Top Spec

The Top-Spec Automotive Web Portal in Malayalam

നീയെപ്പോഴാ ഇത്രയും വളര്‍ന്നത്, ക്ലാസിക് 350 ?

കൊച്ചി എക്‌സ് ഷോറൂം വില 1,84,374 രൂപയില്‍ ആരംഭിക്കുന്നു

കാത്തിരിപ്പിന് വിരാമമിട്ട് ഓള്‍ ന്യൂ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആകെ പതിനൊന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഓരോ നിറഭേദത്തിനും വില വ്യത്യസ്തമാണ്. കൊച്ചി എക്‌സ് ഷോറൂം വില 1,84,374 രൂപയില്‍ ആരംഭിക്കുന്നു. ജാവ ക്ലാസിക്, ഹോണ്ട ഹൈനസ് സിബി350 എന്നിവയാണ് എതിരാളികള്‍. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലാണ് ക്ലാസിക് 350. കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 80 ശതമാനത്തോളം ക്ലാസിക് 350 മോട്ടോര്‍സൈക്കിളാണ്.

മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിന് ശേഷം ജെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് പുതിയ ക്ലാസിക് 350. അതായത്, മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിന് സമാനമായ ഡബിള്‍ ക്രേഡില്‍ ഷാസി ലഭിച്ചു. രൂപകല്‍പ്പനയുടെ കാര്യത്തില്‍, മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളിന്റെ അതേ ഛായാരൂപം പുതു തലമുറ ക്ലാസിക് 350 തുടരുന്നതായി കാണാം.

പകുതി അനലോഗും പകുതി ഡിജിറ്റലുമാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. ഫ്യൂവല്‍ ഗേജ്, ഓഡോമീറ്റര്‍ തുടങ്ങിയവ ചെറിയ ഡിജിറ്റല്‍ റീഡ്ഔട്ട് പ്രദര്‍ശിപ്പിക്കും. അതേസമയം, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ് ടു എംപ്റ്റി എന്നിവ നല്‍കിയില്ല. ടോപ് സ്‌പെക് വേരിയന്റുകള്‍ക്ക് ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ‘ട്രിപ്പര്‍ നാവിഗേഷന്‍’ പോഡ് ലഭിച്ചു. ഹാന്‍ഡില്‍ബാര്‍, സ്വിച്ച്ഗിയര്‍ എന്നിവ മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളില്‍ കണ്ടതുതന്നെയാണ്.

ബ്രേക്കുകള്‍ പരിഷ്‌കരിച്ചു. മുന്നില്‍ 300 എംഎം ഡിസ്‌ക്കും പിന്നില്‍ 270 എംഎം ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ മികച്ച ബൈബ്രെ കാലിപറുകള്‍ ഉപയോഗിക്കുന്നു. മുന്നില്‍ തടിച്ച 41 എംഎം ഫോര്‍ക്കുകള്‍ നല്‍കി. പിന്നില്‍ കൂടുതലായി ട്രാവല്‍ ചെയ്യുന്ന ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ നല്‍കിയതോടെ റൈഡിംഗ് കൂടുതല്‍ സുഖകരമാകുമെന്ന് പറയപ്പെടുന്നു. മുന്നില്‍ 19 ഇഞ്ച് വ്യാസമുള്ള ചക്രവും പിന്നില്‍ 18 ഇഞ്ച് വ്യാസമുള്ള ചക്രവുമാണ് ഉപയോഗിക്കുന്നത്. മുന്നില്‍ 100 എംഎം സെക്ഷന്‍ ടയറും പിന്നില്‍ 120 എംഎം സെക്ഷന്‍ ടയറും നല്‍കി. മീറ്റിയോര്‍ 350 പോലെ ചില വേരിയന്റുകള്‍ക്ക് അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും ലഭിച്ചു.

അതേ 349 സിസി, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എന്‍ജിനാണ് 2021 ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,100 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

‘മേക്ക് ഇറ്റ് യുവേഴ്‌സ്’ വഴി നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് നിറങ്ങളും സീറ്റ് ഓപ്ഷനുകളും ആക്‌സസറികളും തെരഞ്ഞെടുക്കാന്‍ കഴിയും.