Top Spec

The Top-Spec Automotive Web Portal in Malayalam

മാരുതി സുസുകിയുടെ വമ്പന്‍ തിരിച്ചുവിളി

2018 മെയ് 4 നും 2020 ഒക്‌റ്റോബര്‍ 27 നും ഇടയില്‍ നിര്‍മിച്ച 1,81,754 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്

മാരുതി സുസുകി 1.80 ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. എര്‍ട്ടിഗ, സിയാസ്, വിറ്റാര ബ്രെസ, എക്‌സ്എല്‍6, എസ് ക്രോസ് എന്നിവയുടെ പെട്രോള്‍ വകഭേദങ്ങള്‍ ഉള്‍പ്പെടെയാണ് തിരിച്ചുവിളിച്ചത്. മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റില്‍ (എംജിയു) തകരാറ് സംശയിക്കുന്നതിനെതുടര്‍ന്നാണ് തിരിച്ചുവിളി. 2018 മെയ് 4 നും 2020 ഒക്‌റ്റോബര്‍ 27 നും ഇടയില്‍ നിര്‍മിച്ച, കൃത്യമായി പറഞ്ഞാല്‍ 1,81,754 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഇവയില്‍ എര്‍ട്ടിഗ, വിറ്റാര ബ്രെസ എന്നിവ അരീന മോഡലുകളും എക്‌സ്എല്‍6, എസ് ക്രോസ്, സിയാസ് എന്നിവ നെക്‌സ മോഡലുകളുമാണ്.

തിരിച്ചുവിളിച്ച വാഹനങ്ങളുടെ മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റ് പരിശോധിക്കും. തകരാറ് കണ്ടെത്തിയാല്‍ സൗജന്യമായി മാറ്റി സ്ഥാപിക്കും. അംഗീകൃത മാരുതി സുസുകി വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടും. നവംബര്‍ ആദ്യ വാരം മുതല്‍ ഘട്ടം ഘട്ടമായി അറ്റകുറ്റപ്പണികള്‍ നടത്തും. അതുവരെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നതും വാഹനത്തിന്റെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് ഭാഗങ്ങളില്‍ നേരിട്ട് വെള്ളം തളിക്കുന്നതും ഒഴിവാക്കണമെന്ന് മാരുതി സുസുകി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.

തിരിച്ചുവിളിച്ചവയില്‍ സ്വന്തം വാഹനം ഉള്‍പ്പെട്ടോ എന്നറിയുന്നതിന് ഉപയോക്താക്കള്‍ക്ക് മാരുതി സുസുകി വെബ്സൈറ്റിലെയും (വിറ്റാര ബ്രെസ, എര്‍ട്ടിഗ) നെക്‌സ വെബ്സൈറ്റിലെയും (എക്‌സ്എല്‍6, എസ് ക്രോസ്, സിയാസ്) ‘ഇംപോര്‍ട്ടന്റ് കസ്റ്റമര്‍ ഇന്‍ഫോ’ വിഭാഗം സന്ദര്‍ശിക്കാവുന്നതാണ്. ഇവിടെ വാഹനത്തിന്റെ ഷാസി നമ്പര്‍ വിശദാംശങ്ങള്‍ നല്‍കിയാല്‍ മതിയാകും.