Top Spec

The Top-Spec Automotive Web Portal in Malayalam

വിജയം തുടരാന്‍ പുതിയ റെനോ ക്വിഡ്

പരിഷ്‌കരിച്ച ഹാച്ച്ബാക്കിന് 4.06 ലക്ഷം മുതല്‍ 5.51 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില

ഈ വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് റെനോ ഇന്ത്യ. ആഘോഷങ്ങളുടെ ഭാഗമായി 2021 മോഡല്‍ റെനോ ക്വിഡ് വിപണിയില്‍ അവതരിപ്പിച്ചു. പരിഷ്‌കരിച്ച ഹാച്ച്ബാക്കിന് 4.06 ലക്ഷം മുതല്‍ 5.51 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ ഗെയിം ചേഞ്ചര്‍ മോഡലാണ് ക്വിഡ്.

പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് എന്‍ട്രി ലെവല്‍ കാറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ചത്. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ഇരട്ട എയര്‍ബാഗുകള്‍ നല്‍കിയതാണ് 2021 റെനോ ക്വിഡില്‍ വരുത്തിയ വലിയ പരിഷ്‌കാരം. പരിഷ്‌കാരങ്ങളുടെ ഭാഗമായി ഡ്രൈവര്‍ സൈഡ് പൈറോടെക് ആന്‍ഡ് പ്രീടെന്‍ഷനര്‍ ലഭിച്ചു.

വൈറ്റ്, ബ്ലാക്ക് റൂഫ് എന്നിവ സഹിതം 2021 റെനോ ക്വിഡ് ക്ലൈംബറിന് പുതിയ ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം ലഭിച്ചു. ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒആര്‍വിഎമ്മുകള്‍, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം എന്നിവ ഈ വകഭേദത്തിന്റെ മറ്റ് സവിശേഷതകളാണ്.

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനുകളാണ് ഇപ്പോഴും ഹാച്ച്ബാക്കിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. 1.0 ലിറ്റര്‍ എന്‍ജിന്‍, 5 സ്പീഡ് എഎംടി കൂട്ടുകെട്ടിലും റെനോ ക്വിഡ് ലഭ്യമാണ്.

ഇതോടൊപ്പം, സെപ്റ്റംബര്‍ മാസത്തേക്കായി പ്രത്യേക ഓഫറുകള്‍ റെനോ ഇന്ത്യ പ്രഖ്യാപിച്ചു. വിവിധ മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. പത്താം വാര്‍ഷികാഘോഷങ്ങള്‍ പ്രമാണിച്ച് പത്ത് ലോയല്‍റ്റി റിവാര്‍ഡുകളും കമ്പനി അവതരിപ്പിച്ചു. 1.10 ലക്ഷം രൂപ വരെയാണ് പരമാവധി ആനുകൂല്യങ്ങള്‍. റെഗുലര്‍ ഓഫറുകള്‍ക്ക് പുറമേയാണിത്.