Top Spec

The Top-Spec Automotive Web Portal in Malayalam

ബാറ്ററി വാറന്റി ദീര്‍ഘിപ്പിക്കുന്നതായി ടൊയോട്ട

സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ (എസ്എച്ച്ഇവി) ബാറ്ററി വാറന്റി എട്ട് വര്‍ഷമായി ദീര്‍ഘിപ്പിച്ചു

ഇന്ത്യയില്‍ വില്‍ക്കുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറന്റി എട്ട് വര്‍ഷമായി ദീര്‍ഘിപ്പിക്കുന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) പ്രഖ്യാപിച്ചു. വാഹന വ്യവസായത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാറന്റി കാലയളവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്ന് പറയപ്പെടുന്നു. ‘ലോക പ്രകൃതി സംരക്ഷണ ദിന’ത്തോടനുബന്ധിച്ചാണ് ടികെഎം ഈ പ്രഖ്യാപനം നടത്തിയത്. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുകയാണ് ലക്ഷ്യം.

ടൊയോട്ടയുടെ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (എസ്എച്ച്ഇവി) വാങ്ങുന്ന എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ പ്രഖ്യാപനം പ്രയോജനം ചെയ്യും. നിലവില്‍ കാമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ എന്നീ രണ്ട് എസ്എച്ച്ഇവി മോഡലുകളാണ് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്ററാണ് ഈ വാഹനങ്ങളിലെ ബാറ്ററിയുടെ വാറന്റി. ഈ വാറന്റിയാണ് ഇപ്പോള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ എസ്എച്ച്ഇവികള്‍ക്കുമായി എട്ട് വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്ററായി (ഏതാണോ ആദ്യം വരുന്നത്) ദീര്‍ഘിപ്പിച്ചത്.