Top Spec

The Top-Spec Automotive Web Portal in Malayalam

അതുക്കും മേലെ ബിഎംഡബ്ല്യു ആര്‍18 ക്ലാസിക്

ക്രൂസര്‍ മോട്ടോര്‍സൈക്കിളിന് 24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില

ബിഎംഡബ്ല്യു ആര്‍18 ക്ലാസിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്രൂസര്‍ മോട്ടോര്‍സൈക്കിളിന് 24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. നേരത്തെ പുറത്തിറക്കിയ ആര്‍18 ഫസ്റ്റ് എഡിഷനേക്കാള്‍ 1.5 ലക്ഷം രൂപ കൂടുതല്‍. പുതിയ വകഭേദം കൂടുതല്‍ ടൂറിംഗ് സൗഹൃദമാണ്.

ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റിന്റെ കൂടെ കൂടുതല്‍ വെളിച്ചം ലഭിക്കുന്നതിന് ഒരു ജോടി സഹായക ലൈറ്റുകള്‍ നല്‍കി. വലിയ വിന്‍ഡ്‌സ്‌ക്രീന്‍ ലഭിച്ചു. റൈഡര്‍ സീറ്റിന്റെ കുഷന്‍ മെച്ചപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ്. പില്യണ്‍ സീറ്റ് അധികമായി നല്‍കി. ഒരു ജോടി സാഡില്‍ബാഗുകളുമായാണ് ബിഎംഡബ്ല്യു ആര്‍18 ക്ലാസിക് വരുന്നത്. ഈ ആക്‌സസറികള്‍ എല്ലാം അഴിച്ചുവെയ്ക്കാന്‍ കഴിയും. സ്റ്റാന്‍ഡേഡ് ആര്‍18 മോട്ടോര്‍സൈക്കിളില്‍ ഇവ ഉപയോഗിക്കുകയും ചെയ്യാം.

ബിഎംഡബ്ല്യു ആര്‍18 ക്ലാസിക് മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ 16 ഇഞ്ച് വ്യാസമുള്ള ചക്രമാണ് നല്‍കിയിരിക്കുന്നത്. സാഡില്‍ബാഗുകള്‍ ഉള്ളതിനാല്‍ എക്‌സോസ്റ്റ് മുകളിലേക്ക് ഉയര്‍ത്തിയില്ല. ആര്‍18 ഫസ്റ്റ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ 19 ഇഞ്ച് ചക്രമാണ് നല്‍കിയിരുന്നത്. മാത്രമല്ല, എക്‌സോസ്റ്റുകള്‍ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമായിരുന്നു.

ബിഎംഡബ്ല്യു ആര്‍18 ഫസ്റ്റ് എഡിഷന്‍ ഉപയോഗിക്കുന്ന അതേ 1802 സിസി, ബോക്‌സര്‍ ട്വിന്‍, എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 89.9 ബിഎച്ച്പി കരുത്തും 158 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് മോഡലുകളിലെയും സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ് ഹാര്‍ഡ്‌വെയര്‍ സമാനമാണ്. ക്ലാസിക് വേര്‍ഷനില്‍ ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. ആര്‍18 ഫസ്റ്റ് എഡിഷനില്‍ ലഭിച്ച മൂന്ന് റൈഡിംഗ് മോഡുകള്‍, എന്‍ജിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, കീലെസ് സ്റ്റാര്‍ട്ട്, റിവേഴ്‌സ് ഗിയര്‍ എന്നീ ഫീച്ചറുകളും നല്‍കി.