Top Spec

The Top-Spec Automotive Web Portal in Malayalam

റെനോ കൈഗര്‍ ആര്‍എക്‌സ്ടി (ഒ) വേരിയന്റ് അവതരിപ്പിച്ചു

ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വേരിയന്റ് പുറത്തിറക്കിയത്

റെനോ കൈഗര്‍ എസ്‌യുവിയുടെ ആര്‍എക്‌സ്ടി (ഒ) വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ പത്താം വാര്‍ഷികം റെനോ ഈയിടെ പൂര്‍ത്തിയാക്കിയിരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായാണ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പുതിയ വേരിയന്റ് പുറത്തിറക്കിയത്. ഓഗസ്റ്റ് ആറിന് ബുക്കിംഗ് ആരംഭിച്ചു.

‘ട്രൈ ഒക്ടാ’ എല്‍ഇഡി ‘പ്യുവര്‍ വിഷന്‍’ ഹെഡ്‌ലൈറ്റുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങി ചില പ്രീമിയം ഫീച്ചറുകള്‍ പുതിയ വേരിയന്റിന് ലഭിച്ചു. കൈഗറിന്റെ കൂടുതല്‍ വില വരുന്ന ആര്‍എക്‌സ്‌സെഡ് വേരിയന്റില്‍ നിന്ന് കടമെടുത്തതാണ് ഈ പ്രീമിയം ഫീച്ചറുകള്‍. കാബിന്‍ എയര്‍ ശുദ്ധീകരിക്കുന്നതിന് പിഎം2.5 ‘അഡ്വാന്‍സ്ഡ് അറ്റ്‌മോസ്‌ഫെറിക്’ എയര്‍ ഫില്‍റ്റര്‍ പുതിയ വേരിയന്റിലെ മറ്റൊരു അധിക ഫീച്ചറാണ്. കൂടാതെ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഓരോരുത്തരുടെയും സ്മാര്‍ട്ട്‌ഫോണ്‍ മിറര്‍ ചെയ്യുന്നതിന് വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ മിററിംഗ് ഫംഗ്ഷന്‍ ലഭിച്ചു.

1.0 ലിറ്റര്‍ ‘എനര്‍ജി’ എന്‍ജിനാണ് റെനോ കൈഗര്‍ എസ്‌യുവിയുടെ പുതിയ വേരിയന്റ് ഉപയോഗിക്കുന്നത്. മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമായിരിക്കും. ഇന്ത്യയില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളുടെ പുതിയ പ്രതീക്ഷയാണ് കൈഗര്‍. ഓരോ മാസവും മികച്ച വില്‍പ്പനയാണ് നടക്കുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ‘ഫ്രീഡം കാര്‍ണിവല്‍’ എന്ന പേരില്‍ റെനോ പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. കേരളത്തില്‍ ഓണക്കാലത്ത് ‘ഫ്രീഡം കാര്‍ണിവല്‍’ പ്രഖ്യാപിക്കും. ‘ഇപ്പോള്‍ വാങ്ങുക, 2022 ല്‍ പണമടയ്ക്കുക’ എന്ന പദ്ധതിയും റെനോ വാഗ്ദാനം ചെയ്യുന്നു. ഇതനുസരിച്ച് ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നീ മോഡലുകള്‍ വാങ്ങുമ്പോള്‍ വാങ്ങിയ തീയതി മുതല്‍ ആറ് മാസത്തിന് ശേഷം മാത്രം ഇഎംഐ അടച്ചുതുടങ്ങിയാല്‍ മതിയാകും.