Top Spec

The Top-Spec Automotive Web Portal in Malayalam

ഓകെ ഗൂഗിള്‍ വോയ്‌സ് കമാന്‍ഡ് ഫീച്ചറുമായി ഹോണ്ട സിറ്റി

‘ഹോണ്ട കണക്റ്റ്’ പ്ലാറ്റ്‌ഫോമില്‍ നാല് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു

‘ഹോണ്ട ആക്ഷന്‍ ഓണ്‍ ഗൂഗിള്‍’ അവതരിപ്പിച്ചുകൊണ്ട് മെച്ചപ്പെടുത്തിയ ‘ഹോണ്ട കണക്റ്റ്’ ഹോണ്ട കാര്‍സ് ഇന്ത്യ അവതരിപ്പിച്ചു. അഞ്ചാം തലമുറ ഹോണ്ട സിറ്റിയില്‍ പുതിയ വേര്‍ഷന്‍ ലഭ്യമായിരിക്കും. അലക്‌സ റിമോട്ട് ശേഷിയോടെയാണ് ഇതുവരെ ഹോണ്ട സിറ്റി ലഭിച്ചിരുന്നത്. ‘ഓകെ ഗൂഗിള്‍’ വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് പുതിയ ഗൂഗിള്‍ അസിസ്റ്റന്റുമായി ഇടപഴകാന്‍ പുതിയ അപ്ഡേറ്റ് ഉപയോക്താക്കളെ അനുവദിക്കും. നിലവിലെ 32 ഫംഗ്ഷനുകള്‍ കൂടാതെ ഇതോടൊപ്പം നാല് പുതിയ ഫംഗ്ഷനുകളും ‘ഹോണ്ട കണക്റ്റ്’ പ്ലാറ്റ്‌ഫോമില്‍ കമ്പനി അവതരിപ്പിച്ചു.

പത്ത് വോയ്സ് അധിഷ്ഠിത ഫീച്ചറുകള്‍ ലഭ്യമാക്കുന്നതാണ് പ്രധാനമായും ‘ഹോണ്ട ആക്ഷന്‍ ഓണ്‍ ഗൂഗിള്‍’ ഫീച്ചര്‍. ഗൂഗിള്‍ നെസ്റ്റ് സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തുടങ്ങി ഗൂഗിള്‍ അസിസ്റ്റന്റുമായി ബന്ധപ്പെട്ട ഡിവൈസുകളിലൂടെയും ഗൂഗിളിന്റെ ടെക്സ്റ്റ് അധിഷ്ഠിത കമാന്‍ഡുകളിലൂടെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഐഒഎസ് ഡിവൈസുകളെയും സപ്പോര്‍ട്ട് ചെയ്യും.

എസി ഓണ്‍/ഓഫ് ചെയ്യുന്നതിനും താപനില ക്രമീകരിക്കുന്നതിനും ഡോറുകള്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യുന്നതിനും നിങ്ങളുടെ കാര്‍ കണ്ടെത്തുന്നതിനും വിദൂരമായി ബൂട്ട് തുറക്കുന്നതിനും ടയര്‍ പ്രഷര്‍, ബാറ്ററി ചാര്‍ജ്, ഇന്ധന നില തുടങ്ങിയവ അറിയുന്നതിനും ‘ഓകെ ഗൂഗിള്‍’ വോയ്‌സ് കമാന്‍ഡുകള്‍ നല്‍കിയാല്‍ മതി.

ഇതോടൊപ്പം, വാലറ്റ് അലര്‍ട്ട്, ഫ്യൂവല്‍ ലോഗ് അനാലിസിസ്, കോസ്റ്റ് ഓഫ് മെയിന്റനന്‍സ് അനാലിസിസ്, എന്‍ഹാന്‍സ്ഡ് ഓപ്ഷന്‍സ് ഫോര്‍ സര്‍വീസ് പ്രൊഡക്റ്റ്‌സ് എന്നീ നാല് പുതിയ ഫംഗ്ഷനുകളും ‘ഹോണ്ട കണക്റ്റ്’ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചു. ഇതോടെ കണക്റ്റഡ് ഫീച്ചറുകളുടെ ആകെ എണ്ണം 36 ആയി.

121 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 100 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുടെയും കൂട്ടായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും. പെട്രോള്‍ എന്‍ജിന്റെ ഓപ്ഷനായി സിവിടി ഓട്ടോമാറ്റിക് കൂടി ലഭ്യമാണ്.