Top Spec

The Top-Spec Automotive Web Portal in Malayalam

കണക്റ്റഡ്, സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളോടെ പുതിയ മാസ്‌ട്രോ എഡ്ജ് 125

ഡെല്‍ഹി എക്‌സ് ഷോറൂം വില 72,250 രൂപ മുതല്‍

പുതിയ ഹീറോ മാസ്‌ട്രോ എഡ്ജ് 125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 72,250 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 76,500 രൂപയും കണക്റ്റഡ് എന്ന ടോപ് സ്‌പെക് വേരിയന്റിന് 79,750 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.

മുന്നില്‍ കൂടുതല്‍ ഷാര്‍പ്പ് ലുക്ക് ലഭിച്ചതാണ് പുതിയ ഹീറോ മാസ്‌ട്രോ എഡ്ജ് 125. പുതിയ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപാണ് പ്രധാന സവിശേഷത. സെഗ്‌മെന്റില്‍ ഇത്തരമൊരു ഫീച്ചര്‍ ഇതാദ്യമാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളില്‍ സ്‌മോക്ക്ഡ് ഇഫക്റ്റ്, പുതിയ നിറങ്ങള്‍ എന്നിവ മറ്റ് ഡിസൈന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രിസ്മാറ്റിക് യെല്ലോ, പ്രിസ്മാറ്റിക് പര്‍പ്പിള്‍ എന്നീ രണ്ട് പ്രിസ്മാറ്റിക് നിറങ്ങളിലായിരിക്കും കണക്റ്റഡ് വേരിയന്റ് ലഭിക്കുന്നത്.

പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സഹിതമാണ് പുതിയ ഹീറോ മാസ്‌ട്രോ എഡ്ജ് 125 വരുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷതയാണ്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍ അലര്‍ട്ടുകള്‍, മിസ് കോള്‍ അലര്‍ട്ടുകള്‍ തുടങ്ങിയവ ലഭിക്കുന്നതിന് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പെയര്‍ ചെയ്യാന്‍ കഴിയും. സ്‌കൂട്ടര്‍ ടോപ്പിള്‍ അലര്‍ട്ട്, ഫൈന്‍ഡ് മൈ പാര്‍ക്കിംഗ്, തെഫ്റ്റ് അലര്‍ട്ട്, ട്രിപ്പ് വിശകലനം, വാഹന ട്രാക്കിംഗ് എന്നിവ ‘ഹീറോ കണക്റ്റ്’ ആപ്പില്‍ ലഭ്യമായിരിക്കും.

124.6 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 9 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.