Top Spec

The Top-Spec Automotive Web Portal in Malayalam

പത്ത് ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഏഴ് സണ്‍റൂഫ് കാറുകള്‍

എല്ലാ സെഗ്‌മെന്റുകളിലും ഉപയോക്താക്കള്‍ ഏറ്റവുമധികം തെരയുന്നത് സണ്‍റൂഫിന്റെ ലഭ്യതയാണ്

താങ്ങാവുന്ന വില, സമൃദ്ധമായ ഫീച്ചറുകള്‍ എന്നീ രണ്ട് ഘടകങ്ങളാണ് കാറുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ പ്രധാനമായും പരിഗണിക്കുന്നതെന്ന് രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഇതിനകം മനസിലാക്കിയ കാര്യമാണ്. ഉപയോക്താക്കളുടെ ഈ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിലവില്‍ ആകര്‍ഷകമായ ചില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഈ കാറുകള്‍ പ്രീമിയം നിലവാരം പുലര്‍ത്തുന്നതും ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ നല്‍കിയതുമാണ്. മാത്രമല്ല കീശയ്ക്ക് ഇണങ്ങുന്നതുമാണ്.

ജനങ്ങള്‍ ആഗ്രഹിക്കുന്ന സവിശേഷതകളുടെ കാര്യം പറയുമ്പോള്‍, എല്ലാ സെഗ്‌മെന്റുകളിലും ഉപയോക്താക്കള്‍ ഏറ്റവുമധികം തെരയുന്നത് സണ്‍റൂഫിന്റെ ലഭ്യതയാണ്. സണ്‍റൂഫ് എന്ന ഫീച്ചര്‍ നേരത്തെ പ്രീമിയം കാറുകളില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ താങ്ങാവുന്ന കാറുകളിലും സണ്‍റൂഫ് കാണാന്‍ കഴിയും. ഇത്തരം കാറുകളുടെ വിപുലമായ നിര തന്നെ ലഭ്യമാണ്. പത്ത് ലക്ഷം രൂപയില്‍ താഴെ ഡെല്‍ഹി എക്‌സ് ഷോറൂം വില വരുന്നതും സണ്‍റൂഫ് നല്‍കിയതുമായ ഏഴ് ടോപ് കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം.

ടാറ്റ നെക്‌സോണ്‍ എക്‌സ്എം (എസ്)

സണ്‍റൂഫ് ലഭിച്ചവയില്‍ ഏറ്റവും കുറഞ്ഞ വില നല്‍കി വാങ്ങാവുന്ന കാറാണ് പെട്രോള്‍ കരുത്തേകുന്ന ടാറ്റ നെക്‌സോണ്‍ എക്‌സ്എം (എസ്) വേരിയന്റ്. റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാംപുകള്‍, ഓട്ടോ ഫോള്‍ഡിംഗ് റിയര്‍വ്യൂ കണ്ണാടികള്‍, നാല് സ്പീക്കറുകള്‍ സഹിതം ഹാര്‍മന്‍ സൗണ്ട് സിസ്റ്റം എന്നിവ ഈ മിഡ് സ്‌പെക് മോഡലിന്റെ സവിശേഷതകളാണ്. പെട്രോള്‍ മാന്വല്‍ വേരിയന്റിന് 8.67 ലക്ഷം രൂപയാണ് വില.

ഹോണ്ട ജാസ് സെഡ്എക്‌സ്

വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, സ്ഥലസൗകര്യമുള്ള കാബിന്‍, 354 ലിറ്റര്‍ കാര്‍ഗോ സ്‌പേസ് എന്നിവ ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ സവിശേഷതകളാണ്. പുതിയ സോഫ്റ്റ് ടച്ച്പാഡ് ഡാഷ്‌ബോര്‍ഡ്, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ എസി സഹിതം ടച്ച്‌സ്‌ക്രീന്‍ കണ്‍ട്രോള്‍ പാനല്‍, ടെലിഫോണി ആന്‍ഡ് വോയ്‌സ് കണ്‍ട്രോളുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ (സിവിടി വേരിയന്റുകളില്‍ മാത്രം), ഡിജിപാഡ് 2.0, 7 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മറ്റ് ഫീച്ചറുകളാണ്. വില 8.89 ലക്ഷം രൂപ.

ഹ്യുണ്ടായ് ഐ20 ആസ്റ്റ (ഒ)

ഇലക്ട്രിക് സണ്‍റൂഫ് സഹിതമാണ് പുതു തലമുറ ഹ്യുണ്ടായ് ഐ20 യുടെ ആസ്റ്റ (ഒ) വേരിയന്റ് വരുന്നത്. പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് വരെ എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ ടെക് എന്നിവ സവിശേഷതകളാണ്. വില 9.33 ലക്ഷം രൂപ

ഹോണ്ട ഡബ്ല്യുആര്‍ വി വിഎക്‌സ് പെട്രോള്‍

മെച്ചപ്പെടുത്തിയ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ്, സമൃദ്ധമായ ഇന്റീരിയര്‍, ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ എന്നിവയില്‍ അഭിമാനിക്കുന്നവനാണ് ഹോണ്ടയുടെ കോംപാക്റ്റ് എസ്‌യുവിയായ ഡബ്ല്യുആര്‍ വി. സ്വന്തം സെഗ്‌മെന്റില്‍ സണ്‍റൂഫ് ലഭിച്ച ആദ്യ കാറാണ് ഹോണ്ട ഡബ്ല്യുആര്‍ വി. സ്ഥലസൗകര്യമുള്ള കാബിന്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഫോഗ് ലാംപുകള്‍, പിറകില്‍ വൈപ്പര്‍ ആന്‍ഡ് വാഷര്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂസ് കണ്‍ട്രോള്‍, 7 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയവ ഈ പ്രീമിയം സ്‌പോര്‍ട്ടി ലൈഫ്‌സ്റ്റൈല്‍ വാഹനത്തിന്റെ മറ്റ് ഫീച്ചറുകളാണ്. വില 9.75 ലക്ഷം രൂപ.

മഹീന്ദ്ര എക്‌സ്‌യുവി300 ഡബ്ല്യു6

ഈ വര്‍ഷമാദ്യം പുറത്തിറക്കിയ മഹീന്ദ്ര എക്‌സ്‌യുവി300 ഡബ്ല്യു6 എസ്‌യുവിയുടെ ബേസ് വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും സണ്‍റൂഫ് നല്‍കിയിരിക്കുന്നു. പുതു തലമുറ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന ജനപ്രിയ ഫീച്ചറുകളുടെ നീണ്ട നിരയുമായാണ് ഈ കാര്‍ വരുന്നത്. ബേസ് വേരിയന്റിന് പിറകില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കി. കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, മുന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ലഭിച്ചതാണ് ടോപ് സ്‌പെക് വേരിയന്റ്. വില 9.77 ലക്ഷം രൂപ.

ഫോഡ് ഇക്കോസ്‌പോര്‍ട്ട് ടൈറ്റാനിയം

സണ്‍റൂഫ് ലഭിച്ചതാണ് ഫോഡ് ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയുടെ ടൈറ്റാനിയം വേരിയന്റ്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന ഫോഡ് ഇക്കോസ്‌പോര്‍ട്ട് ടൈറ്റാനിയം വേരിയന്റുകളുടെ വില പത്ത് ലക്ഷം രൂപയില്‍ താഴെയാണ്. സണ്‍റൂഫ് കൂടാതെ ഓട്ടോമാറ്റിക് എസി, റിയര്‍വ്യൂ കാമറ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം (ഈ വേരിയന്റില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ നല്‍കിയില്ല), എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം ഹാലോജന്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ എന്നീ ഫീച്ചറുകളും ലഭിച്ചു. പെട്രോള്‍ വേരിയന്റിന് 9.99 ലക്ഷം രൂപയാണ് വില.

ഹ്യുണ്ടായ് വെന്യൂ എസ്എക്‌സ് ടര്‍ബോ പെട്രോള്‍

കിയ സോണറ്റ് പോലെ, ലെതററ്റ് ഇന്റീരിയര്‍ ലഭിച്ച സ്‌പോര്‍ട്ട് വേരിയന്റിനായി ഉപയോക്താക്കള്‍ക്ക് 70,000 രൂപ അധികം ചെലവഴിക്കേണ്ടിവരും. ഡീസല്‍ എന്‍ജിന്‍, 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് കൂട്ടുകെട്ടില്‍ ഓടുന്നതും സണ്‍റൂഫ് ലഭിച്ചതുമായ ഹ്യുണ്ടായ് വെന്യൂ എസ്എക്‌സ് വേരിയന്റിന് 9.99 ലക്ഷം രൂപയാണ് വില.