Top Spec

The Top-Spec Automotive Web Portal in Malayalam

മില്ലെനിയലുകളെ ലക്ഷ്യമാക്കി ഹോണ്ട സിബി200എക്‌സ്

ഗുരുഗ്രാം എക്‌സ് ഷോറൂം വില 1,44,500 രൂപ

ഹോണ്ട സിബി200എക്‌സ് ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും താങ്ങാവുന്ന വിലയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) വിപണിയിലെത്തിക്കുന്ന അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളാണ് സിബി200എക്‌സ്. ഹോണ്ട ഹോര്‍നറ്റ് 2.0 നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് സിബി200എക്‌സ്. ഇരു മോഡലുകളും തമ്മില്‍ ധാരാളം പൊതു ഘടകങ്ങള്‍ കാണാന്‍ കഴിയും. ഹോണ്ട ഹോര്‍നറ്റ് 2.0 മോട്ടോര്‍സൈക്കിളിന് മുകളിലാണ് പുതിയ മോഡലിന് സ്ഥാനം. 1,44,500 രൂപയാണ് ഗുരുഗ്രാം എക്‌സ് ഷോറൂം വില. ഹീറോ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കൂടുതലാണ്. ഹീറോ മോഡലിന് ഏകദേശം 1.20 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

സിബി200എക്‌സ് മോട്ടോര്‍സൈക്കിളുമായി പുതിയ മേഖലയിലേക്ക് ധീരമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ഹോണ്ട. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ് ഇപ്പോള്‍ തീര്‍ച്ചയായും വലിയ പ്രചാരം നേടിവരികയാണ്. ഹോണ്ടയുടെ സിബി നെയിംപ്ലേറ്റിന്റെ പെരുമ ഇന്ത്യക്കാര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇതോടൊപ്പം ‘എക്‌സ്’ ചേര്‍ത്ത് അഡ്വഞ്ചര്‍ ടൂറിംഗ് പാക്കേജ് സമ്മാനിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കള്‍. അടുത്ത തലമുറ മില്ലെനിയലുകളെ ലക്ഷ്യമാക്കിയാണ് സിബി200എക്‌സ് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഹോണ്ട ഹോര്‍നറ്റ് 2.0 മോട്ടോര്‍സൈക്കിളുമായി നിരവധി ഡിസൈന്‍ സാമ്യതകള്‍ പങ്കുവെയ്ക്കുന്നതാണ് സിബി200എക്‌സ്. നേക്കഡ് സഹോദരനെപ്പോലെ ഷാര്‍പ്പ് ലുക്കിംഗ് എല്‍ഇഡി ഹെഡ്‌ലൈറ്റ് കാണാം. കൂടാതെ പ്ലാസ്റ്റിക് നക്കിള്‍ ഗാര്‍ഡുകളില്‍ എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, ടിന്റഡ് വിന്‍ഡ്സ്‌ക്രീന്‍, ഉയരമേറിയ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവയും ലഭിച്ചു.

സ്പ്ലിറ്റ് സീറ്റുകള്‍, എന്‍ജിന്‍ കൗള്‍, ഡുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നിവയിലും ഹോണ്ട സിബി200എക്‌സ് അഭിമാനിക്കുന്നു. അതേസമയം, ഏതാണ്ട് ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാര്‍ സംവിധാനമാണ് ഹോര്‍നറ്റ് 2.0 മോട്ടോര്‍സൈക്കിളില്‍ നല്‍കിയതെങ്കില്‍ നിവര്‍ന്ന ഹാന്‍ഡില്‍ബാര്‍ സജ്ജീകരിച്ചതാണ് സിബി200എക്‌സ്. ഓണ്‍ റോഡുകളിലും ഓഫ് റോഡുകളിലും ഇത് ഏറെ സഹായിക്കും. മുന്നില്‍ സ്വര്‍ണ നിറമുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും നല്‍കി. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ, ഡുവല്‍ ചാനല്‍ എബിഎസ് സഹിതം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, കറുത്ത അലോയ് വീലുകള്‍, ഇന്ധന ടാങ്കില്‍ ഘടിപ്പിച്ച കീ എന്നിവ മറ്റ് സവിശേഷതകളാണ്.

പെര്‍ഫോമന്‍സ് സംബന്ധിച്ചിടത്തോളം, ഹോണ്ട ഹോര്‍നറ്റ് 2.0 ഉപയോഗിക്കുന്ന അതേ 184.4 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹോണ്ട സിബി200എക്‌സ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 17 ബിഎച്ച്പി കരുത്തും 16.1 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു.