Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ പഞ്ച്; ടാറ്റ മോട്ടോഴ്‌സിന്റെ കിടുക്കാച്ചി ഐറ്റം

ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഈ മാസം 20 ന് വില പ്രഖ്യാപിക്കും

ടാറ്റ പഞ്ച് ഒടുവില്‍ ഇന്ത്യയില്‍ അനാവരണം ചെയ്തു. ഇതോടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 21,000 രൂപയാണ് ബുക്കിംഗ് തുക. ഈ മാസം 20 ന് വില പ്രഖ്യാപനവും വിപണി അവതരണവും നടക്കും. ടാറ്റ നിരയില്‍ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ താഴെയായിരിക്കും പുതിയ മോഡലിന് സ്ഥാനം. 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്ബിഎക്സ് കണ്‍സെപ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദന പതിപ്പില്‍ വലിയ വ്യത്യാസങ്ങളില്ല. ആല്‍ഫ ആര്‍ക്ക് (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍) അടിസ്ഥാനമാക്കിയ ആദ്യ ടാറ്റ എസ്‌യുവിയാണ് പഞ്ച്. മാത്രമല്ല, ടാറ്റ മോട്ടോഴ്‌സിന്റെ ‘ഇംപാക്റ്റ് 2.0’ ഡിസൈന്‍ ഭാഷ ഈ വാഹനത്തിലും കാണാന്‍ കഴിയും.

ലുക്ക് പറഞ്ഞുതുടങ്ങിയാല്‍, കറുത്ത ഗ്രില്ലിലെ മൂന്ന് ട്രൈ ആരോ പാറ്റേണ്‍ പോലെ ടാറ്റ മോട്ടോഴ്‌സിന്റെ തനത് ഡിസൈന്‍ ഘടകങ്ങള്‍ കാണാന്‍ കഴിയും. ടാറ്റയുടെ സവിശേഷ സ്പ്ലിറ്റ് ലൈറ്റിംഗ് ഡിസൈന്‍ നല്‍കിയതാണ് അഗ്രസീവ് മുന്‍വശം. ഇരുവശങ്ങളിലും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍ (ഡിആര്‍എല്‍) നല്‍കി. അതേസമയം ബംപറില്‍ താഴെയാണ് പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍. എസ്‌യുവിത്തം ഉറപ്പാക്കുന്നവിധം വശങ്ങളിലും തടിച്ച ക്ലാഡിംഗ് തുടരുന്നു. 16 ഇഞ്ച് ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകളും റൂഫ് റെയിലുകളും എസ്‌യുവിയുടെ സ്‌റ്റൈല്‍ വര്‍ധിപ്പിക്കുന്നതാണ്. ഡുവല്‍ ടോണ്‍ ബോഡി കളര്‍ എസ്‌യുവിയുടെ ആകര്‍ഷകത്വം പിന്നെയും വര്‍ധിപ്പിക്കും. പിന്‍ഭാഗവും ഷാര്‍പ്പ്, സ്‌റ്റൈലിഷ് ആണെന്ന് പറയാം. മൊത്തത്തിലുള്ള ഡിസൈന്‍ ഭാഷയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് സ്‌കള്‍പ്റ്റഡ് ടെയ്ല്‍ഗേറ്റ്. ബംപറില്‍ ബോള്‍ഡ് ക്ലാഡിംഗ്, ചതുരാകൃതിയുള്ള എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവ രൂപകല്‍പ്പനയില്‍ എടുത്തുപറയേണ്ടവയാണ്.

ബ്ലാക്ക്, ഓഫ് വൈറ്റ് നിറങ്ങള്‍ ഉള്‍പ്പെടുന്ന ഡുവല്‍ ടോണ്‍ കാബിനാണ് നല്‍കിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ ലളിതമാണ്. നീല ബെസെലുകളോടുകൂടി തിരശ്ചീനമായി നല്‍കിയ എസി വെന്റുകള്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും. ടാറ്റ അള്‍ട്രോസില്‍ കണ്ടതിന് സമാനമാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഹാര്‍മന്‍ ഓഡിയോ സിസ്റ്റം എന്നിവ ലഭിച്ചു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ളതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. ടോപ് സ്‌പെക് വേരിയന്റില്‍ ടാറ്റ മോട്ടോഴ്‌സിന്റെ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയായ ‘ഐറ’ ഓപ്ഷണലായി ലഭിക്കും. 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഭാഗികമായി ഡിജിറ്റലാണ്. സെഗ്‌മെന്റില്‍ ഇതാദ്യമായി ടാറ്റ പഞ്ചിന് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം ലഭിച്ചു. എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് ഓട്ടോ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലവ്‌ബോക്‌സ്, ഓട്ടോ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയവ ഫീച്ചര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതേസമയം, പിന്‍ നിരയില്‍ എസി വെന്റുകളും മുന്‍ നിരയില്‍ മധ്യത്തിലായി ആംറെസ്റ്റും നല്‍കിയില്ല. ഡോറുകള്‍ 90 ഡിഗ്രിയില്‍ തുറക്കാന്‍ കഴിയും. 366 ലിറ്ററാണ് ബൂട്ട് ശേഷി.

ടാറ്റ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ടാറ്റ പഞ്ചിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3300 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. മികച്ച ലോ എന്‍ഡ് ടോര്‍ക്കിനായി എയര്‍ പ്രഷര്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഡൈനാമിക് പ്രോ സിസ്റ്റം നല്‍കി എന്‍ജിന്‍ പരിഷ്‌കരിച്ചു. സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓപ്ഷണലായി 5 സ്പീഡ് എഎംടിയും ലഭിക്കും. സെഗ്‌മെന്റില്‍ ഇതാദ്യമായി എഎംടി ഗിയര്‍ബോക്സിനൊപ്പം ട്രാക്ഷന്‍ പ്രോ മോഡുകള്‍ (സാന്‍ഡ്, റോക്ക്, മഡ്), 20.3 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 22.2 ഡിഗ്രി റാമ്പ് ഓവര്‍ ആംഗിള്‍, 37.6 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവ ഏത് ഭൂപ്രദേശങ്ങളും താണ്ടുന്നതിന് സഹായിക്കുന്ന എസ്‌യുവി ഫീച്ചറുകളാണ്. 187 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 365 എംഎം വാട്ടര്‍ വേഡിംഗ് ശേഷി എന്നിവയും ശ്രദ്ധേയങ്ങളാണ്.