Top Spec

The Top-Spec Automotive Web Portal in Malayalam

കിടിലം കൊള്ളിക്കാന്‍ ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ്

ഇന്ത്യ എക്‌സ് ഷോറൂം വില 16.95 ലക്ഷം രൂപ

ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.95 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1050 മോട്ടോര്‍സൈക്കിളിന് പകരമായി ജനുവരി 26 നാണ് ഓള്‍ ന്യൂ മോഡലായ സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് ആഗോള അരങ്ങേറ്റം നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ട്രയംഫിന്റെ ഇന്ത്യാ ലൈനപ്പില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ‘സ്പീഡ് ട്രിപ്പിള്‍’ നെയിംപ്ലേറ്റ് തിരികെവരികയാണ്. സഫയര്‍ ബ്ലാക്ക്, മാറ്റ് സില്‍വര്‍ ഐസ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ട്രയംഫിന്റെ ഫ്‌ളാഗ്ഷിപ്പ് പെര്‍ഫോമന്‍സ് നേക്കഡ് മോട്ടോര്‍സൈക്കിള്‍ ലഭിക്കും. ട്രയംഫിന്റെ ഇതുവരെയുള്ള സ്‌പോര്‍ട്ട് നേക്കഡ് മോഡലുകളില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നവനാണ് പുതിയ മോട്ടോര്‍സൈക്കിളെന്ന് കമ്പനി അവകാശപ്പെട്ടു. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ആദ്യ ബാച്ചില്‍ 30 യൂണിറ്റ് മാത്രമായിരിക്കും വില്‍ക്കുന്നത്. മാര്‍ച്ച് മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കും. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തും.

പൂര്‍ണമായും പുതിയ 1,160 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,750 ആര്‍പിഎമ്മില്‍ 178 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കും. മുന്‍ മോഡലിനേക്കാള്‍ 30 ബിഎച്ച്പി കൂടുതല്‍. പരമാവധി ടോര്‍ക്ക് 9,000 ആര്‍പിഎമ്മില്‍ 125 ന്യൂട്ടണ്‍ മീറ്ററാണ്. 8 എന്‍എം വര്‍ധിച്ചു. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. പുതുതായി സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. ശേഷി വര്‍ധിച്ചപ്പോഴും 1050 സിസി എന്‍ജിനേക്കാള്‍ പുതിയ മോട്ടോറിന് ഏഴ് കിലോഗ്രാം ഭാരം കുറവാണ്. മാത്രമല്ല, മോട്ടോര്‍സൈക്കിളിന്റെ ആകെ ഭാരം മുന്‍ മോഡലിനേക്കാള്‍ പത്ത് കിലോഗ്രാം കുറഞ്ഞു. പൂര്‍ണമായും പുതിയ ഭാരം കുറഞ്ഞ കാസ്റ്റ് അലുമിനിയം ഫ്രെയിം ഉപയോഗിച്ചതാണ് കാരണം. ഇതോടെ എക്കാലത്തെയും ഏറ്റവും ഭാരം കുറഞ്ഞ ട്രയംഫ് സ്പീഡ് ട്രിപ്പിളാണ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ്. 198 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ വെറ്റ് വെയ്റ്റ്.

കൂടുതല്‍ അഗ്രസീവ് റൈഡിംഗ് എര്‍ഗണോമിക്‌സ് നല്‍കിയാണ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് പുറത്തിറക്കുന്നത്. ആര്‍എസ് മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ ട്രാക്കുകളില്‍ ഉപയോഗിക്കാന്‍ കഴിയും. മുന്നില്‍ പൂര്‍ണമായും ക്രമീകരിക്കാവുന്ന ടോപ് സ്‌പെക് ഒഹ്ലിന്‍സ് 43 എംഎം നിക്‌സ്30 യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണമായും ക്രമീകരിക്കാവുന്ന ഒഹ്ലിന്‍സ് ടിടിഎക്‌സ്36 ട്വിന്‍-ട്യൂബ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 320 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ 270 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ബ്രെംബോ സ്‌റ്റൈല്‍മ റേഡിയല്‍ മോണോബ്ലോക്ക് കാലിപറുകള്‍ മുന്നിലും ബ്രെംബോ ഇരട്ട പിസ്റ്റണ്‍ കാലിപര്‍ പിന്നിലും നല്‍കി. മുന്നിലെ ബ്രേക്ക് ലിവര്‍ ക്രമീകരിക്കാന്‍ കഴിയും. മെറ്റ്‌സെലര്‍ റേസ്‌ടെക് ആര്‍ആര്‍ ടയറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി. പിറെല്ലി ഡിയാബ്ലോ സൂപ്പര്‍കോഴ്‌സ എസ്‌സി2 ടയറുകള്‍ ഓപ്ഷണലായി ലഭിക്കും.

6 ആക്‌സിസ് ഐഎംയു, എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്രണ്ട് വീല്‍ ലിഫ്റ്റ് കണ്‍ട്രോള്‍, അഞ്ച് റൈഡിംഗ് മോഡുകള്‍ (റെയ്ന്‍, റോഡ്, സ്‌പോര്‍ട്ട്, ട്രാക്ക്, റൈഡര്‍) എന്നിവ ഇലക്ട്രോണിക് ഫീച്ചറുകളാണ്. എല്ലാ മോഡുകളും കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും. വ്യത്യസ്ത ലേഔട്ടുകളോടെ പുതിയ 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നല്‍കി. സ്വിച്ച്ഗിയര്‍ പുതിയതാണ്. റൈഡിംഗ് സമയത്ത് കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. കീലെസ് ഇഗ്നിഷന്‍ സംവിധാനം മറ്റൊരു സവിശേഷതയാണ്. ‘മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റം’,’ഗോപ്രോ’ കണ്‍ട്രോളുകള്‍ എന്നിവ നല്‍കി.

കൂടുതല്‍ അഗ്രസീവ് ലുക്ക് ലഭിക്കുംവിധം മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് പരിഷ്‌കരിച്ചു. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത ഇരട്ട ഹെഡ്‌ലാംപ് യൂണിറ്റുകള്‍ ഇപ്പോള്‍ മുമ്പോട്ട് ഉന്തിനില്‍ക്കുന്നതും അഗ്രസീവുമാണ്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൂടെ നല്‍കി. മോട്ടോര്‍സൈക്കിളില്‍ ആവശ്യമായ എല്ലായിടത്തും എല്‍ഇഡി ലൈറ്റുകളാണ്. പുതിയ ചക്രങ്ങള്‍, ഒരു വശത്തായി എക്‌സോസ്റ്റ് എന്നിവ കാണാം. മുന്‍ മോഡലില്‍ സീറ്റിനുതാഴെയാണ് എക്‌സോസ്റ്റ് പൈപ്പുകള്‍ ഉണ്ടായിരുന്നത്. മിനിമം ബോഡിവര്‍ക്ക്, പുറത്തുകാണാവുന്ന ഫ്രെയിം, മുന്നില്‍ കാര്‍ബണ്‍ ഫൈബര്‍ മഡ്ഗാര്‍ഡ്, നിറത്തിന് അനുസൃതമായ ബെല്ലി പാന്‍, പിറകില്‍ സീറ്റ് കൗള്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.