ലൂയിസ് ഹാമില്‍ട്ടണുമായി മാക്‌സ് വെര്‍സ്റ്റാപ്പന്‍ കൂട്ടിയിടിച്ച് ഇരുവരും പുറത്തുപോയതോടെ മക്‌ലാറന്‍ ഡ്രൈവറായ ഡാനിയല്‍ റിക്കിയാര്‍ഡോയാണ് ഇറ്റാലിയന്‍ ജിപിയില്‍ വെന്നിക്കൊടി പാറിച്ചത്
ഒമ്പത് വര്‍ഷത്തിനിടെ ഫോര്‍മുല വണ്ണില്‍ ആദ്യ റേസ് ജയം സ്വന്തമാക്കി മക്‌ലാറന്‍. ലൂയിസ് ഹാമില്‍ട്ടണുമായി മാക്‌സ് വെര്‍സ്റ്റാപ്പന്‍ കൂട്ടിയിടിച്ച് ഇരുവരും പുറത്തുപോയതോടെ മക്‌ലാറന്‍ ഡ്രൈവറായ ഡാനിയല്‍ റിക്കിയാര്‍ഡോയാണ് ഇറ്റാലിയന്‍ ജിപിയില്‍ വെന്നിക്കൊടി പാറിച്ചത്. രണ്ടാം സ്ഥാനം നേടിയതും മക്‌ലാറന്‍ ഡ്രൈവര്‍ തന്നെ. ലാന്‍ഡോ നോറിസ്. ഗ്രിഡില്‍ പത്തൊമ്പതാം സ്ഥാനത്ത് നിന്ന് പൊരുതിക്കയറിയ മെഴ്‌സിഡസ് ഡ്രൈവര്‍ വാല്‍ട്ടെറി ബൊട്ടാസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മക്‌ലാറനുമൊത്തുള്ള ആദ്യ ജയം, 2018 നുശേഷമുള്ള ആദ്യ ജയം എന്നിവ റിക്കിയാര്‍ഡോയുടെ വിജയത്തിന്റെ സവിശേഷതകളാണ്. പി1, പി2, കണ്‍സ്ട്രക്ടര്‍, ഏറ്റവും വേഗതയേറിയ ലാപ്പ്, ഏറ്റവും വേഗതയേറിയ പിറ്റ്‌സ്റ്റോപ്പ്, ഡ്രൈവര്‍ ഓഫ് ദ ഡേ എന്നീ അഞ്ച് നേട്ടങ്ങളാണ് ഈ സീസണിലെ ഇറ്റാലിയന്‍ ഗ്രാന്‍ പ്രീയില്‍ മക്‌ലാറന്‍ നേടിയത്.
പി4, പി5, പി6 സ്ഥാനങ്ങളില്‍ യഥാക്രമം ഫെറാറിയുടെ ചാള്‍സ് ലെക്ലര്‍ക്ക്, റെഡ് ബുള്‍ താരമായ സെര്‍ജിയോ പെരസ്, ലെക്ലര്‍ക്കിന്റെ സഹതാരമായ കാര്‍ലോസ് സൈന്‍സ് ജൂനിയര്‍ എന്നിവര്‍ ഓടിയെത്തി. ലാന്‍സ് സ്‌ട്രോള്‍, ഫെര്‍ണാണ്ടോ അലോണ്‍സോ, ജോര്‍ജ് റസ്സല്‍, എസ്റ്റെബാന്‍ ഒകോണ്‍, നിക്കോളാസ് ലത്തീഫി, സെബാസ്റ്റ്യന്‍ വെറ്റല്‍, അന്റോണിയോ ജിയോവിനാസി, റോബര്‍ട്ട് കുബിക്ക, മിക്ക് ഷൂമാക്കര്‍ എന്നിവരാണ് പിന്നീട് യഥാക്രമം ഫിനിഷ് ചെയ്തത്. ലൂയിസ് ഹാമില്‍ട്ടണ്‍, മാക്‌സ് വെര്‍സ്റ്റാപ്പന്‍ എന്നിവര്‍ കൂടാതെ നികിത മസെപിന്‍, പിയര്‍ ഗാസ്‌ലി, യുകി സുനോദ എന്നീ ഡ്രൈവര്‍മാരും ഫിനിഷ് ചെയ്തില്ല. ഈ സീസണിലെ പതിനാലാം റൗണ്ടില്‍ ആരാധകരുടെ ‘ഡ്രൈവര്‍ ഓഫ് ദ ഡേ’ അവാര്‍ഡ് ഡാനിയല്‍ റിക്കിയാര്‍ഡോ നേടി.

വേഗതയുടെ ക്ഷേത്രമെന്ന് അറിയപ്പെടുന്ന മോന്‍സ സര്‍ക്യൂട്ടിലെ ഓപ്പണിംഗ് ഷികെയ്‌നിലാണ് ലൂയിസ് ഹാമില്‍ട്ടണുമായി മാക്‌സ് വെര്‍സ്റ്റാപ്പന്‍ കൂട്ടിയിടിച്ചത്. സെപ്റ്റംബര്‍ 26 ന് നടക്കുന്ന റഷ്യന്‍ ഗ്രാന്‍ പ്രീയില്‍ ഗ്രിഡില്‍ മൂന്ന് സ്ഥാനങ്ങള്‍ പിറകില്‍ നിന്ന് വെര്‍സ്റ്റാപ്പന്‍ ഓടേണ്ടിവരും. ഇരുവരും ഈ സീസണില്‍ ലോക ചാംപ്യന്‍ഷിപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. ഹാലോയാണ് തന്റെ കഴുത്തും അതുവഴി തന്റെ ജീവനും രക്ഷിച്ചതെന്ന് ഹാമില്‍ട്ടണ്‍ പ്രതികരിച്ചു.
ഇറ്റാലിയന്‍ ഗ്രാന്‍ പ്രീ കഴിഞ്ഞതോടെ ഡ്രൈവര്‍മാരുടെ പട്ടികയില്‍ 226.5 പോയന്റുമായി മാക്‌സ് വെര്‍സ്റ്റാപ്പന്‍ മുന്നില്‍ തുടരുന്നു. 221. 5 പോയന്റുമായി ലൂയിസ് ഹാമില്‍ട്ടണ്‍ തൊട്ടുപിറകെയുണ്ട്. സീസണില്‍ ഇതുവരെയായി 141 പോയന്റ് സമ്പാദിച്ച ബൊട്ടാസ്, 132 പോയന്റ് നേടിയ ലാന്‍ഡോ നോറിസ് എന്നിവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞു. ഇരുവരും ഇപ്പോള്‍ മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. കണ്‍സ്ട്രക്ടര്‍മാരുടെ പട്ടികയില്‍ റെഡ് ബുള്ളിനേക്കാള്‍ (344.5 പോയന്റ്) മെഴ്‌സിഡസ് (362.5 പോയന്റ്) ലീഡ് വര്‍ധിപ്പിച്ചു. ഇറ്റാലിയന്‍ ജിപിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി 45 പോയന്റ് നേടിയതോടെ ഫെറാറിയെ (201.5 പോയന്റ്) മറികടന്ന് മക്‌ലാറന്‍ (215 പോയന്റ്) മൂന്നാം സ്ഥാനത്തെത്തി.
ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന ചരിത്രത്തിലെ രണ്ടാമത്തെ സ്പ്രിന്റ് യോഗ്യതാ റേസില്‍ വാല്‍ട്ടെറി ബൊട്ടാസാണ് ജയിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പന്‍, മക്‌ലാറന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ എന്നിവരാണ്. പതിനെട്ട് ലാപ്പ് മാത്രം നീണ്ടുനിന്ന സ്പ്രിന്റ് റേസില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഓടിയെത്തിയത് അഞ്ചാം സ്ഥാനത്ത് മാത്രം. ഒന്നാം സ്ഥാനം നേടിയെങ്കിലും പുതിയ പവര്‍ യൂണിറ്റ് ഉപയോഗിക്കുന്നതിനാല്‍ പെനാല്‍റ്റി നേരിട്ട ബൊട്ടാസ് ഞായറാഴ്ച്ച നടന്ന റേസില്‍ പത്തൊമ്പതാം സ്ഥാനത്തുനിന്നാണ് തുടങ്ങിയത്. പോള്‍ പൊസിഷനില്‍ വെര്‍സ്റ്റാപ്പന്‍ ആയിരുന്നു. ഡാനിയല്‍ റിക്കിയാര്‍ഡോയും മുന്‍ നിരയില്‍ ഇടം പിടിച്ചു.
എഫ്2 സ്പ്രിന്റ് റേസില്‍ ഇന്ത്യയുടെ ജെഹാന്‍ ദാരുവാലയുടെ വിജയത്തിനും മോന്‍സ സര്‍ക്യൂട്ട് സാക്ഷ്യം വഹിച്ചു. സീസണിലെ ആദ്യ ജയമാണ് മുംബൈ സ്വദേശിയായ റേസര്‍ കരസ്ഥമാക്കിയത്. എന്നാല്‍ ഞായറാഴ്ച്ച നടന്ന ഫീച്ചര്‍ റേസില്‍ കാര്‍ലിന്‍ ഡ്രൈവറായ ദാരുവാല അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ക്രിപ്‌റ്റോ.കോം പങ്കാളിത്തത്തോടെ ഈ വര്‍ഷം മുതല്‍ ഓവര്‍ടേക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എഫ്‌ഐഎ. മികച്ച ഓവര്‍ടേക്കിംഗ് പ്രകടനത്തിനാണ് അവാര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ അവാര്‍ഡിന് സീസണില്‍ ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡ്രൈവറായ സെബാസ്റ്റ്യന്‍ വെറ്റലാണ്.