Top Spec

The Top-Spec Automotive Web Portal in Malayalam

ആപെ എച്ച്ടി ശ്രേണിയില്‍ 300 സിസി വാഹനങ്ങളുമായി പിയാജിയോ

പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകളും ചരക്ക് വാഹനങ്ങളും അവതരിപ്പിച്ചു

ഇന്ത്യന്‍ വിപണിയില്‍ പിയാജിയോ വെഹിക്കിള്‍സ് തങ്ങളുടെ ആപെ എച്ച്ടി ശ്രേണിയില്‍ 300 സിസി പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകളും ചരക്ക് വാഹനങ്ങളും അവതരിപ്പിച്ചു. പെട്രോള്‍ ഉപയോഗിക്കുന്ന ആപെ എക്‌സ്ട്രാ എച്ച്ടി, സിഎന്‍ജി ഉപയോഗിക്കുന്ന ആപെ എക്‌സ്ട്രാ എച്ച്ടി, ആപെ എക്‌സ്ട്രാ എച്ച്ടി എല്‍ഡിഎക്‌സ് എന്നീ ചരക്ക് വാഹനങ്ങളും സിഎന്‍ജി ഉപയോഗിക്കുന്ന ആപെ ഓട്ടോ എച്ച്ടി ഡിഎക്‌സ്, ആപെ ഓട്ടോ എച്ച്ടി ഡിഎക്‌സ്എല്‍, ആപെ ഓട്ടോ എച്ച്ടി എന്നീ യാത്രാ വാഹനങ്ങളുമാണ് എച്ച്ടി ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. ആപെ എക്‌സ്ട്രാ എച്ച്ടി പെട്രോള്‍ (കാര്‍ഗോ) മോഡലിന് 2,24,942 രൂപയും ആപെ എക്‌സ്ട്രാ എച്ച്ടി സിഎന്‍ജി (കാര്‍ഗോ) മോഡലിന് 2,45,642 രൂപയും ആപെ ഓട്ടോ എച്ച്ടി ഡിഎക്‌സ് സിഎന്‍ജി (പാസഞ്ചര്‍) മോഡലിന് 2,55,980 രൂപയുമാണ് പുണെ എക്‌സ് ഷോറൂം വില.

കൂടുതല്‍ കരുത്തും ടോര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കായി ഇറ്റലിയിലെ മാതൃ സ്ഥാപനത്തിന്റെ സഹകരണത്തോടെ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതാണ് എച്ച്ടി ശ്രേണിയിലെ വാട്ടര്‍ കൂള്‍ഡ് 300 സിസി എന്‍ജിനെന്ന് പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഡിയാഗോ ഗ്രാഫി പറഞ്ഞു. മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്ന ഈ വാഹനങ്ങള്‍ തീരെ കുറഞ്ഞ ശബ്ദം മാത്രമാണ് സൃഷ്ടിക്കുന്നത്. വാഹനം ഓടുമ്പോള്‍ കാര്യമായ കുലുക്കം അനുഭവപ്പെടില്ല. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്തതാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ എച്ച്ടി ശ്രേണി അവതരിപ്പിക്കുന്നതുവഴി ബദല്‍ ഇന്ധന മേഖലയില്‍ നില കൂടുതല്‍ ഭദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഡിയാഗോ ഗ്രാഫി പ്രസ്താവിച്ചു.

മൂന്നുചക്ര ചരക്ക് വാഹനങ്ങളുടെ വിഭാഗത്തില്‍ പെട്രോള്‍ മോഡല്‍ ലഭ്യമാക്കുന്ന ഏക കമ്പനിയാണ് തങ്ങളെന്ന് പിയാജിയോ വൈസ് പ്രസിഡന്റും വാണിജ്യ വാഹന വിഭാഗം തലവനുമായ സാജു നായര്‍ പറഞ്ഞു. ബദല്‍ ഇന്ധന വിഭാഗത്തില്‍ ഇത്രയധികം ശേഷിയുള്ള എന്‍ജിന്‍ അവതരിപ്പിക്കുന്നതും ഇതാദ്യമാണ്. വിലക്കുറവില്‍ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് പെട്രോള്‍ മോഡല്‍. എച്ച്ടി പെട്രോള്‍ ഓട്ടോറിക്ഷയും വരും മാസങ്ങളില്‍ വിപണിയിലെത്തിക്കും. കൂടുതല്‍ കരുത്ത്, മികച്ച ശേഷി, ഇന്ധന ലാഭം, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിവ കാരണം സിഎന്‍ജി വാഹന ഉടമകള്‍ക്ക് നല്ല വരുമാന വര്‍ധന പ്രതീക്ഷിക്കാന്‍ കഴിയും. ഡ്രൈവിംഗ് അനായാസമാക്കുന്നതിനുപുറമെ ദീര്‍ഘകാലം (30,000 കിലോമീറ്റര്‍ വരെ) നിലനില്‍ക്കുന്നതുമാണ് പുതിയ അലുമിനിയം ക്ലച്ച്.

5 അടി, 5.5 അടി, 6 അടി എന്നീ ഡക്ക് ലെംഗ്ത്തുകളിലായി മൂന്ന് വേരിയന്റുകളില്‍ എച്ച്ടി ചരക്ക് വാഹനങ്ങള്‍ ലഭിക്കും. എച്ച്ടി പെട്രോള്‍ വാഹനങ്ങള്‍ക്ക് 5 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വരെ, സിഎന്‍ജി മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി ലഭിക്കും. ആറ് സൗജന്യ സര്‍വീസുകളും ഉണ്ടായിരിക്കും.