Top Spec

The Top-Spec Automotive Web Portal in Malayalam

ക്ഷുഭിതയൗവനങ്ങൾക്ക് ബിഎസ്6 ബെനെല്ലി ടിആർകെ 502

ഇന്ത്യ എക്സ് ഷോറൂം വില 4,79,900 രൂപ മുതൽ

ബിഎസ് 6 പാലിക്കുന്ന ബെനെല്ലി ടിആർകെ 502 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മെറ്റാലിക് ഡാർക്ക് ഗ്രേ, പ്യുർ വൈറ്റ്, ബെനെല്ലി റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ ലഭിക്കും. മെറ്റാലിക് ഡാർക്ക് ഗ്രേ കളർ വേരിയൻ്റിന് 4,79,900 രൂപയാണ് ഇന്ത്യ എക്സ് ഷോറൂം വില. ബെനെല്ലി റെഡ്, പ്യുർ വൈറ്റ് കളർ വേരിയൻ്റുകൾക്ക് 4,89,900 രൂപ വില നിശ്ചയിച്ചു. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. ശ്രദ്ധേയമായ കാര്യം, ബിഎസ് 4 വേർഷനേക്കാൾ ബിഎസ് 6 പതിപ്പിന് 30,000 രൂപയോളം കുറവാണ്. രാജ്യത്തെ 38 ബെനെല്ലി ഡീലർഷിപ്പുകളിൽ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 10,000 രൂപയാണ് ബുക്കിംഗ്  തുക. മോട്ടോർസൈക്കിളിന് മൂന്നു വർഷ/ അൺലിമിറ്റഡ് കിലോമീറ്റർ വാറൻ്റി ബെനെല്ലി വാഗ്ദാനം ചെയ്യുന്നു. 

 

ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിർഗമന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതാണ് ബെനെല്ലി ടിആർകെ 502 മോട്ടോർസൈക്കിളിലെ ഏറ്റവും വലിയ മാറ്റം. 499 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എൻജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോർ 8,500 ആർപിഎമ്മിൽ 46.8 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 46 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. എൻജിനുമായി 6 സ്പീഡ് ഗിയർബോക്സ് ചേർത്തുവെച്ചു. 

മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ട്വിന്‍ പോഡ് ഹെഡ്‌ലൈറ്റ്, പകുതി ഡിജിറ്റലും പകുതി അനലോഗുമായ പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, വലിയ റിയര്‍ വ്യൂ കണ്ണാടികള്‍, ബാക്ക്‌ലിറ്റ് സ്വിച്ച്ഗിയര്‍, പുതിയ അലുമിനിയം നക്കിള്‍ ഗാര്‍ഡുകള്‍, 20 ലിറ്റര്‍ ശേഷിയോടെ ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സ്‌റ്റൈല്‍ സീറ്റ്, സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം എന്നിവ സവിശേഷതകളാണ്. മോട്ടോര്‍സൈക്കിളിന്റെ സീറ്റിംഗ്, എര്‍ഗണോമിക്‌സ് എന്നിവയില്‍ ചെറിയ മാറ്റം വരുത്തി. സ്‌റ്റൈലിംഗ് മുമ്പത്തേതുതന്നെ.

നിലവിൽ ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിൻ്റെ പ്രവർത്തനങ്ങളിലാണെന്നും ഈ വർഷം കൂടുതൽ ബിഎസ് 6 മോഡലുകൾ അവതരിപ്പിക്കുമെന്നും ബെനെല്ലി ഇന്ത്യ മാനേജിംഗ് ഡയറക്റ്റർ വികാസ് ജാബാക്ക് പറഞ്ഞു. ബെനെല്ലിയുടെ ഉൽപ്പന്ന നിരയിൽ ഓരോ ബൈക്ക് പ്രേമിക്കും എന്തെങ്കിലുമൊന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎസ് 6 മാനദണ്ഡങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതോടെ പ്രീമിയം ടൂറിംഗ് സെഗ്മെൻ്റിൽ സാന്നിധ്യം വീണ്ടും ശക്തമാക്കുമെന്ന് വികാസ് ജാബാക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ഓഫ് റോഡ് വേർഷനായ ടിആർകെ 502 എക്സ് എപ്പോൾ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചില്ല.