Top Spec

The Top-Spec Automotive Web Portal in Malayalam

ഫോര്‍മുല വണ്ണില്‍ നിന്ന് വിരമിക്കുന്നതായി കിമി റൈക്കൊണന്‍

19 സീസണുകള്‍ നീണ്ട എഫ്1 കരിയറിന് ഉടമയായ റൈക്കൊണന്‍ 2007 ല്‍ ലോക ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു

2021 സീസണ്‍ അവസാനിക്കുന്നതോടെ ഫോര്‍മുല വണ്ണില്‍ നിന്ന് വിരമിക്കുമെന്ന് ഫിന്നിഷ് ഡ്രൈവറായ കിമി റൈക്കൊണന്‍ പ്രഖ്യാപിച്ചു. 19 സീസണുകള്‍ നീണ്ട എഫ്1 കരിയറിന് ഉടമയായ റൈക്കൊണന്‍ 2007 ല്‍ ലോക ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു. നിലവില്‍ ആല്‍ഫ റൊമേയോ റേസിംഗ് ടീമിനുവേണ്ടിയാണ് കിമി റൈക്കൊണന്‍ മല്‍സരിക്കുന്നത്. 2019 ലാണ് ഈ ടീമില്‍ ചേര്‍ന്നത്. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ അവസാനിക്കും. കിമി റൈക്കൊണന്‍ വിരമിക്കുമ്പോള്‍ പകരം ആരെന്ന് ടീമിന് വ്യക്തമാക്കേണ്ടിവരും. നിലവിലെ മെഴ്സേഡസ് ഡ്രൈവറും സ്വന്തം നാട്ടുകാരനുമായ വാല്‍ത്തെറി ബൊത്താസ് പകരം വരുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് വിരമിക്കുന്ന കാര്യം റൈക്കൊണന്‍ വ്യക്തമാക്കിയത്. ഇത് തന്റെ അവസാന ഫോര്‍മുല 1 സീസണായിരിക്കും. കഴിഞ്ഞ ശൈത്യകാലത്ത് എടുത്ത തീരുമാനമാണിത്. എന്നാല്‍ ഇത്തരമൊരു തീരുമാനം എളുപ്പമായിരുന്നില്ല. നിലവിലെ സീസണുശേഷം പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2021 സീസണ്‍ ഇപ്പോഴും തുടരുകയാണെങ്കിലും സ്വന്തം കുടുംബത്തിനും തന്റെ എല്ലാ ടീമുകള്‍ക്കും റേസിംഗ് കരിയറില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും, പ്രത്യേകിച്ച് തന്റെ എല്ലാ ആരാധകര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നതായി കിമി റൈക്കൊണന്‍ പ്രസ്താവിച്ചു.

2001 ഓസ്ട്രേലിയന്‍ ജിപിയില്‍ സൗബറിനൊപ്പമാണ് കിമി റൈക്കൊണന്‍ അരങ്ങേറ്റം കുറിച്ചത്. ആ വര്‍ഷം കണ്‍സ്ട്രക്ടര്‍മാരുടെ ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ നാലാം സ്ഥാനത്തേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതേതുടര്‍ന്ന് അഞ്ച് വര്‍ഷം മക്‌ലാറനുവേണ്ടി ഓടി. പിന്നീട് ഫെറാറിയിലേക്ക് കൂടുമാറി. ഫെറാറിയുടെ ഏറ്റവും ഒടുവിലത്തെ എഫ്1 ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവാണ് കിമി റൈക്കൊണന്‍. ലൂയിസ് ഹാമില്‍ട്ടണെയും ഫെര്‍ണാണ്ടോ അലോണ്‍സോയെയും പിന്തള്ളിയാണ് 2007 ല്‍ ലോക കിരീടം നേടിയത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോട്ടസിനൊപ്പം ഫോര്‍മുല വണ്ണിലേക്ക് തിരിച്ചെത്തി. പിന്നീട് അഞ്ച് വര്‍ഷത്തേക്ക് ഫെറാറിയിലേക്ക് തിരികെപ്പോയി. 2019 ലാണ് ആല്‍ഫ റൊമേയോ റേസിംഗ് ടീമിനായി കരാര്‍ ഒപ്പുവെച്ചത്. മൂന്ന് സീസണുകളില്‍ മല്‍സരിച്ചശേഷം ഫോര്‍മുല വണ്ണില്‍ നിന്ന് കിമി റൈക്കൊണന്‍ വിരമിക്കുകയാണ്. സൗബര്‍ ടീം പുനര്‍നാമകരണം ചെയ്തതാണ് ആല്‍ഫ റൊമേയോ റേസിംഗ്. അതുകൊണ്ടുതന്നെ കിമി റൈക്കൊണന്‍ ഫോര്‍മുല വണ്ണില്‍ അരങ്ങേറിയതും വിരമിക്കുന്നതും ഒരേ ടീമിനുവേണ്ടിയാണെന്ന് പറയാം.

ഏറ്റവും കൂടുതല്‍ എഫ്1 സ്റ്റാര്‍ട്ടുകളുടെ റെക്കോഡ് നിലവില്‍ കിമി റൈക്കൊണന്റെ പേരിലാണ്. 344 ഗ്രാന്‍ പ്രീ എന്‍ട്രികള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്രയും എന്‍ട്രികളില്‍ നിന്നായി 21 വിജയങ്ങള്‍ കരസ്ഥമാക്കി. ഈ സീസണ്‍ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന് 42 വയസ്സായിരിക്കും.