Top Spec

The Top-Spec Automotive Web Portal in Malayalam

പൂര്‍വാധികം ഭംഗിയോടെ പുതിയ ടാറ്റ ടിയാഗോ എന്‍ആര്‍ജി

മാന്വല്‍ വകഭേദത്തിന് 6.57 ലക്ഷം രൂപയും എഎംടി വകഭേദത്തിന് 7.09 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ടാറ്റ ടിയാഗോ എന്‍ആര്‍ജി ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാന്വല്‍ വകഭേദത്തിന് 6.57 ലക്ഷം രൂപയും എഎംടി വകഭേദത്തിന് 7.09 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫോറസ്റ്റ് ഗ്രീന്‍, ഫയര്‍ റെഡ്, ക്ലൗഡി ഗ്രേ, സ്‌നോ വൈറ്റ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ഈ നിറങ്ങളുടെ കൂടെ സ്റ്റാന്‍ഡേഡായി കറുത്ത റൂഫ് നല്‍കി. മാരുതി സുസുകി സെലറിയോ എക്‌സ്, റെനോ ക്വിഡ് എന്നിവയാണ് എതിരാളികള്‍.

2020 തുടക്കത്തില്‍ വിപണിയിലെത്തിയ ടിയാഗോ ഫേസ്‌ലിഫ്റ്റ് അടിസ്ഥാനമാക്കിയാണ് പുതിയ ടിയാഗോ എന്‍ആര്‍ജി നിര്‍മിച്ചത്. ഹാച്ച്ബാക്കിന്റെ എല്ലാ ഫീച്ചറുകളും കൂടാതെ സൗന്ദര്യവര്‍ധക മെച്ചപ്പെടുത്തലുകളും ക്രോസ് ഹാച്ചിന് ലഭിച്ചു. പുതിയ ഗ്രില്‍, പുതിയ ഹെഡ്‌ലാംപുകള്‍, വീല്‍ ആര്‍ച്ചുകള്‍ക്കും ഡോര്‍ സില്ലുകള്‍ക്കും ചുറ്റും കട്ടിയുള്ള പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് എന്നിവ ടാറ്റ ടിയാഗോ എന്‍ആര്‍ജിയുടെ കാഴ്ച്ചാസംബന്ധിയായ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്നിലും പിന്നിലും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ കൂടാതെ റൂഫ്, പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഡി പില്ലര്‍, റൂഫ് റെയിലുകള്‍ എന്നിവയെല്ലാം കറുത്തതാണ്. ബൂട്ടിലെ ക്ലാഡിംഗ്, 15 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ കൂടി ലഭിച്ചതോടെ ലുക്ക് പൂര്‍ത്തിയായി.

പുതിയ ടിയാഗോയുടെ കാബിന്‍ കൂടി പരിഷ്‌കരിച്ചു. കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് ലഭിക്കുന്നതിന് ബ്ലാക്ക് ഫിനിഷ് നല്‍കി. ഗ്ലോസ് ബ്ലാക്ക് ഇന്‍സെര്‍ട്ടുകളും കാണാന്‍ കഴിയും. പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, കീലെസ് ബൂട്ട് ഓപ്പണിംഗ്, റിവേഴ്‌സ് കാമറ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. നാല് സ്പീക്കറുകളും നാല് ട്വീറ്ററുകളും ഉള്‍പ്പെടുന്ന ഹാര്‍മന്‍ സൗണ്ട് സിസ്റ്റം ലഭിച്ചു.

ഒരു പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും പുതിയ ടിയാഗോ എന്‍ആര്‍ജി ലഭിക്കുന്നത്. ടാറ്റ ടിയാഗോ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടാറ്റ ടിയാഗോ എന്‍ആര്‍ജിയുടെ ഹൃദയം. ഈ മോട്ടോര്‍ 84 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 181 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ടിയാഗോയുടെ 170 മില്ലിമീറ്ററിനേക്കാള്‍ അല്‍പ്പം കൂടുതല്‍. ദുഷ്‌കരമായ റോഡുകള്‍ സുഗമമായി താണ്ടുന്നതിന് സസ്‌പെന്‍ഷന്‍ മെച്ചപ്പെടുത്തി.