Top Spec

The Top-Spec Automotive Web Portal in Malayalam

നിരത്തുകള്‍ വാഴാന്‍ 2021 മാസെറാറ്റി ഗിബ്ലി

പുതിയ ഗിബ്ലി വേരിയന്റുകള്‍ക്ക് 1.15 കോടി രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ടോപ് സ്‌പെക് ട്രോഫെയോ വേരിയന്റിന് 1.93 കോടി രൂപ വില വരും

2021 മോഡല്‍ മാസെറാറ്റി ഗിബ്ലി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ഗിബ്ലി വേരിയന്റുകള്‍ക്ക് 1.15 കോടി രൂപ (ബേസ് ഹൈബ്രിഡ്) മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ട്രോഫെയോ എന്ന ടോപ് സ്‌പെക് വേരിയന്റിന് 1.93 കോടി രൂപ വില വരും. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട്ട് എന്നീ രണ്ട് ട്രിമ്മുകളിലും സ്‌പോര്‍ട്‌സ് സെഡാന്‍ ലഭിക്കും. സമഗ്രമായി പരിഷ്‌കരിച്ച 2021 മാസെറാറ്റി ഗിബ്ലി കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ അനാവരണം ചെയ്തിരുന്നു. പുതിയ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നല്‍കിയാണ് പുതിയ പതിപ്പ് വിപണിയിലെത്തിച്ചത്. സ്‌റ്റൈലിംഗ്, ഫീച്ചര്‍ പരിഷ്‌കാരങ്ങളോടൊപ്പം ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ കൂടി നല്‍കി.

പുതിയ സ്റ്റൈലിംഗ് സ്വീകരിച്ചാണ് 2021 മാസെറാറ്റി ഗിബ്ലി വരുന്നത്. കുറേക്കൂടി ഷാര്‍പ്പ് ലുക്ക് ലഭിക്കുംവിധം മുന്‍വശം പരിഷ്‌കരിച്ചു. സവിശേഷ ഗ്രില്‍ കാണാം. ഫുള്‍ അഡാപ്റ്റീവ് എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാംപുകള്‍ ലഭിച്ചു. പുതുതായി ബൂമറാംഗ് ആകൃതിയുള്ള എല്‍ഇഡി ടെയ്ല്‍ലൈറ്റുകളാണ് പിറകില്‍ നല്‍കിയത്. 50:50 ഭാര അനുപാതത്തില്‍ ഭാരം കുറഞ്ഞ സ്റ്റീല്‍ ഷാസിയാണ് പുതിയ ഗിബ്ലി അടിസ്ഥാനമാക്കിയത്. ബ്രെംബോ ബ്രേക്കുകളും കാലിപറുകളും ഉപയോഗിക്കുന്നത് തുടരുന്നു. കുറേക്കൂടി മികച്ച നോട്ട് ലഭിക്കുന്നതിന് എക്‌സോസ്റ്റ് മെച്ചപ്പെടുത്തി. സ്‌കൈഹുക്ക് സസ്‌പെന്‍ഷനുകള്‍ സഹിതമാണ് പുതിയ ഗിബ്ലി വരുന്നത്.

പുതിയതും ആധുനികവുമായ ലേഔട്ട് ഉള്‍പ്പെടെ കാറിനകത്ത് ഒരുപിടി മാറ്റങ്ങള്‍ ലഭിച്ചു. പുതിയതും വലുപ്പം കൂടിയതുമായ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് വലിയ മാറ്റം. ഇപ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി കൂടാതെ ‘മാസെറാറ്റി കണക്റ്റ്’ സപ്പോര്‍ട്ട് ചെയ്യും. പുതുതായി 7 ഇഞ്ച് വലുപ്പമുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നല്‍കി. സോഫ്റ്റ് ക്ലോസ് ഡോറുകള്‍, കീലെസ് എന്‍ട്രി, കിക്ക് സെന്‍സര്‍ സഹിതം പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, ഓട്ടോണമസ് ഡ്രൈവിംഗ് സാധ്യമാക്കുന്ന ലെവല്‍ 2 അഡാസ് എന്നിവ മറ്റ് ഫീച്ചറുകളാണ്. യൂറോ എന്‍കാപ് ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറാണ് 2021 മാസെറാറ്റി ഗിബ്ലി.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ 2021 മാസെറാറ്റി ഗിബ്ലി ലഭിക്കും. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് കരുത്തേകുന്നതാണ് ഏറ്റവും താങ്ങാവുന്ന മോഡല്‍. ഈ മോട്ടോര്‍ 325 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 3.0 ലിറ്റര്‍, വി6 എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 424 ബിഎച്ച്പി കരുത്തും 580 എന്‍എം ടോര്‍ക്കുമാണ്. ട്രോഫെയോ വേരിയന്റ് ഉപയോഗിക്കുന്ന 3.8 ലിറ്റര്‍, വി8 എന്‍ജിന്‍ പുറത്തെടുക്കുന്നത് 572 ബിഎച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കുമാണ്. മണിക്കൂറില്‍ 326 കിലോമീറ്ററാണ് ട്രോഫെയോ വേരിയന്റിന് ടോപ് സ്പീഡ്.