Top Spec

The Top-Spec Automotive Web Portal in Malayalam

സ്വന്തം ആരാധകര്‍ക്കുമുന്നില്‍ ആധികാരിക ജയവുമായി വെര്‍സ്റ്റാപ്പന്‍

ലോക ചാമ്പ്യന്‍ഷിപ്പിലെ ലീഡ് മാക്‌സ് വെര്‍സ്റ്റാപ്പന്‍ തിരിച്ചുപിടിച്ചു

36 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരികെയെത്തിയ ആദ്യ ഡച്ച് ജിപിയില്‍ റെഡ് ബുള്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റാപ്പന് ജയം. ബെല്‍ജിയത്തില്‍ ജനിച്ച ഡച്ച് ഡ്രൈവറുടെ വേഗതയ്ക്ക് മുന്നില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണിന് ഉത്തരമില്ലായിരുന്നു. മല്‍സരത്തിന്റെ അവസാന പകുതിയില്‍ തേയ്മാനം വന്ന ടയറുകളുമായി സാന്റ്‌ഫോര്‍ട്ട് സര്‍ക്യൂട്ടില്‍ കുതിച്ച ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്തെത്തി. ലോക ചാമ്പ്യന്‍ഷിപ്പിലെ ലീഡ് തിരിച്ചുപിടിക്കാന്‍ ഈ വിജയത്തോടെ വെര്‍സ്റ്റാപ്പന് കഴിഞ്ഞു. അതേസമയം മല്‍സരത്തിലെ ഏറ്റവും വേഗതയേറിയ ലാപ്പ് ഹാമില്‍ട്ടണിന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. നൂറ് ഗ്രാന്‍ പ്രീ വിജയങ്ങളെന്ന റെക്കോഡ് കരസ്ഥമാക്കാന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ കാത്തിരുന്നേ മതിയാകൂ. മെഴ്‌സിഡസിന്റെ മറ്റൊരു ഡ്രൈവറായ വാല്‍ട്ടെറി ബൊട്ടാസ് പി3 നേടി. അടുത്ത സീസണില്‍ ആല്‍ഫ റൊമേയോ റേസിംഗ് ടീമിനുവേണ്ടിയാണ് ബൊട്ടാസ് മല്‍സരിക്കുന്നത്.

ആദ്യ മൂന്ന് സ്ഥാനക്കാരില്‍ നിന്ന് വളരെ സമയമെടുത്ത് ആല്‍ഫ ടോറിക്ക് വേണ്ടി പിയര്‍ ഗാസ്‌ലി നാലാം സ്ഥാനം നേടി. ഫെറാറിയുടെ ചാള്‍സ് ലെക്ലര്‍ക്ക് അഞ്ചാമതായി ഫിനിഷ് ചെയ്തു. അവസാന ലാപ്പില്‍ ഫെറാറിയുടെ കാര്‍ലോസ് സൈന്‍സ് ജൂനിയറിനെ പിന്നിലാക്കി ആല്‍പ്പീന്‍ താരം ഫെര്‍ണാണ്ടോ അലോണ്‍സോ ആറാം സ്ഥാനം കരസ്ഥമാക്കി. മിക്ക സമയത്തും ഫെറാറിയിലെ സഹതാരത്തെ പിന്തുടര്‍ന്നെങ്കിലും അലോണ്‍സോയുടെ പിറകില്‍ ഏഴാം സ്ഥാനത്താണ് സൈന്‍സ് തന്റെ റേസ് അവസാനിപ്പിച്ചത്. രണ്ടാമത്തെ റെഡ് ബുള്‍ ഡ്രൈവറായ സെര്‍ജിയോ പെരസ് എട്ടാമത് ഫിനിഷ് ചെയ്തു. എന്‍ജിന്‍ മാറ്റാന്‍ ടീം തീരുമാനിച്ചതോടെ പെനാല്‍റ്റി അഭിമുഖീകരിച്ച സെര്‍ജിയോ പെരസ്, പിറ്റ് ലെയ്‌നില്‍ നിന്ന് ഓടിത്തുടങ്ങിയാണ് പി8 നേടിയത്.

മാക്‌സ് വെര്‍സ്റ്റാപ്പന് തന്നെയായിരുന്നു ഡച്ച് ജിപിയിലെ പോള്‍ പൊസിഷന്‍. മുന്‍ നിരയില്‍ കൂട്ടായി ലൂയിസ് ഹാമില്‍ട്ടണ്‍. മൂന്നാമത് നിലയുറപ്പിച്ചത് വാല്‍ട്ടെറി ബൊട്ടാസ്. ഹോം ഗ്രാന്‍ പ്രീയില്‍ ഇതാദ്യമായാണ് മാക്‌സ് വെര്‍സ്റ്റാപ്പന്‍ പോള്‍ പൊസിഷന്‍ നേടിയത്. മാത്രമല്ല, ഗ്രിഡിലെ ഒരേയൊരു ഡച്ച് ഡ്രൈവറായിരുന്നു വെര്‍സ്റ്റാപ്പന്‍.

ഈ സീസണിലെ ഡ്രൈവര്‍മാരുടെ ലീഡ് നിലയില്‍ 224.5 പോയന്റുമായി ഇപ്പോള്‍ മാക്‌സ് വെര്‍സ്റ്റാപ്പനാണ് മുന്നില്‍. ഡച്ച് ജിപി കഴിഞ്ഞതോടെ 221.5 പോയന്റുമായി ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. 123 പോയന്റുമായി വാല്‍ട്ടെറി ബൊട്ടാസ് വളരെ പിന്നിലാണ്. കണ്‍സ്ട്രക്ടര്‍മാരുടെ ലീഡ് നിലയില്‍ 344.5 പോയന്റുമായി മെഴ്‌സിഡസ് മുന്നില്‍ തുടരുന്നു. 332.5 പോയന്റുമായി റെഡ് ബുള്‍ റേസിംഗ് ഹോണ്ട രണ്ടാമതാണ്. മൂന്നാം സ്ഥാനത്തുള്ള ഫെറാറിയുടെ പോയന്റ് 181.5 മാത്രമാണ്.

ഫെറാറിക്കുവേണ്ടി അമ്പതാം ജിപി റേസിനാണ് നെതര്‍ലന്‍ഡ്‌സിലെ മനോഹരമായ സാന്റ്‌ഫോര്‍ട്ട് സര്‍ക്യൂട്ടില്‍ ചാള്‍സ് ലെക്ലര്‍ക്ക് ഇറങ്ങിയത്. മഴയില്‍ ഒലിച്ചുപോയ ബെല്‍ജിയം ജിപിയില്‍ റെഡ് ബുള്‍ റേസിംഗ്, ഹോണ്ട റേസിംഗ് സഖ്യം അമ്പത് റേസ് പൂര്‍ത്തിയാക്കിയിരുന്നു. വില്യംസ് റേസിംഗ് ഡ്രൈവറായ ജോര്‍ജ് റസ്സല്‍ തന്റെ കരിയറിലെ ആദ്യ പോഡിയമാണ് ബെല്‍ജിയം ജിപിയില്‍ നേടിയത്. ജോര്‍ജ് റസ്സല്‍, മക്‌ലാറന്‍ ഡ്രൈവറായ ലാന്‍ഡോ നോറിസ് എന്നിവര്‍ അമ്പത് റേസുകള്‍ പൂര്‍ത്തിയാക്കിയ ഗ്രാന്‍ പ്രീ കൂടിയായിരുന്നു ബെല്‍ജിയം ജിപി.

1985 നുശേഷം ഇപ്പോഴാണ് ഡച്ച് ഗ്രാന്‍ പ്രീ അരങ്ങേറുന്നത്. സ്വന്തം നാട്ടിലെ ആരാധകര്‍ക്ക് മുന്നിലാണ് മാക്‌സ് വെര്‍സ്റ്റാപ്പന്‍ ആധികാരിക ജയം നേടിയത്. അടുത്തതായി സെപ്റ്റംബര്‍ 12 ന് ഇറ്റാലിയന്‍ ജിപി നടക്കും.