Top Spec

The Top-Spec Automotive Web Portal in Malayalam

ടിവിഎസ് ഐക്യൂബ് കൊച്ചിയില്‍

കൊച്ചിയിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് ഐക്യൂബ് ലഭ്യമാണ്. ഓണ്‍ റോഡ് വില 1,23,917 രൂപ

ടിവിഎസ് ഐക്യൂബ് കൊച്ചിയില്‍ അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി അനുസരിച്ചുള്ള സബ്സിഡി ലഭിക്കുന്നതിനാല്‍ 1,23,917 രൂപയാണ് ഓണ്‍ റോഡ് വില. കൊച്ചിയിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് ഐക്യൂബ് ലഭ്യമാണ്. 5000 രൂപയാണ് ബുക്കിംഗ് തുക.

സംസ്ഥാന റോഡ് ഗതാഗത മന്ത്രി ആന്റണി രാജു, ടിവിഎസ് മോട്ടോര്‍ കമ്പനി ജോയന്റ് മാനേജിംഗ് ഡയറക്റ്റര്‍ സുദര്‍ശന്‍ വേണു എന്നിവര്‍ ചേര്‍ന്നാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ബെംഗളൂരു, ഡെല്‍ഹി, ചെന്നൈ, പുണെ നഗരങ്ങളിലെ മികച്ച പ്രതികരണങ്ങള്‍ക്കു ശേഷമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊച്ചിയില്‍ അവതരിപ്പിക്കുന്നതെന്ന് സുദര്‍ശന്‍ വേണു പറഞ്ഞു.

ആധുനിക ഇലക്ട്രിക് ഡ്രൈവ്ട്രെയ്ന്‍ ലഭിച്ച ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.2 സെക്കന്‍ഡ് മതി.

പുതു തലമുറ ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ് സിസ്റ്റം, ടിഎഫ്ടി ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്. ഇക്കോണമി, പവര്‍ മോഡുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം, ക്യൂ പാര്‍ക്ക് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. എല്‍ഇഡി ഹെഡ്ലാംപ്, എല്‍ഇഡി ടെയ്ല്‍ ലാംപ് ലഭിച്ചു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ജിയോ ഫെന്‍സിംഗ് സൗകര്യം, വിദൂര ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, നാവിഗേഷന്‍ സഹായം എന്നിവ കൂടാതെ ഒടുവില്‍ പാര്‍ക്ക് ചെയ്ത സ്ഥലം മനസിലാക്കുന്നതിനും കോളുകളുടെയും എസ്എംഎസുകളുടെയും നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനും ടിവിഎസ് ഐക്യൂബ് ആപ്പ് ഉപയോഗിക്കാം.

തല്‍ക്കാലം കൊച്ചിന്‍ ടിവിഎസില്‍ ചാര്‍ജിംഗ് സൗകര്യം ഉണ്ടായിരിക്കും. നഗരത്തില്‍ കൂടുതല്‍ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ കമ്പനി സജ്ജീകരിക്കും. വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിന് ‘സ്മാര്‍ട്ട്‌ഹോം’ സംവിധാനം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.