Top Spec

The Top-Spec Automotive Web Portal in Malayalam

ഒറ്റയടിക്ക് 21 വാണിജ്യ വാഹനങ്ങള്‍; സിവി വിപണിയില്‍ ടാറ്റ തന്നെ രാജാവ്

നാലുചക്ര ലഘു വാണിജ്യ വാഹനങ്ങള്‍ മുതല്‍ 15 ടണ്‍ ഭാരമുള്ള ട്രാക്ടര്‍-ട്രെയിലര്‍, റിജിഡ് ട്രക്കുകള്‍ വരെ എല്ലാ സിവി സെഗ്‌മെന്റുകളിലെയും ഉല്‍പ്പന്നങ്ങളാണ് പുറത്തിറക്കിയത്

ഒറ്റ ദിവസം കൊണ്ട് 21 പുതിയ വാണിജ്യ വാഹന (സിവി) മോഡലുകളും വേരിയന്റുകളും വിപണിയില്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്! നാലുചക്ര ലഘു വാണിജ്യ വാഹനങ്ങള്‍ മുതല്‍ 15 ടണ്‍ ഭാരമുള്ള ട്രാക്ടര്‍-ട്രെയിലര്‍, റിജിഡ് ട്രക്കുകള്‍ വരെ എല്ലാ സിവി സെഗ്‌മെന്റുകളിലെയും ഉല്‍പ്പന്നങ്ങളാണ് പുറത്തിറക്കിയത്. കണ്‍സ്ട്രക്ക്, ട്രാക്ടര്‍-ട്രെയിലര്‍, റിജിഡ് ട്രക്ക് ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഏഴ് മീഡിയം & ഹെവി വാണിജ്യ വാഹനങ്ങള്‍, 4-18 ടണ്‍ ജിവിഡബ്ല്യു ഇടയില്‍ അഞ്ച് ഇന്റര്‍മീഡിയറ്റ് & ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ എന്നിവ പുതിയ ലൈനപ്പില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ലാസ്റ്റ് മൈല്‍ ഡെലിവറിക്കായി നാല് ചെറു വാണിജ്യ വാഹനങ്ങളും ഒരു പുതിയ ഇലക്ട്രിക് ബസ് ഉള്‍പ്പെടെ അഞ്ച് പുതിയ ബസുകളും വിപണിയിലെത്തിച്ചു.

ഹെവി-ഡ്യൂട്ടി ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന സിഗ്‌ന 5530.എസ്, കരുത്തുറ്റ 5.6 ലിറ്റര്‍ കമ്മിന്‍സ് എന്‍ജിന്‍ ഉപയോഗിക്കുന്ന സിഗ്‌ന 4623.എസ്, ഈ വ്യവസായത്തില്‍ ഇതാദ്യമായി ഇഎസ്‌സി സംവിധാനത്തോടെ വരുന്ന സിഗ്‌ന 4625.എസ് ഇഎസ്‌സി, ഇന്ധനക്ഷമതയുള്ള 5 ലിറ്റര്‍ ടര്‍ബോട്രോണ്‍ എന്‍ജിനോടുകൂടിയ സിഗ്‌ന 4221.ടി എന്നിവയാണ് എം&എച്ച്‌സിവി വിഭാഗത്തില്‍ അവതരിപ്പിച്ച ഏഴ് പുതിയ മോഡലുകള്‍. സിഗ്‌ന 4021.എസ് ട്രാക്ടര്‍-ട്രെയിലര്‍, 12.5ടി ലിഫ്റ്റ് ആക്സില്‍ സഹിതം ഇന്ത്യയിലെ ആദ്യ 10-വീലര്‍ 31ടി ട്രക്ക് കൂടിയായ സിഗ്‌ന 3118.ടി, റിയര്‍ എന്‍ജിന്‍ പവര്‍ ടേക്ക്-ഓഫ് സഹിതം പ്രൈമ 2830.കെ ആര്‍എംസി എന്നിവയും പുതുതായി അവതരിപ്പിച്ച വാഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം മുന്‍നിര്‍ത്തിയാണ് ഈ ട്രക്കുകള്‍ പുറത്തിറക്കിയതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.

ഐ&എല്‍സിവി വിഭാഗത്തില്‍, 4 ടണ്‍ മുതല്‍ 18 ടണ്‍ ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ് (ജിവിഡബ്ല്യു) വരെയുള്ള അഞ്ച് ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിച്ചത്. 11.5 ടണ്ണിന്റെ ബെസ്റ്റ്-ഇന്‍-ക്ലാസ് പേലോഡ് ശേഷിയുമായി വരുന്ന അള്‍ട്രാ ടി.18 എസ്എല്‍, ഈയിടെ പുറത്തിറക്കിയ 407ജി സിഎന്‍ജി പിക്ക്-അപ്പ് ട്രക്ക്, സ്വന്തം സെഗ്മെന്റില്‍ ഏറ്റവും വലിയ ലോഡിംഗ് ഏരിയ വാഗ്ദാനം ചെയ്യുന്ന പുതിയ 709ജി സിഎന്‍ജി, 10 അടി ലോഡ് ബോഡിയും ചെറിയ വീല്‍ബേസുമായി വരുന്ന എല്‍പിടി 510 എന്നിവ ഇതിലുള്‍പ്പെടുന്നു.

പുതിയ അള്‍ട്രാ ടി.6 മോഡലും കമ്പനി വിപണിയിലെത്തിച്ചു. ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ചെറു വാണിജ്യ വാഹനങ്ങളും (എസ്‌സിവി) പുറത്തിറക്കി. ഇ-കൊമേഴ്സ് ഡിസ്ട്രിബ്യൂഷന്‍ സെഗ്‌മെന്റിനായി രൂപകല്‍പ്പന ചെയ്ത പുതിയ ‘വിങ്ങര്‍ കാര്‍ഗോ’, പുതിയ ‘ഇന്‍ട്രാ വി30 ഹൈ’ ഡെക്ക് വേരിയന്റ് എന്നിവയാണ് അവതരിപ്പിച്ചത്. ഏസ് പെട്രോള്‍ സിഎക്സ്, കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഏസ് ഗോള്‍ഡ് ഡീസല്‍ പ്ലസ് എന്നിങ്ങനെ ഏസ് മിനി ട്രക്കിന്റെ രണ്ട് പുതിയ വേരിയന്റുകളും പുറത്തിറക്കി.

പാസഞ്ചര്‍ കാരിയര്‍ സെഗ്‌മെന്റിനായി അഞ്ച് പുതിയ ബസുകള്‍ അവതരിപ്പിച്ചു. ഇവയില്‍ അര്‍ബന്‍ മാസ് മൊബിലിറ്റിക്കായി സ്റ്റാര്‍ബസ് 4/12 എല്‍ഇ എന്ന പുതിയ ഇലക്ട്രിക് ബസ് ഉള്‍പ്പെടുന്നു. വിങ്ങര്‍ 15എസ്, 15 സീറ്റര്‍ വാന്‍, സ്‌കൂള്‍, സ്റ്റാഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ബസ് 2200, സിറ്റിറൈഡ് പ്രൈം എല്‍പിഒ 1315 ബസ് എന്നിവയാണ് മറ്റ് നാല് മോഡലുകള്‍. ഇന്റര്‍ സിറ്റി യാത്രാ ആവശ്യങ്ങള്‍ക്കായി മാഗ്ന കോച്ച് എന്ന 13.5 മീറ്റര്‍ ബസ് കൂടി വിപണിയിലെത്തിച്ചു.