് ടാറ്റ പഞ്ച് വിപണിയിലെത്തിക്കുന്നത്. ഈ മാസം 20 നാണ് വിപണി അവതരണം. 5.5 ലക്ഷത്തിനും 8 ലക്ഷത്തിനുമിടയില്‍ എക്‌സ് ഷോറൂം വില പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഒരു മികച്ച ‘കുഞ്ഞന്‍ പാക്കേജ്’ ആയിരിക്കും ടാറ്റ പഞ്ച്. ഹാച്ച്ബാക്കുകള്‍ക്ക് പകരമായി കൊടുക്കുന്ന പണത്തിന് തക്ക മൂല്യം ലഭിക്കുന്ന വാഹനമായി ടാറ്റ പഞ്ച് മാറും. എല്ലാ സെഗ്‌മെന്റുകളിലെയും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ടാറ്റ പഞ്ചിന് കഴിയും. സമീപഭാവിയില്‍ ഇലക്ട്രിക് വേര്‍ഷന്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.