Top Spec

The Top-Spec Automotive Web Portal in Malayalam

ഇതുവരെ വിറ്റത് അമ്പത് ലക്ഷം സ്‌കൂട്ടി

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വിറ്റുവരുന്ന ഉല്‍പ്പന്നം പുതിയ നാഴികക്കല്ല് പിന്നിട്ടു

ഇതുവരെ അഞ്ച് ദശലക്ഷം യൂണിറ്റ് സ്‌കൂട്ടി വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. സ്ത്രീ റൈഡര്‍മാരെ ലക്ഷ്യം വെച്ചാണ് ഇന്ത്യയില്‍ ഈ സ്‌കൂട്ടര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വിറ്റുവരുന്ന ഉല്‍പ്പന്നം ഇപ്പോള്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു.

സ്‌കൂട്ടിയുടെ ഏറ്റവും പുതിയ പതിപ്പായ സ്‌കൂട്ടി പെപ് പ്ലസ് ഒരു വേരിയന്റില്‍ മാത്രമാണ് വാങ്ങാന്‍ കഴിയുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. 57,959 രൂപ മുതലാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ഏപ്രണില്‍ സ്ഥാപിച്ച എല്‍ഇഡി ഡിആര്‍എല്‍, ഹാലൊജന്‍ ഹെഡ്‌ലൈറ്റ്, മുന്നില്‍ ഗ്ലവ് ബോക്സ്, യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, ‘ഈസി’ സ്റ്റാന്‍ഡ് സാങ്കേതികവിദ്യ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. വാഹനം സെന്‍ട്രല്‍ സ്റ്റാന്‍ഡിലേക്ക് മാറ്റുന്ന ശ്രമം എളുപ്പമാക്കുന്നതാണ് ഈസി സ്റ്റാന്‍ഡ് ടെക്‌നോളജി. 3ഡി ലോഗോ, പ്രത്യേക പാറ്റേണിലുള്ള സീറ്റ് എന്നിവ സ്‌കൂട്ടറിന്റെ മാറ്റ് സീരീസിന് ലഭിച്ചു.

മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍, 87.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഇടിഎഫ്‌ഐ ഇക്കോത്രസ്റ്റ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 3,500 ആര്‍പിഎമ്മില്‍ 5.36 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 6.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.