Top Spec

The Top-Spec Automotive Web Portal in Malayalam

ആണൊരുത്തന്‍… പുതിയ ഔഡി ആര്‍എസ് 5 സ്‌പോര്‍ട്ട്ബാക്ക്

ഇന്ത്യ എക്‌സ് ഷോറൂം വില 1.04 കോടി രൂപ

2021 ഔഡി ആര്‍എസ് 5 സ്‌പോര്‍ട്ട്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.04 കോടി രൂപയാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. പൂര്‍ണമായും നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ബാഹ്യ രൂപകല്‍പ്പന നവീകരിച്ചും പുതിയ ഫീച്ചറുകള്‍ നല്‍കിയുമാണ് പരിഷ്‌കരിച്ച ഔഡി ആര്‍എസ് 5 സ്‌പോര്‍ട്ട്ബാക്ക് വിപണിയിലെത്തുന്നത്. വിപണി വിടുന്ന വേര്‍ഷന്‍ 2 ഡോര്‍ കൂപ്പെ ആയിരുന്നു എങ്കില്‍ 4 ഡോര്‍ സ്പോര്‍ട്ട്ബാക്കാണ് പുതിയ ഔഡി ആര്‍എസ് 5 സ്പോര്‍ട്ട്ബാക്ക്.

ഹണികോമ്പ് ഇന്‍സര്‍ട്ടുകള്‍ സഹിതം ആര്‍എസ് ഗ്രില്‍, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, സ്പോയ്‌ലര്‍, ക്രോം ഫിനിഷ് ലഭിച്ച എക്സോസ്റ്റ് ടിപ്പുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ പുറമേ കാണുന്ന ശ്രദ്ധേയ സവിശേഷതകളാണ്. അകത്ത്, എംഐബി3 അപ്ഡേറ്റ് സഹിതം 10.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, അല്‍ക്കാന്ററ അപോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഔഡിയുടെ വര്‍ച്വല്‍ കോക്ക്പിറ്റ് എന്നിവ കൂടാതെ സ്‌പോര്‍ട്ട് സീറ്റുകള്‍, സ്റ്റിയറിംഗ് വളയം, വിവിധ പാനലുകളില്‍ ആര്‍എസ് ലോഗോ ഉള്‍പ്പെടെ നിരവധി ആര്‍എസ് സ്‌പെക് ഘടകങ്ങളും പുതിയ മോഡലിന് ലഭിച്ചു.

അതേ 2.9 ലിറ്റര്‍, ട്വിന്‍ ടര്‍ബോ, വി6 എന്‍ജിനാണ് പുതിയ ഔഡി ആര്‍എസ് 5 സ്‌പോര്‍ട്ട്ബാക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 444 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. അഞ്ച് വര്‍ഷ വാറന്റി, റോഡ് സൈഡ് അസിസ്റ്റന്‍സ് (ആര്‍എസ്എ) എന്നിവ ലഭിക്കും.