Top Spec

The Top-Spec Automotive Web Portal in Malayalam

ആവേശം പ്രസരിപ്പിക്കാന്‍ ബജാജിന്റെ പുതിയ പള്‍സര്‍ നക്ഷത്രങ്ങള്‍

പള്‍സര്‍ എന്‍250, പള്‍സര്‍ എഫ്250 ബൈക്കുകള്‍ക്ക് യഥാക്രമം 1.38 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില

ബജാജ് പള്‍സര്‍ എന്‍250, പള്‍സര്‍ എഫ്250 ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1.38 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവ രണ്ട് ബൈക്കുകള്‍ക്കും ലഭിച്ചു. പള്‍സര്‍ 220എഫ് മോട്ടോര്‍സൈക്കിളില്‍ കണ്ടതുപോലെ എഫ്250 മോഡലിന്റെ ഷാര്‍പ്പ് ലുക്കിംഗ് സെമി ഫെയറിംഗിലാണ് മടക്കാവുന്ന കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ ഉയര്‍ത്തി ഘടിപ്പിച്ചു. അതേസമയം, പ്രാമുഖ്യത്തോടെ സ്ഥാപിച്ച എല്‍ഇഡി ഹെഡ്‌ലൈറ്റ്, അഗ്രസീവ് മുന്‍വശം എന്നിവ ലഭിച്ചതാണ് നേക്കഡ് വേര്‍ഷനായ പള്‍സര്‍ എന്‍250. രണ്ട് ബൈക്കുകളുടെയും പിന്‍ഭാഗം വളരെ ഷാര്‍പ്പ് ആണെന്ന് പറയാം. പള്‍സര്‍ കുടുംബത്തിലെ മറ്റ് മിക്ക മോഡലുകളിലും കാണുന്ന ഇരട്ട എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍ ലഭിച്ചു. എന്‍എസ്/ആര്‍എസ് മോഡലുകളില്‍ കണ്ടതുതന്നെയാണ് അലോയ് വീല്‍ ഡിസൈന്‍.

249 സിസി, എസ്ഒഎച്ച്‌സി, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 24.5 എച്ച്പി കരുത്തും 21.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സഹിതം 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. ഒരു നോണ്‍ എന്‍എസ്/ആര്‍എസ് പള്‍സറിന് ഇതാദ്യമായാണ് മോണോഷോക്ക് ലഭിക്കുന്നത്. ഫ്രെയിം, സ്വിംഗ്ആം എന്നിവ വ്യത്യസ്തമാണ്. അണ്ടര്‍പിന്നിംഗ്‌സ് സംബന്ധിച്ച ഈ മാറ്റങ്ങള്‍ പള്‍സറിന്റെ ഡൈനാമിക്‌സ് മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നില്‍ 300 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. പതിനാല് ലിറ്ററാണ് പുതിയ പള്‍സറുകളുടെ ഇന്ധന ടാങ്കിന്റെ ശേഷി. പള്‍സര്‍ എന്‍250, പള്‍സര്‍ എഫ്250 മോഡലുകള്‍ക്ക് യഥാക്രമം 162 കിലോഗ്രാം, 164 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരം.