Top Spec

The Top-Spec Automotive Web Portal in Malayalam

പൊളിക്കല്‍ നയം പ്രഖ്യാപിച്ചു

ഫിറ്റ് അല്ലാത്തതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദപരമായി ഉപേക്ഷിക്കുന്നതിനാണ് പുതിയ നയം അവതരിപ്പിച്ചത്

രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നയം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിറ്റ് അല്ലാത്തതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദപരമായി ഉപേക്ഷിക്കുന്നതിനാണ് പുതിയ നയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നയം പ്രഖ്യാപിച്ചത്. രാജ്യമെങ്ങും സ്ഥാപിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും രജിസ്റ്റേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളും വാഹനങ്ങള്‍ പൊളിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

ഹെവി വാണിജ്യ വാഹനങ്ങളിലായിരിക്കും സ്‌ക്രാപ്പേജ് നയം ആദ്യം നടപ്പാക്കുന്നത്. ഇത്തരം വാഹനങ്ങള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് വിധേയമാകേണ്ടിവരും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റെല്ലാ വാഹനങ്ങളും 2024 ജൂണ്‍ ഒന്ന് മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസാകണം. പഴക്കംചെന്ന വാഹനങ്ങള്‍ പൊളിക്കേണ്ടത് നിര്‍ബന്ധിതമല്ലെന്നും സ്വമേധയാ ചെയ്യേണ്ടതാണെന്നും പുതിയ നയത്തിലെ ഏറ്റവും ശ്രദ്ധേയ കാര്യമാണ്. ക്ലാസിക്, വിന്റേജ് കാറുകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്. ഇന്ത്യയില്‍ ഇത്തരം വാഹനങ്ങള്‍ ധാരാളമായി കാണാന്‍ കഴിയും.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധിക്കുശേഷമാണ് പൊളിക്കല്‍ നയത്തിന് വിധേയമാകുന്നത്. സ്വകാര്യ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 10 വര്‍ഷവുമാണ് ആയുസ്സ്. എന്നാല്‍ പുതിയ നയമനുസരിച്ച്, വാഹനത്തിന്റെ പഴക്കം കണക്കിലെടുക്കുന്നില്ല. പകരം ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഫിറ്റ്‌നസ് പരിശോധനാ ഫലമായിരിക്കും പരിഗണിക്കുന്നത്.

പഴക്കംചെന്ന വാഹനങ്ങള്‍ സ്വമേധയാ പൊളിക്കാന്‍ കൊടുത്താല്‍ മതിയെങ്കിലും രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഫിറ്റ്‌നസ് ടെസ്റ്റിന് നിര്‍ബന്ധമായും ഹാജരാകണമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. ഫിറ്റ്‌നസ് ടെസ്റ്റില്‍ വാഹനം പരാജയപ്പെട്ടാല്‍ പുതുക്കിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഉടമകള്‍ക്ക് രണ്ടുതവണ കൂടി തങ്ങളുടെ വാഹനങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കുന്നതിന് അവസരം നല്‍കും. പിന്നെയും പരാജയമാണ് നേരിടുന്നതെങ്കില്‍ വാഹനം നിര്‍ബന്ധമായും പൊളിക്കാന്‍ കൊടുക്കേണ്ടിവരും. രജിസ്‌ട്രേഷന്‍ കാലാവധിക്കുശേഷം വാഹനം ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചാല്‍ നിരത്തുകളില്‍ ഓടുന്നതിന് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഫിറ്റ്‌നസ് ടെസ്റ്റ് പാസാകേണ്ടിവരും.

വാഹനങ്ങള്‍ പുറന്തള്ളുന്ന വാതകങ്ങള്‍, വായു മലിനീകരണം സൃഷ്ടിക്കുന്ന കണങ്ങള്‍, എന്‍ജിന്‍ പെര്‍ഫോമന്‍സ്, ബ്രേക്ക് പരിശോധന തുടങ്ങിയവ രാജ്യമെങ്ങുമുള്ള ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെന്ററുകളില്‍ പരിശോധിക്കും. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ ഹരിത നികുതി ഈടാക്കും. ഈ നികുതി ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും. ഉപയോഗിക്കുന്ന ഇന്ധനം, വാഹനം എന്നിവയനുസരിച്ചും ഹരിത നികുതി വ്യത്യാസപ്പെട്ടിരിക്കും. റീ രജിസ്‌ട്രേഷന്‍ ഫീസും ഉടമകള്‍ അടയ്‌ക്കേണ്ടിവരും. ഈ അധികച്ചെലവുകളെല്ലാം കണക്കിലെടുക്കുമ്പോള്‍ പഴക്കംചെന്ന വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതില്‍ നിന്ന് ഉടമകള്‍ പിന്തിരിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അതേസമയം, ഹരിത വാഹനങ്ങള്‍ ആയതിനാല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും സിഎന്‍ജി, എഥനോള്‍, എല്‍പിജി എന്നിവ ഉപയോഗിക്കുന്ന ബദല്‍ ഇന്ധന വാഹനങ്ങള്‍ക്കും ഹരിത നികുതി പൂര്‍ണമായും ഒഴിവാക്കും.

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തയ്യാറാകുന്ന ഉടമകള്‍ക്കായി ചില ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചു. വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന എല്ലാ ഉടമകള്‍ക്കും വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയുടെ നാല് മുതല്‍ ആറ് ശതമാനം വരെ സ്‌ക്രാപ്പ് മൂല്യം ലഭിക്കും. കൂടാതെ, സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റുമായി പുതിയ വാഹനം വാങ്ങുമ്പോള്‍ അഞ്ച് ശതമാനം വിലക്കിഴിവ് നല്‍കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. നിങ്ങളുടെ അടുത്ത വാഹനത്തിന്റെ റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവും സര്‍ക്കാര്‍ നല്‍കും. കൂടാതെ, നിങ്ങളുടെ അടുത്ത കാറിന്റെ രജിസ്‌ട്രേഷന്‍ നികുതി പൂര്‍ണമായും ഒഴിവാക്കി.

പുതിയ സ്‌ക്രാപ്പേജ് നയം വാഹന, ലോഹ വ്യവസായത്തിന്, പ്രത്യേകിച്ച് സ്റ്റീല്‍ റീസൈക്ലിംഗ് ബിസിനസിന് വലിയ ഉത്തേജനമാകും. പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നതോടെ വാഹന നിര്‍മാതാക്കളുടെ പുതിയ മോഡലുകളുടെ വില്‍പ്പന വര്‍ധിക്കും.