Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ സെലറിയോ ബുക്കിംഗ് ആരംഭിച്ചു

നവംബര്‍ 10 ന് വിപണിയില്‍ അവതരിപ്പിക്കും

ഓള്‍ ന്യൂ മാരുതി സുസുകി സെലറിയോയുടെ ബുക്കിംഗ് ആരംഭിച്ചു! 11,000 രൂപയാണ് ബുക്കിംഗ് തുക. പുതിയ മോഡല്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. ഈ മാസം 10 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

പുതു തലമുറ കെ സീരീസ്, ഡുവല്‍ ജെറ്റ്, ഡുവല്‍ വിവിടി എന്‍ജിനായിരിക്കും പുതിയ സെലറിയോ ഉപയോഗിക്കുന്നത്. സെഗ്മെന്റില്‍ ഇതാദ്യമായി ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യ നല്‍കിയിരിക്കുന്നു. 5 സ്പീഡ് മാനുവല്‍, എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) എന്ന് മാരുതി വിളിക്കുന്ന എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന പെട്രോള്‍ കാറായിരിക്കും പുതിയ സെലറിയോ എന്ന് മാരുതി സുസുകി അവകാശപ്പെടുന്നു.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, പുതിയ സ്പ്ലിറ്റ്, സിംഗിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍, മുന്‍ ബംപറിലെ ഫോഗ് ലൈറ്റുകള്‍ക്കായി വലിയ ബ്ലാക്ക് ഇന്‍സെര്‍ട്ട്, ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, കറുത്ത അലോയ് വീലുകള്‍, പിറകില്‍ പുതിയ ബംപര്‍, പുതിയ ടെയ്ല്‍ ലൈറ്റുകള്‍, പിറകില്‍ വൈപ്പര്‍ ആന്‍ഡ് വാഷര്‍, ഡ്രൈവര്‍ സൈഡ് റിക്വസ്റ്റ് സെന്‍സര്‍, ഒആര്‍വിഎം മൗണ്ടഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ 2021 മാരുതി സുസുകി സെലറിയോയുടെ സവിശേഷതകളാണ്. അകത്ത്, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, പുതിയ എഎംടി ലിവര്‍, ലംബമായി നല്‍കിയ ദീര്‍ഘചതുരാകൃതിയുള്ള എസി വെന്റുകള്‍, മുന്നില്‍ പവര്‍ വിന്‍ഡോകള്‍ എന്നിവ ലഭിച്ചു.

തനത് സ്റ്റൈല്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) സാങ്കേതികവിദ്യ എന്നിവ ലഭിച്ച സെലറിയോ വിപണിയില്‍ അവതരിപ്പിച്ച കാലം മുതല്‍ വലിയ ഹിറ്റായി മാറിയെന്ന് മാരുതി സുസുകി ഇന്ത്യ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയില്‍ ഇരട്ട പെഡല്‍ സാങ്കേതികവിദ്യ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ സെലറിയോ വലിയ പങ്കാണ് വഹിച്ചത്. പുതിയ പെട്രോള്‍ എന്‍ജിന്‍, സ്‌റ്റൈലിഷ് ഡിസൈന്‍, നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ സെലറിയോ വരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.