Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഭാരത് സീരീസ് പ്രഖ്യാപിച്ചു

ബിഎച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനം ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്ത് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം വരില്ല

രാജ്യത്ത് പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭാരത് സീരീസ് പ്രഖ്യാപിച്ചു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ബിഎച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനം ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്ത് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം വരില്ല.

പ്രതിരോധ സേനകളിലെ ഉദ്യോഗസ്ഥര്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര/ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ ബിഎച്ച് സീരീസിന് കീഴില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നത്.

1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ 47 ാം വകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനത്ത് നിന്നുമാറി മറ്റൊരു സംസ്ഥാനത്ത് പന്ത്രണ്ട് മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കണമെങ്കില്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം ലഭിക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ സ്ഥലം മാറിപ്പോകുന്ന ജീവനക്കാര്‍ വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതാണ് പതിവ്. പുതുതായി ബിഎച്ച് സീരീസ് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതോടെ ഇതിപ്പോ ലാഭായല്ലോ എന്ന ഡയലോഗ് ഓര്‍ക്കുകയാണ് ജീവനക്കാര്‍.

രണ്ടു വര്‍ഷത്തേക്കോ രണ്ടിന്റെ ഗുണിതങ്ങളായോ ആയിരിക്കും മോട്ടോര്‍ വാഹന നികുതി ഈടാക്കുന്നത്. പതിനാല് വര്‍ഷത്തിനു ശേഷം വര്‍ഷം തോറും നികുതി സ്വീകരിക്കും. നേരത്തെ ഈടാക്കിയ തുകയുടെ പകുതിയായിരിക്കും അപ്പോഴത്തെ നികുതി.