Top Spec

The Top-Spec Automotive Web Portal in Malayalam

കോഴിക്കോട് ഏഥര്‍ സ്‌പേസ് പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തിലെ രണ്ടാമത്തെ ഷോറൂമാണ് തുറന്നത്. സംസ്ഥാനത്തെ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ നേരത്തെ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ ഇന്ത്യയിലെ പതിമൂന്നാമത് എക്സ്പീരിയന്‍സ് സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ രണ്ടാമത്തെ ഷോറൂമാണ് തുറന്നത്. ക്രക്സ് മൊബിലിറ്റിയുമായി ചേര്‍ന്ന് കോഴിക്കോട് വെള്ളയില്‍ വെസ്റ്റ് നടക്കാവിലാണ് ഏഥര്‍ സ്പേസ് എന്ന റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് തുടങ്ങിയത്. ഏഥര്‍ 450 എക്സ്, ഏഥര്‍ 450 പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇവിടെ ടെസ്റ്റ് റൈഡിനും വില്‍പ്പനയ്ക്കും ലഭ്യമാണ്. കേരളത്തിലെ ആദ്യ ഏഥര്‍ സ്പേസ് നേരത്തെ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ഫെയിം 2 അനുസരിച്ചുള്ള സബ്‌സിഡി ലഭിക്കുന്നതിനാല്‍ ഏഥര്‍ 450 എക്സ് സ്‌കൂട്ടറിന് 1,47,087 രൂപയും ഏഥര്‍ 450 പ്ലസ് സ്‌കൂട്ടറിന് 1,27,916 രൂപയുമാണ് കോഴിക്കോട് എക്സ് ഷോറൂം വില. വാഹനത്തിന്റെ എല്ലാ സവിശേഷതകളും അറിയാന്‍ കഴിയുന്ന ഡിസ്‌പ്ലേ ഉള്‍പ്പെടെ കോഴിക്കോട് ഏഥര്‍ സ്പേസില്‍ സജ്ജീകരിച്ചു. എക്സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഏഥര്‍ എനര്‍ജി വെബ്സൈറ്റ് വഴി ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാന്‍ കഴിയും.

വെള്ളിപറമ്പ്, മാവൂര്‍ റോഡ്, പിടി ഉഷ റോഡ്, വെസ്റ്റ് നടക്കാവ് എന്നിവിടങ്ങളില്‍ കമ്പനിയുടെ അതിവേഗ ചാര്‍ജിംഗ് പോയന്റായ ഏഥര്‍ ഗ്രിഡ് ഇതിനകം സ്ഥാപിച്ചു. നഗരത്തിലെ വൈദ്യുത വാഹന ഉടമകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയുംവിധം പത്തോളം ചാര്‍ജിംഗ് പോയന്റുകള്‍ കൂടി സ്ഥാപിക്കാന്‍ ഏഥര്‍ എനര്‍ജി ഉദ്ദേശിക്കുന്നു. ഉപയോക്താക്കളുടെ കെട്ടിടങ്ങളിലും അപ്പാര്‍ട്ട്മെന്റുകളിലും ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതിനും ഏഥര്‍ എനര്‍ജി സഹായിക്കും.

കൊച്ചിയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ രണ്ടാമത്തെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നതെന്ന് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് ഫോകേല പറഞ്ഞു. കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിന്റെ മറ്റ് മേഖലകളില്‍ നിന്ന് ടെസ്റ്റ് റൈഡിനായി നിരവധി പേരാണ് സമീപിക്കുന്നത്. കേരളത്തില്‍ വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച അവബോധം ഉയര്‍ന്ന തോതിലാണ്. സംസ്ഥാനത്തെ മൂന്നുനാല് പട്ടണങ്ങളില്‍ കൂടി ഈ വര്‍ഷം ഏഥര്‍ എനര്‍ജി സാന്നിധ്യമറിയിക്കും. ക്രക്സ് മൊബിലിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ ആഹ്‌ളാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റലിജന്റ് ഫീച്ചറുകളോടെ വരുന്ന വൈദ്യുത വാഹനങ്ങളാണ് ഇനി ഭാവിയെന്നും വിശ്വസനീയ സേവനങ്ങളുടെ കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ് തങ്ങളുടെ സ്ഥാനമെന്നും ക്രക്സ് മൊബിലിറ്റി മാനേജിംഗ് ഡയറക്റ്റര്‍ നിക്ഷന്‍ അഹമ്മദ് പറഞ്ഞു.

മുംബൈ, പുണെ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, ന്യൂഡെല്‍ഹി, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം, ജയ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ പതിനാറ് നഗരങ്ങളില്‍ ഈ വര്‍ഷം ഏഥര്‍ എനര്‍ജി സാന്നിധ്യമറിയിച്ചിരുന്നു.