Top Spec

The Top-Spec Automotive Web Portal in Malayalam

ഫാക്റ്ററി ഫിറ്റഡ് ടൂറിംഗ് ആക്‌സസറികളുമായി ബജാജ് ഡോമിനര്‍ 400

ഡെല്‍ഹി എക്സ് ഷോറൂം വില 2.17 ലക്ഷം രൂപ

ദീര്‍ഘദൂര ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതി നേടിയ മോഡലാണ് ബജാജ് ഡോമിനര്‍ 400. അതുകൊണ്ടുതന്നെ നിരവധി ഉടമകളാണ് തങ്ങളുടെ ബൈക്കുകളില്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് ടൂറിംഗ് പാര്‍ട്ടുകളും ആക്‌സസറികളും വെച്ചുപിടിപ്പിച്ചത്. ഇപ്പോള്‍, നിരവധി ഫാക്റ്ററി ഫിറ്റഡ് ടൂറിംഗ് ആക്‌സസറികളുമായി ബജാജ് ഡോമിനര്‍ 400 പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 2.17 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന് 2.12 ലക്ഷം രൂപയാണ് വില. നിലവിലെ മോഡലിന് പകരമായി വരുന്ന പുതിയ പതിപ്പിന് ആക്സസറികള്‍ ചേര്‍ക്കുമ്പോള്‍ 5,000 രൂപ മാത്രമാണ് കൂടുതല്‍.

ദീര്‍ഘദൂര ടൂറിംഗിന് ഉപകരിക്കുന്നതാണ് പുതിയ ആക്സസറി പാക്കേജ്. വളരെ ഉയരമേറിയ വൈസര്‍, പുതിയ ഹാന്‍ഡ് ഗാര്‍ഡുകള്‍, പുതിയ ലഗേജ് കാരിയര്‍, പില്യണ്‍ ബാക്ക് റെസ്റ്റ് എന്നിവ നല്‍കി. ലോഹനിര്‍മിത എന്‍ജിന്‍ ബാഷ് പ്ലേറ്റ്, നേരാംവണ്ണം ഘടിപ്പിച്ച ലെഗ് ഗാര്‍ഡ് എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍. ഇതോടെ മോട്ടോര്‍സൈക്കിളിന്റെ ക്രാഷ് പ്രൊട്ടക്ഷന്‍ മെച്ചപ്പെട്ടു. നാവിഗേഷന്‍ ഡിവൈസുകള്‍ വെയ്ക്കുന്നതിന് കാസ്റ്റ് അലുമിനിയത്തില്‍ തീര്‍ത്ത നാവിഗേഷന്‍ സ്റ്റേ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നീ ഫീച്ചറുകളും നല്‍കി. പാക്കേജില്‍ ഉള്‍പ്പെടുത്തിയ ആക്സസറികള്‍ക്ക് പുറമേ, സാഡില്‍ ബാഗുകള്‍ക്കായി ഡീലര്‍ഷിപ്പുകളില്‍ നിന്ന് സാഡില്‍ സ്റ്റേ വില കൊടുത്ത് വാങ്ങാവുന്നതാണ്. ഈ ആക്സസറിയുടെ വില വെളിപ്പെടുത്തിയിട്ടില്ല.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 373.3 സിസി, ഡിഒഎച്ച്‌സി, എഫ്‌ഐ, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകുന്നു. ഈ മോട്ടോര്‍ 40 എച്ച്പി കരുത്തും 35 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പര്‍ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ഘടിപ്പിച്ചു. മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു. മുന്നിലും പിന്നിലും യഥാക്രമം 320 എംഎം ഡിസ്‌കുകളും 230 എംഎം ഡിസ്‌കുകളും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. മുന്നിലെയും പിന്നിലെയും 17 ഇഞ്ച് ചക്രങ്ങള്‍ ഉപയോഗിക്കുന്നത് യഥാക്രമം 110/70, 150/60 ടയറുകളാണ്. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.