Top Spec

The Top-Spec Automotive Web Portal in Malayalam

വില്‍പ്പനയുടെ പത്ത് ശതമാനം കേരളം സംഭാവന ചെയ്യുമെന്ന് പിയാജിയോ

‘ടോപ് സ്പെക്’ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ശങ്കര്‍ മീറ്റ്നയുമായി സുധാംശു അഗ്രവാള്‍ സംസാരിച്ചു

ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ പത്ത് ശതമാനമാണ് കേരള വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പിയാജിയോ ഇരുചക്രവാഹന വിഭാഗം വില്‍പ്പനകാര്യ വൈസ് പ്രസിഡന്റ് സുധാംശു അഗ്രവാള്‍. അതായത്, പ്രതിമാസം 700 യൂണിറ്റ് വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ കേരളത്തില്‍ വില്‍ക്കാമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയില്‍ ‘ടോപ് സ്പെക്’ ഓട്ടോമോട്ടീവ് വെബ് പോര്‍ട്ടല്‍ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ശങ്കര്‍ മീറ്റ്നയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെസ്പ കൂടാതെ അപ്രീലിയ ബ്രാന്‍ഡും കേരളത്തില്‍ ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. വെസ്പ, അപ്രീലിയ ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം കേരളം പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. ഇരു ബ്രാന്‍ഡുകളും ഇവിടെ വലിയ ഡിമാന്‍ഡ് നേരിടുന്നു. കൂടുതല്‍ സാധ്യതകള്‍ മുന്നോട്ടുവെയ്ക്കുന്ന വിപണിയാണ് കേരളമെന്നും തങ്ങളുടെ ആകെ വില്‍പ്പനയില്‍ സംസ്ഥാനത്തിന് ഇനിയും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊവിഡ്-19 തീര്‍ച്ചയായും വലിയ വെല്ലുവിളികളാണ് സൃഷ്ടിച്ചത്. ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍നിന്ന് കരകയറുകയാണെന്നും 2019 കലണ്ടര്‍ വര്‍ഷത്തിലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 നാലാം പാദത്തില്‍ 25 ശതമാനം വളര്‍ച്ച കൈവരിച്ചതായും സുധാംശു അഗ്രവാള്‍ അറിയിച്ചു. ഈ അസാധാരണ പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ദസറ, ദീപാവലി ഉള്‍പ്പെടെയുള്ള ഉല്‍സവ സീസണ്‍ ഏറെ സഹായിച്ചു.

ഭാവിയില്‍ വെസ്പ, അപ്രീലിയ ബ്രാന്‍ഡുകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് സുധാംശു അഗ്രവാള്‍ പറഞ്ഞു. നിലവില്‍ രണ്ട് ബ്രാന്‍ഡുകളിലുമായി നിരവധി മോഡലുകള്‍ വിറ്റുവരുന്നു. അതേസമയം, പുതിയ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.