Top Spec

The Top-Spec Automotive Web Portal in Malayalam

ലാസ്റ്റ് മൈല്‍ ഡെലിവറിയില്‍ കേമനാകാന്‍ ടാറ്റ ഏസ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ്

നാല് ചക്രങ്ങളോടുകൂടി ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ചെറിയ വാണിജ്യ വാഹനത്തിന് 3.99 ലക്ഷം രൂപ മുതലാണ് പുണെ എക്‌സ് ഷോറൂം വില

ടാറ്റ ഏസ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.99 ലക്ഷം രൂപ മുതലാണ് പുണെ എക്‌സ് ഷോറൂം വില. നാല് ചക്രങ്ങളോടുകൂടി ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ചെറിയ വാണിജ്യ വാഹനമാണ് (എസ്‌സിവി) ടാറ്റ ഏസ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ്. ഫ്‌ളാറ്റ്‌ബെഡ്, ഹാഫ് ഡെക്ക് ലോഡ് ബോഡി എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. രണ്ടാമത്തെ വേരിയന്റിന് 4.10 ലക്ഷം രൂപയാണ് വില.

ഇതോടൊപ്പം, ആകര്‍ഷകമായ ഫിനാന്‍സ് ഓപ്ഷനുകളും ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് ഓണ്‍ റോഡ് വിലയുടെ 90 ശതമാനം വരെ ഫിനാന്‍സ് ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ടാറ്റ മോട്ടോഴ്സ് കൈകോര്‍ത്തു. പ്രതിമാസം 7,500 രൂപ മുതലായിരിക്കും ഇഎംഐ.

ടാറ്റയുടെ 649 സിസി, ഇരട്ട സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്സ് ഘടിപ്പിച്ചു. 1.5 ടണ്‍ പേലോഡ് ശേഷിയോടെയാണ് ഏസ് വരുന്നത്. എസ്‌സിവി സെഗ്മെന്റിലെ ഗെയിംചേഞ്ചറായിരിക്കും ഏസ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് വേരിയന്റ് എന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.

ലോജിസ്റ്റിക്‌സ്, പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പാനീയങ്ങള്‍, കുപ്പികള്‍, എഫ്എംസിജി, എഫ്എംസിഡി സാധനങ്ങള്‍, ഇ കൊമേഴ്‌സ്, പാഴ്‌സല്‍ & കൊറിയര്‍, ഫര്‍ണിച്ചര്‍, എല്‍പിജി സിലിണ്ടറുകള്‍, ഡയറി, ഫാര്‍മ, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ശീതീകരിച്ച ഗതാഗതം, മാലിന്യ സംസ്‌കരണ ആവശ്യകതകള്‍ തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ഉള്ളതിനാല്‍ ലാസ്റ്റ് മൈല്‍ ഡെലിവറിയുമായി ബന്ധപ്പെട്ട് ഏസ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് വേരിയന്റിന് മുന്‍നിരയിലായിരിക്കും സ്ഥാനം.

ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളെയും പോലെ, ‘സമ്പൂര്‍ണ്ണ സേവ 2.0’ സപ്പോര്‍ട്ട് സഹിതമാണ് ഏസ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് വരുന്നത്. വിവിധ കെയര്‍ ആന്‍ഡ് സര്‍വീസ് പ്രോഗ്രാമുകള്‍, വാര്‍ഷിക പരിപാലനം, പുനര്‍വില്‍പ്പന അവസരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി. ടാറ്റയുടെ 24/7 പാതയോര സഹായം, 15 ദിവസ അപകട റിപ്പയര്‍ ഗ്യാരണ്ടി എന്നിവയും ഉപയോക്താക്കള്‍ക്ക് ലഭിക്കും.