Top Spec

The Top-Spec Automotive Web Portal in Malayalam

മഴ രസംകൊല്ലിയായ ബെല്‍ജിയം ജിപിയില്‍ വെര്‍സ്റ്റാപ്പന്‍

ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മല്‍സരമാണ് സ്പാ ഫ്രാങ്കോര്‍ചാംപ്‌സ് സര്‍ക്യൂട്ടില്‍ അരങ്ങേറിയത്

ഒരു ലാപ് പോലും ഓടാന്‍ കഴിയാതെ മഴയില്‍ കുതിര്‍ന്ന ബെല്‍ജിയം ഗ്രാന്‍ പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പന് ജയം. മഴയില്‍ അപകടകരമായി മാറിയ സ്പാ ഫ്രാങ്കോര്‍ചാംപ്‌സ് സര്‍ക്യൂട്ടില്‍ സേഫ്റ്റി കാറിന് പിറകില്‍ കുറച്ച് ലാപ്പുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഒന്നാം സ്ഥാനക്കാരന് സാധാരണ ലഭിക്കുന്നത് 25 പോയന്റാണെങ്കില്‍ ഇത്തവണ പോള്‍ സിറ്റര്‍ മാക്‌സ് വെര്‍സ്റ്റാപ്പന് പകുതി പോയന്റ് (12.5) നല്‍കി. ഇതോടെ ഡ്രൈവര്‍മാരുടെ കിരീടത്തിനായുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ലൂയിസ് ഹാമില്‍ട്ടണുമായുള്ള വെര്‍സ്റ്റാപ്പന്റെ വ്യത്യാസം മൂന്ന് പോയന്റ് മാത്രമായി.

വില്യംസ് റേസിംഗ് താരമായ ജോര്‍ജ് റസ്സല്‍ രണ്ടാമതും മെഴ്‌സേഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്തുമെത്തി. ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മല്‍സരമാണ് സ്പായില്‍ അരങ്ങേറിയത്. പതിനാല് കിലോമീറ്റര്‍ മാത്രമാണ് ഓടിയത്.

ഞായറാഴ്ച്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് റേസ് നിശ്ചയിച്ചിരുന്നത്. ഒടുവില്‍ മൂന്നര മണിക്കൂര്‍ കഴിഞ്ഞ് സുരക്ഷാ കാറിന് പിറകില്‍ റോളിംഗ് സ്റ്റാര്‍ട്ടിന് സംഘാടകര്‍ അനുമതി നല്‍കി. മഴവെള്ളം വകഞ്ഞുമാറ്റി ഓടിയ രണ്ട് ലാപ്പുകള്‍ക്ക് ശേഷം ട്രാക്കിലെ സാഹചര്യങ്ങള്‍ മല്‍സരത്തിന് തീരെ അനുയോജ്യമല്ലെന്ന് വ്യക്തമായതോടെ റേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2019 ല്‍ ഇതേ ട്രാക്കില്‍ ഫോര്‍മുല 2 ഡ്രൈവര്‍ അന്റോയിന്‍ ഹുബെര്‍ട്ടിന് ജീവന്‍ നഷ്ടപ്പെട്ടതും തീരുമാനത്തെ സ്വാധീനിച്ചു.

ഒറിജിനല്‍ സ്റ്റാര്‍ട്ടിലേക്കുള്ള വഴിയില്‍ ലെ കോംബില്‍ വെച്ച് മാക്‌സ് വെര്‍സ്റ്റാപ്പന്റെ റെഡ് ബുള്‍ ടീമിലെ അംഗമായ സെര്‍ജിയോ പെരസ് നേരിട്ട അപകടം മുതല്‍ ഉച്ചതിരിഞ്ഞുള്ള ലക്ഷണങ്ങളെല്ലാം അശുഭകരമായിരുന്നു. ഗ്രിഡിലേക്കുള്ള ലാപ്പിനിടെ നനഞ്ഞ പ്രതലത്തില്‍ നിയന്ത്രണം ലഭിക്കാതെ പെരസിന്റെ കാര്‍ സ്ലൈഡ് ചെയ്യുകയായിരുന്നു.

അവസാനം, വെര്‍സ്റ്റാപ്പന്‍ സമ്മതിച്ചതുപോലെ ശനിയാഴ്ച്ചയിലെ യോഗ്യതാ മല്‍സരം ഈ സീസണിലെ ബെല്‍ജിയം ജിപിയില്‍ നിര്‍ണായകമായി. പോള്‍ പൊസിഷന്‍ ലഭിച്ചത് വലിയ കാര്യമായെന്നും എന്നാല്‍ ലാപ്പുകള്‍ ഓടാന്‍ കഴിയാത്തത് ആവേശം ചോര്‍ത്തിയെന്നും ബെല്‍ജിയത്തില്‍ ജനിച്ച ഡച്ച് ഡ്രൈവര്‍ പറഞ്ഞു. ട്രാക്കില്‍ പരസ്പരം കാണുന്നതിന് പ്രയാസം നേരിട്ടതായി അദ്ദേഹം വ്യക്തമാക്കി. റേസ് കാണുന്നതിനായി തണുപ്പിലും മഴയിലും ദിവസം മുഴുവന്‍ ഇവിടെ തമ്പടിച്ച ആരാധകരോട് കടപ്പാടുണ്ടെന്നും അവരാണ് ഇന്നത്തെ ഏറ്റവും വലിയ വിജയികളെന്നും മാക്‌സ് വെര്‍സ്റ്റാപ്പന്‍ പ്രതികരിച്ചു.