Top Spec

The Top-Spec Automotive Web Portal in Malayalam

ഹോണ്ട അമേസ് ഫേസ്‌ലിഫ്റ്റ് പ്രീ ബുക്കിംഗ് ആരംഭിച്ചു

ഈ മാസം 18 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ഫേസ്‌ലിഫ്റ്റ് ചെയ്ത ഹോണ്ട അമേസ് ഈ മാസം 18 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹോണ്ട കാര്‍സ് ഇന്ത്യ പ്രീ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഡീലര്‍ഷിപ്പുകളില്‍ 21,000 രൂപയാണ് ബുക്കിംഗ് തുക. വെബ്സൈറ്റില്‍ 5,000 രൂപ നല്‍കി പുതിയ അമേസ് ബുക്ക് ചെയ്യാന്‍ കഴിയും.

2018 ല്‍ തലമുറ മാറ്റം കൈവന്ന കാറാണ് ഹോണ്ട അമേസ് സബ്‌കോംപാക്റ്റ് സെഡാന്‍. ഇപ്പോള്‍ മിഡ് ലൈഫ് അപ്ഡേറ്റാണ് ലഭിക്കുന്നത്. പുതിയ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയ്ല്‍ ലാംപുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവ കൂടാതെ പുതിയ ഫീച്ചറുകള്‍, കണക്റ്റിവിറ്റി ഓപ്ഷനുകള്‍ സഹിതം നവീകരിച്ച ഇന്റീരിയര്‍ തുടങ്ങിയവ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടാനാണ് സാധ്യത.

2013 ല്‍ അരങ്ങേറിയ മുതല്‍ 4.5 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ മനം കവരാന്‍ ഹോണ്ട അമേസിന് കഴിഞ്ഞതായി ഹോണ്ട കാര്‍സ് ഇന്ത്യ വിപണന, വില്‍പ്പന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്റ്ററുമായ രാജേഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഫാമിലി സെഡാനുകളിലൊന്നായി ഹോണ്ട അമേസ് മാറിയെന്നും കൂടുതല്‍ പ്രീമിയം, സ്‌റ്റൈലിഷ് കാറാണ് പുതിയ അമേസ് എന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിലെ അതേ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തുടരും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവ രണ്ട് എന്‍ജിനുകളുടെയും സ്റ്റാന്‍ഡേഡ് ഓപ്ഷനാണ്. ഫോഡ് ആസ്പയര്‍, ഹ്യുണ്ടായ് ഓറ, മാരുതി സുസുകി ഡിസയര്‍ എന്നിവയാണ് എതിരാളികള്‍.