Top Spec

The Top-Spec Automotive Web Portal in Malayalam

ഫോഡ് ഫിഗോ ഹാച്ച്ബാക്കിന് വീണ്ടും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍

ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 7.75 ലക്ഷം രൂപയും 8.20 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ഫോഡ് ഫിഗോ ഹാച്ച്ബാക്കിന് വീണ്ടും ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിച്ചു. പുതിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായാണ് കാര്‍ ഇപ്പോള്‍ വരുന്നത്. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ ഫോഡ് ഫിഗോ ഓട്ടോമാറ്റിക് ലഭിക്കും. യഥാക്രമം 7.75 ലക്ഷം രൂപയും 8.20 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നേരത്തെ ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) എന്ന ഓട്ടോമാറ്റിക് ഓപ്ഷനിലാണ് ഫോഡ് ഫിഗോ ലഭിച്ചിരുന്നത്. എന്നാല്‍ 2019 ല്‍ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചതോടെ ഡിസിടി വേരിയന്റുകള്‍ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഓട്ടോമാറ്റിക് കാറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫിഗോ ഓട്ടോമാറ്റിക് അവതരിപ്പിക്കുന്നത് തീര്‍ച്ചയായും വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ പ്രതീക്ഷിക്കുന്നു.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെ മാത്രമായിരിക്കും ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നത്. ഈ മോട്ടോര്‍ 95 ബിഎച്ച്പി കരുത്തും 119 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. പുതുതായി അവതരിപ്പിച്ച ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റിന് പുറമേ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ഈ എന്‍ജിന്റെ മറ്റൊരു ഓപ്ഷനാണ്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് 16 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നതാണ് പുതിയ ഫിഗോ ഓട്ടോമാറ്റിക്. കൂടുതല്‍ റെസ്‌പോണ്‍സീവ് ഡ്രൈവിംഗിനായി അതിവേഗ ഗിയര്‍ഷിഫ്റ്റുകള്‍ സമ്മാനിക്കുന്ന പുതിയ ‘സ്‌പോര്‍ട്ട് മോഡ്’ സഹിതമാണ് 6 സ്പീഡ് എടി വരുന്നത്. അതേസമയം ഗിയര്‍ഷിഫ്റ്റ് ലിവറിലെ ടോഗിള്‍ സ്വിച്ച് ഉപയോഗിച്ച് മാന്വലായി ഗിയറുകള്‍ മാറ്റാന്‍ ‘സെലക്റ്റ്ഷിഫ്റ്റ്’ ഫംഗ്ഷന്‍ അനുവദിക്കും.

കാഴ്ച്ചയില്‍ കാര്‍ മാറ്റമില്ലാതെ തുടരുന്നു. മാത്രമല്ല, മാന്വല്‍ സഹോദരങ്ങളുടെ മിക്ക ഫീച്ചറുകളും ലഭിച്ചു. റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രോക്രോമിക് ഐആര്‍വിഎം, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കമ്പനിയുടെ കണക്റ്റിവിറ്റി സൊലൂഷനായ ‘ഫോഡ്പാസ്’ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഫോഡ്പാസ് ആപ്പ് വഴി വിദൂരമായി വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും നിര്‍ത്തുന്നതിനും ലോക്ക് ചെയ്യുന്നതിനും അണ്‍ലോക്ക് ചെയ്യുന്നതിനും മറ്റ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കഴിയും. ആറ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.