Top Spec

The Top-Spec Automotive Web Portal in Malayalam

ഓളം തീര്‍ക്കാന്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍

എസ്1 വേരിയന്റിന് 99,999 രൂപയും എസ്1 പ്രോ വേരിയന്റിന് 1,29,999 രൂപയുമാണ് എക്സ് ഷോറൂം വില

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒല ഇലക്ട്രിക് പുറത്തിറക്കുന്ന ആദ്യ മോഡല്‍ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. എസ്1 വേരിയന്റിന് 99,999 രൂപയും എസ്1 പ്രോ എന്ന ടോപ് സ്പെക് വേരിയന്റിന് 1,29,999 രൂപയുമാണ് എക്സ് ഷോറൂം വില. ഒല എസ്1 അഞ്ച് നിറങ്ങളിലും എസ്1 പ്രോ പത്ത് നിറങ്ങളിലും ലഭിക്കും. സെപ്റ്റംബര്‍ എട്ടിന് വില്‍പ്പനയും ഒക്ടോബറില്‍ ഡെലിവറിയും ആരംഭിക്കും. രണ്ട് വകഭേദങ്ങളും ഇന്ത്യയിലെ ആയിരം നഗരങ്ങളില്‍ ലഭിക്കും. ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോക്താക്കളുടെ വീടുകളില്‍ എത്തിച്ചുനല്‍കാനാണ് ഒല ഇലക്ട്രിക് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പെര്‍ഫോമന്‍സ്, റൈഡിംഗ് റേഞ്ച്, റൈഡിംഗ് മോഡുകളുടെ എണ്ണം, നിറങ്ങളുടെ എണ്ണം എന്നീ കാര്യങ്ങളില്‍ രണ്ട് വകഭേദങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. അതേസമയം അടിസ്ഥാന രൂപകല്‍പ്പന ഒന്നുതന്നെയാണ്. ബേസ് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ വോയ്‌സ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങി അധിക ഫീച്ചറുകള്‍ ലഭിച്ചതാണ് എസ്1 പ്രോ വേരിയന്റ്. അതിവേഗ ആക്സെലറേഷന്‍, കൂടുതല്‍ റേഞ്ച്, ഉയര്‍ന്ന ടോപ് സ്പീഡ് എന്നിവയും എസ്1 പ്രോയുടെ സവിശേഷതകളാണ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ടോപ് സ്പീഡ്, 121 കിമീ റേഞ്ച്, രണ്ട് റൈഡിംഗ് മോഡുകള്‍ (നോര്‍മല്‍, സ്പോര്‍ട്സ്) എന്നിവയാണ് എസ്1 വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 115 കിമീ ടോപ് സ്പീഡ്, 181 കിമീ റേഞ്ച്, മൂന്ന് റൈഡിംഗ് മോഡുകള്‍ (നോര്‍മല്‍, സ്പോര്‍ട്സ്, ഹൈപ്പര്‍) എന്നിവ ലഭിച്ചതാണ് എസ്1 പ്രോ വേരിയന്റ്.

ഒരേ ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 8.5 കിലോവാട്ട് (11.4 എച്ച്പി) കരുത്തും 58 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എസ്1 വേരിയന്റില്‍ 2.98 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കും എസ്1 പ്രോ വേരിയന്റില്‍ 3.97 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കും നല്‍കി. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിമീ വേഗം കൈവരിക്കാന്‍ എസ്1 പ്രോ വേരിയന്റിന് മൂന്ന് സെക്കന്‍ഡും എസ്1 വേരിയന്റിന് 3.6 സെക്കന്‍ഡും മതി. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിമീ വേഗമാര്‍ജിക്കുന്നതിന്റെ കണക്കെടുത്താല്‍ യഥാക്രമം 5 സെക്കന്‍ഡും 7 സെക്കന്‍ഡും വേണം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് വേരിയന്റുകളിലും 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. വീടുകളിലെ സാധാരണ ചാര്‍ജിംഗ് പോര്‍ട്ട് ഉപയോഗിക്കുകയാണെങ്കില്‍, 4 മണിക്കൂറും 48 മിനിറ്റും സമയമെടുത്ത് ഒല എസ്1 പൂര്‍ണമായി ചാര്‍ജ് ചെയ്യാം. എസ്1 പ്രോ ചാര്‍ജ് ചെയ്യുന്നതിന് 6 മണിക്കൂര്‍ 30 മിനിറ്റ് സമയം വേണം.

ഒക്റ്റാ കോര്‍ പ്രോസസര്‍, 3 ജിബി റാം, 4ജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റുമായാണ് (വിസിയു) ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ് ഫംഗ്ഷന്‍ സവിശേഷതയാണ്. എസ്1 പ്രോ വേരിയന്റില്‍ ഹില്‍ ഹോള്‍ഡ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ കൂടി നല്‍കി. പ്രോക്സിമിറ്റി ലോക്ക്/അണ്‍ലോക്ക്, റിമോട്ട് ബൂട്ട് ലോക്ക്/അണ്‍ലോക്ക്, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, ജിയോ ഫെന്‍സിംഗ്, മൊബൈല്‍ ഫോണ്‍ കോള്‍ ആന്‍ഡ് മെസേജ് അലര്‍ട്ടുകള്‍, ആന്റി തെഫ്റ്റ് അലാം സിസ്റ്റം എന്നിവ ഉള്‍പ്പെടെ മറ്റ് ഫീച്ചറുകളുടെ നീണ്ട പട്ടിക തന്നെ ഒല വാഗ്ദാനം ചെയ്യുന്നു.

രണ്ട് വേരിയന്റുകളുടെയും ബൂട്ട് ശേഷി 36 ലിറ്ററാണ്. എസ്1, എസ്1 പ്രോ വേരിയന്റുകളുടെ കര്‍ബ് വെയ്റ്റ് യഥാക്രമം 121 കിലോഗ്രാം, 125 കിലോഗ്രാം എന്നിങ്ങനെയാണ്. ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിച്ചിരിക്കുന്നത്. 12 ഇഞ്ച് അലുമിനിയം അലോയ് വീലുകളില്‍ നിരത്തുകളിലൂടെ ഓടും. മുന്നില്‍ സിംഗിള്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 220 എംഎം ഡിസ്‌ക്കും പിന്നില്‍ 180 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സ്റ്റാന്‍ഡേഡായി നല്‍കി.