Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യ വിടുകയാണെന്ന് ഫോഡ്

ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പ്രാബല്യത്തോടെ നിര്‍ത്തിവെയ്ക്കും

ഇന്ത്യയിലെ പ്രവര്‍ത്തന പദ്ധതികള്‍ പുന:സംഘടിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ. ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പ്രാബല്യത്തോടെ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ നിര്‍ത്തിവെയ്ക്കും. 2021 നാലാം പാദത്തോടെ ഗുജറാത്ത് സാനന്ദിലെ അസംബ്ലി പ്ലാന്റിന് താഴ് വീഴും. 2022 രണ്ടാം പാദത്തോടെ ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും. അതേസമയം, മസ്താങ് കൂപ്പെ, റേഞ്ചര്‍ പിക്കപ്പ് എന്നീ മോഡലുകള്‍ കൂടാതെ മസ്താങ് മാക്-ഇ പോലുള്ള ഇലക്ട്രിക് വാഹനങ്ങളും ഫോഡ് ഇന്ത്യയില്‍ വില്‍ക്കും. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഈ മോഡലുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.

ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കളെ പെരുവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സര്‍വീസ്, ആഫ്റ്റര്‍മാര്‍ക്കറ്റ് പാര്‍ട്‌സ്, വില്‍പ്പന നടത്തിയ വാഹനങ്ങള്‍ക്കുള്ള വാറന്റി കവറേജ് എന്നിവ ഉള്‍പ്പെടെയുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് ലഭ്യമാക്കും. ഡീലര്‍മാരുടെ പക്കലെ സ്റ്റോക്ക് തീരുന്നതോടെ നിലവിലെ ഫ്രീസ്‌റ്റൈല്‍, ഫിഗോ, ആസ്പയര്‍, എന്‍ഡവര്‍ തുടങ്ങിയ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കും.

ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുന്നതോടെ ഇന്ത്യ ഇനി അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളുടെ കയറ്റുമതി കേന്ദ്രമായിരിക്കില്ല. നാലായിരത്തോളം ജീവനക്കാരെ ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2019 ഒക്‌റ്റോബറില്‍ പ്രഖ്യാപിച്ച മഹീന്ദ്ര-ഫോഡ് സംയുക്ത സംരംഭം ഈ വര്‍ഷമാദ്യം ഇരു കാര്‍ നിര്‍മാതാക്കളും റദ്ദാക്കിയിരുന്നു. മഹീന്ദ്രയുമായി ചേര്‍ന്ന് ഭാവി മോഡലുകള്‍ പുറത്തിറക്കാനുള്ള ഫോഡ് നീക്കമാണ് ഇതോടെ പാളിയത്.

ഇന്ത്യയില്‍ ഫോഡിന് ദീര്‍ഘവും അഭിമാനകരവുമായ ചരിത്രമുണ്ടെന്നും ഇന്ത്യാ ബിസിനസ് പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഉപയോക്താക്കളുടെ പ്രയാസം ലഘൂകരിക്കുന്നതിനും ജീവനക്കാര്‍, യൂണിയനുകള്‍, ഡീലര്‍മാര്‍, വിതരണക്കാര്‍ എന്നിവരുമായി ചേര്‍ന്ന് സുഗമമായ പരിവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫോഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ അനുരാഗ് മെഹ്രോത്ര പ്രസ്താവിച്ചു. വര്‍ഷങ്ങളായി വര്‍ധിച്ചുവന്ന നഷ്ടങ്ങള്‍, ഇന്ത്യന്‍ വാഹന വ്യവസായത്തിലെ തുടര്‍ച്ചയായ അമിതശേഷി, കാര്‍ വിപണിയില്‍ പ്രതീക്ഷിച്ച വളര്‍ച്ചയുടെ അഭാവം എന്നിവ ഈ തീരുമാനമെടുക്കാന്‍ കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി.