Top Spec

The Top-Spec Automotive Web Portal in Malayalam

മോട്ടോജിപിയില്‍ നിന്ന് വിരമിക്കുന്നതായി വലന്റീനോ റോസി!

2021 സീസണ്‍ അവസാനിക്കുന്നതോടെ വിരമിക്കുമെന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു

മോട്ടോജിപിയില്‍ നിന്ന് വിരമിക്കുന്നതായി വലന്റീനോ റോസി പ്രഖ്യാപിച്ചു! 2021 സീസണ്‍ അവസാനിക്കുന്നതോടെ വിരമിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. വേനല്‍ക്കാല അവധിക്കുശേഷം നടക്കുന്ന ഓസ്ട്രിയയിലെ സ്റ്റിറിയന്‍ ജിപിക്കു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇറ്റാലിയന്‍ റേസര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

125 സിസി വിഭാഗത്തിലൂടെ 1996 ലാണ് വലന്റീനോ റോസി തന്റെ ഗ്രാന്‍ഡ് പ്രീ അരങ്ങേറ്റം നടത്തിയത്. 1997 ല്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. പിന്നീട് 1998 ല്‍ 250 സിസി വിഭാഗത്തില്‍ മല്‍സരിച്ചുതുടങ്ങി. തൊട്ടടുത്ത വര്‍ഷം ചാമ്പ്യന്‍ഷിപ്പ് നേടി വിജയ കിരീടമണിഞ്ഞു.

‘ദ ഡോക്ടര്‍’ എന്ന് അറിയപ്പെടുന്ന വലന്റീനോ റോസി 2000 ല്‍ ഹോണ്ടയിലൂടെയാണ് പ്രീമിയര്‍ ക്ലാസ് അരങ്ങേറ്റം നടത്തിയത്. ഇതേതുടര്‍ന്ന് തന്റെ ഏഴ് ലോക കിരീടങ്ങളില്‍ ആദ്യത്തേത് 2001 ല്‍ കരസ്ഥമാക്കി. 2002, 2003 വര്‍ഷങ്ങളില്‍ ഹോണ്ടയുമായി ചേര്‍ന്ന് കിരീട നേട്ടം ആവര്‍ത്തിച്ചു. 2004 ല്‍ യമഹ ഫാക്റ്ററി ടീമിനായി മല്‍സരിച്ചുതുടങ്ങി. യമഹ ടീമിനായി 2005 നും 2009 നുമിടയില്‍ നാല് ലോക കിരീടങ്ങള്‍ കൂടി വലന്റീനോ റോസി നേടി.

ഈ വര്‍ഷമാണ് യമഹ ഫാക്റ്ററി ടീമില്‍ നിന്ന് പെട്രോണാസ് എസ്ആര്‍ടി യമഹ ടീമിലേക്ക് വലന്റീനോ റോസി മാറിയത്. 26 വര്‍ഷം നീണ്ട കരിയറില്‍ 115 ഗ്രാന്‍ഡ് പ്രീ വിജയങ്ങളും (പ്രീമിയര്‍ വിഭാഗത്തില്‍ 89) 235 പോഡിയം ഫിനിഷുകളും നേടിയ ഇതിഹാസമാണ് വലന്റീനോ റോസി.